First Gear
അവെനിസ്125 സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് സുസുക്കി
ടിവിഎസ് നിരയിലെ എന്‍ടോര്‍ഖ് 125 സ്‌പോര്‍ട്ടി സ്‌കൂട്ടറുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സുസുക്കി അവെനിസ് പുറത്തിറങ്ങുന്നത്.
ന്യൂഡല്‍ഹി| 2021ന്റെ അവസാനത്തിലാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ പുതിയ അവെനിസ് 125 സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, റേസ് എഡിഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് മോഡലിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ സുസുക്കി അവെനിസിന്റെ വില പരിശോധിച്ചാല്‍ ഇതില്‍ പ്രാരംഭ പതിപ്പിന് 86,700 രൂപയും ഉയര്‍ന്ന പതിപ്പിന് 87,000 രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പുതിയ സ്‌കൂട്ടറിന്റെ വില പ്രഖ്യാപിക്കുകയും ഡീലര്‍ഷിപ്പുകള്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്‌തെങ്കിലും ഇരുചക്രവാഹനം ഇതുവരെ ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടില്ല.
എന്നാല്‍ ഈ കാത്തിരിപ്പുകള്‍ക്ക് വിരാമമിടാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ജനുവരി പകുതിയോടെ സ്‌കൂട്ടര്‍ ഡിലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഡെലിവറികളും കമ്പനി ആരംഭിക്കും. ടിവിഎസ് നിരയിലെ എന്‍ടോര്‍ഖ് 125 സ്‌പോര്‍ട്ടി സ്‌കൂട്ടറുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സുസുക്കി അവെനിസ് പുറത്തിറങ്ങുന്നത്. എഫ്‌ഐ സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് മോഡലിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 6,750 ആര്‍പിഎംല്‍ 8.7 ബിഎച്ച്പി പരമാവധി പവര്‍ നല്‍കുന്നു. ഒപ്പം 5,500 ആര്‍പിഎംല്‍ 10 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും. ഉയര്‍ന്ന കരുത്തും കുറഞ്ഞ കര്‍ബ് മാസ്സും സ്‌കൂട്ടറിന് ത്രില്ലിംഗ് റൈഡ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ആക്‌സസ് 125 എന്നിവയ്ക്ക് ശേഷം സുസുക്കിയുടെ നിരയിലെ മൂന്നാമത്തെ സ്‌കൂട്ടറാണ് അവെനിസ്.
അവെനിസിന് അല്‍പം സ്‌പോര്‍ടി ഡിസൈനുമായിട്ടാണ് വരുന്നത്. മെറ്റാലിക് ലഷ് ഗ്രീന്‍, പേള്‍ ബ്ലേസ് ഓറഞ്ച്, പേള്‍ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് തുടങ്ങിയ ഫങ്കി നിറങ്ങളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇവയ്‌ക്കെല്ലാം ഡ്യുവല്‍ ടോണ്‍ ഫിനിഷാണുള്ളത്. സുസുക്കിയുടെ ബ്ലൂ ലിവറിയില്‍ പൂര്‍ത്തിയാക്കിയ ഒരു റേസ് എഡിഷനുമുണ്ട്. സുസുക്കി ജിക്‌സേഴ്‌സിലും സുസുക്കി വാഗ്ദാനം ചെയ്യുന്ന മറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളിലും ഈ ലിവറി ഇതിനോടകം കണ്ടിട്ടുള്ളതാണ്. വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125, യമഹ റേ സെഡ്ആര്‍ എന്നീ മോഡലുകളാണ് മുഖ്യഎതിരാളികള്‍. അതേസമയം സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ അതിന്റെ 125 സിസി സ്‌കൂട്ടറുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നെ അവതരിപ്പിച്ചിരുന്നു. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ആക്‌സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകളിലാണ് പുതിയ കളര്‍ ഓപ്ഷന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ്, റൈഡ് കണക്റ്റ് പതിപ്പുകളിലാണ് കമ്പനി പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.