Kerala
കുഞ്ഞാപ്പ തന്നെ ക്യാപ്റ്റനെന്ന സ്വാദിഖലി തങ്ങളുടെ പ്രഖ്യാപനം; മുസ്ലിം ലീഗില്‍ ചര്‍ച്ച
ആര് മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്സിനകത്ത് ചര്‍ച്ച നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയാകാനും ലീഗിനെ നയിക്കാനും കുഞ്ഞാലിക്കുട്ടി തന്നെയുണ്ടെന്ന പ്രസ്താവന സ്വാദിഖലി തങ്ങള്‍ നടത്തിയത്
മലപ്പുറം | പി കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിനെ നയിക്കുകയെന്ന സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനത്തിന് പിറകെ പാര്‍ട്ടിയില്‍ വ്യാപക ചര്‍ച്ച. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ആ ഒരുക്കങ്ങളിലേക്ക് പാര്‍ട്ടി പ്രവേശിച്ചിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ക്യാപ്റ്റനായി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ഇതാണിപ്പോള്‍ പാര്‍ട്ടിക്കകത്തും സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയായിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ആലോചനകള്‍ നടക്കും മുമ്പേയുള്ള സ്വാദിഖലി തങ്ങളുടെ പ്രഖ്യാപനം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിയില്‍ തന്നെ ഭദ്രമാണെന്ന് തെളിയിക്കുന്നത് കൂടിയാണ്. ആര് മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്സിനകത്ത് ചര്‍ച്ച നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയാകാനും ലീഗിനെ നയിക്കാനും കുഞ്ഞാലിക്കുട്ടി തന്നെയുണ്ടെന്ന പ്രസ്താവന സ്വാദിഖലി തങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ യൂത്ത് ലീഗ് പരിപാടിയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായിരുന്നു സ്വാദിഖലി തങ്ങളുടെ പ്രതികരണം. കോണ്‍ഗ്രസ്സ് സമ്മതിച്ചാല്‍ മുഖ്യമന്ത്രിയാകുന്ന മുസ്്‌ലിം ലീഗ് നേതാവ് ഇവിടെ തന്നെയുണ്ട് എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയെ അടുത്തിരുത്തി സ്വാദിഖലി തങ്ങളുടെ പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി തന്നെയാകും ലിഗീന്റെ ക്യാപ്റ്റന്‍ എന്നും തങ്ങള്‍ പറഞ്ഞു. ഇതേ വിഷയത്തില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ സ്വാദിഖലി തങ്ങള്‍ വാക്കുകള്‍ ആവര്‍ത്തിച്ചു.
ഇത് പ്രഖ്യാപിത നിലപാടാണ് എന്നാണ് തങ്ങള്‍ വിശദീകരിച്ചത്. ലീഗിന്റെ മാത്രമല്ല, യു ഡി എഫിന്റെ ക്യാപ്റ്റനും കുഞ്ഞാലിക്കുട്ടി ആകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും പ്രതികരിച്ചു. തങ്ങളില്‍ നിന്ന് ലഭിച്ചത് ഏറ്റവും വലിയ ബഹുമതി എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ലീഗ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്ന പി കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് പാര്‍ട്ടിയുടെ വാര്‍ഡ് തലം തൊട്ട് ദേശീയ കാര്യങ്ങളില്‍ വരെ നയനിലപാടുകള്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയ ചാണക്യന്‍. ആ കരുത്തിന് ലെവലേശം ചോര്‍ച്ച വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന അധ്യക്ഷന്റെ ക്യാപ്റ്റന്‍ പദവി നല്‍കല്‍. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിനെതിരെ ചെറുശബ്ദം ഉയര്‍ത്തുന്ന ഒരു പക്ഷം ലീഗ് നേതാക്കള്‍ക്കിടയിലുണ്ട്. ഇവരെ പ്രഖ്യാപനം ആശങ്കയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കുമെന്ന് സംസാരമുണ്ടായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം ലഭിക്കാതെ വന്നു. എന്നാല്‍ ഒന്നരവര്‍ഷം ദൂരെ നില്‍ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറി മുഖ്യമന്ത്രി പദം തന്നെ പാര്‍ട്ടി കണ്ണിട്ടിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കാലേക്കുട്ടിയുള്ള ലീഗിന്റെ രാഷ്ട്രീയ നീക്കമാണോ ഇതെന്നാണ് ഉയരുന്ന സംശയം.
ലീഗില്‍ നിന്ന് മുഖ്യമന്ത്രിയായത് സി എച്ച് മുഹമ്മദ് കോയ മാത്രമാണ്. 1979 ഒക്ടോബറിലാണ് സി എച്ച് മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. വൈകാതെ അദ്ദേഹത്തിന് പദവി ഒഴിയേണ്ടി വന്നു. 50 ദിവസം തികയുന്ന വേളയില്‍ ആ വര്‍ഷം ഡിസംബര്‍ ഒന്നിന് സി എച്ച് രാജിവെക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി സ്ഥാനം ലീഗിന്റെ കൈയിലെത്തിയിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സി എച്ച് മുഹമ്മദ് കോയക്കും അവുക്കാദര്‍ കുട്ടി നഹക്കും ലഭിച്ചിരുന്നു. പിന്നീട് ഈ ആവശ്യം മുന്നോട്ട് വെക്കുമെങ്കിലും ലഭിക്കാറില്ല. ഭരണത്തിലെത്തുമ്പോള്‍ നാല് മന്ത്രിമാരെ കിട്ടിയിരുന്നിടത്ത് നിന്ന് അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ ഏറെ വിവാദം ഉണ്ടായതാണ്. അങ്ങനെ ലീഗിന് ലഭിക്കുന്ന സ്ഥാനങ്ങള്‍ വിവാദങ്ങളില്‍ എത്തിപ്പെടാറാണ് പതിവ്. ആ അന്തരീക്ഷം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി അധ്യക്ഷന്‍ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.