Connect with us

Kerala

വഹാബി പരിപാടികളില്‍ പങ്കെടുത്തതിന് സ്വാദിഖലി തങ്ങളെ വിമര്‍ശിച്ചു; പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ അധ്യാപകനെ പുറത്താക്കി

ഇ കെ വിഭാഗം കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ അസ്ഗറലി ഫൈസിയെയാണ് പുറത്താക്കിയത്

Published

|

Last Updated

മലപ്പുറം | ഇ കെ വിഭാഗത്തിന്റെ പ്രമുഖ സ്ഥാപനമായ ലീഗ് അധീനതയിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഇ കെ വിഭാഗം കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ അധ്യാപകനെ പുറത്താക്കി. ലീഗ് അധ്യക്ഷന്‍ കൂടിയായ പാണക്കാട് സ്വാദിഖലി തങ്ങളെ വിമര്‍ശിച്ചെന്നാരോപിച്ച് അസ്ഗറലി ഫൈസിയെയാണ് പുറത്താക്കിയത്. കോളജിലെ പ്രധാന പദവിയിലുള്ള അധ്യാപകനാണ് അസ്ഗറലി ഫൈസി. പാണക്കാട് സ്വാദിഖലി തങ്ങളാണ് നിലവില്‍ ജാമിഅ നൂരിയ്യയുടെ പ്രസിഡന്റ്.

ഇസ്ലാമിലെ നവീനവാദികളായ വഹാബികളുടെയും മൗദൂദികളുടെയും പരിപാടികളില്‍ ഇ കെ വിഭാഗം സുന്നി യുവജന സംഘം പ്രസിഡന്റ് കൂടിയായ സ്വാദിഖലി തങ്ങള്‍ നിരന്തരം പങ്കെടുക്കുന്നത് പണ്ഡിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അസ്ഗറലി ഫൈസി നടത്തിയ പരാമര്‍ശമാണ് പുറത്താക്കലിന് പിന്നിലെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന ജാമിഅ നൂരിയ്യയുടെ ഭരണസമിതി യോഗത്തില്‍ വെച്ചാണ് തീരുമാനമെടുത്തത്.

ആദര്‍ശത്തെയാണ് മുറുകെ പിടിക്കേണ്ടതെന്നും എല്ലായിടത്തും കയറി നിരങ്ങുന്നവര്‍ നാല്‍ക്കാലികള്‍ക്ക് സമാനമാണെന്നും എസ് കെ എസ് എസ് എഫ് ആദര്‍ശ സമ്മേളനത്തില്‍ വെച്ച് അസ്ഗറലി ഫൈസി പ്രസംഗിച്ചിരുന്നു. ഇത് സ്വാദിഖലി തങ്ങളെ ഉന്നംവെച്ചെന്നാണ് ലീഗ് അനുകൂലികളുടെ ആരോപണം. ലീഗ്- ഇ കെ തർക്കത്തിൻ്റെ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങളെന്നാണ് കരുതുന്നത്.

വഹാബി സ്ഥാപകന്‍ ഇബ്‌നു വഹാബിൻ്റെ ആദര്‍ശ പുസ്തകം കാവ്യ രൂപത്തിലാക്കിയ ജാമിഅ നൂരിയ്യയില്‍ ക്ലാസ്സെടുക്കുന്ന വ്യക്തിക്കെതിരെ നേരത്തേ ഇ കെ വിഭാഗം കേന്ദ്ര മുശാവറ നടപടിയെടുത്തിരുന്നു.


---- facebook comment plugin here -----