Kerala
ഇ കെ വിഭാഗത്തെ വീണ്ടും തള്ളി സ്വാദിഖലി തങ്ങള്‍; വാഫി- വഫിയ്യ കോഴ്‌സിനെ പ്രകീര്‍ത്തിച്ച് ചന്ദ്രികയില്‍ ലേഖനം
ഒരേ സമയം ഇ കെ വിഭാഗം യുവജന ഘടകത്തിന്റെയും ഇ കെ സമസ്ത കൈയൊഴിഞ്ഞ സി ഐ സിയുടെയും അധ്യക്ഷ പദവി വഹിക്കുന്നുവെന്ന വൈരുധ്യവും സ്വാദിഖലി തങ്ങള്‍ക്കുണ്ട്
കോഴിക്കോട് | ആദര്‍ശ വ്യതിയാനത്തെ തുടര്‍ന്ന് ഇ കെ വിഭാഗം വിലക്കേര്‍പ്പെടുത്തിയ ഹകീം ഫൈസി ആദൃശ്ശേരിയുടെ നേതൃത്വത്തിലുള്ള സി ഐ സിയുടെ വാഫി, വഫിയ്യ കോഴ്‌സുകളെ മഹത്വവത്കരിച്ച് വീണ്ടും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. ഇന്നത്തെ ചന്ദ്രിക ദിനപത്രത്തിലാണ് വാഫി, വഫിയ്യ; ജീവിത ഗന്ധിയായ വിദ്യാ മുന്നേറ്റം എന്ന തലക്കെട്ടില്‍ സ്വാദിഖലി തങ്ങളുടെ ലേഖനം പ്രസിദ്ധീകരിച്ചത്.
വാഫി, വഫിയ്യ കോഴ്‌സുകളുമായി ബന്ധം വിഛേദിക്കുകയും നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇ കെ വിഭാഗം മുശാവറ പലവട്ടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം തള്ളിയാണ് ഇ കെ വിഭാഗം യുവജന ഘടകത്തിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ സ്വാദിഖലി തങ്ങള്‍ വീണ്ടും രംഗത്തെത്തിയത്.
ആല്‍ഫ ജനറേഷന്‍ കാലത്തെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തി ശ്രദ്ധയും പരിഗണനയും വലിയ അളവില്‍ കിട്ടേണ്ടതുണ്ടെന്നും ഇതിന് പരിഹാരമായി സി ഐ സി മെൻ്ററിംഗ് സിസ്റ്റം വാഫി- വഫിയ്യ കോളജുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്വാദിഖലി തങ്ങള്‍ ചന്ദ്രികയിലെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
എറണാകുളത്ത് നടക്കുന്ന വാഫി, വഫിയ്യ കലോത്സവത്തിന് ക്ഷണിച്ചുകൊണ്ടുള്ള സ്വാദിഖലി തങ്ങളുടെ പുതിയ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇ കെ സമസ്തയിലെ ഒരു വിഭാഗം പണ്ഡിതര്‍ സ്വാദിഖലി തങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴും സമസ്തക്കെതിരായി സ്വാദിഖലി തങ്ങൾ നിലപാട് ആവര്‍ത്തിക്കുന്നത് ഐക്യ ശ്രമങ്ങൾക്ക് തുരങ്കമായേക്കുമെന്നാണ് വിലയിരുത്തൽ.
ഒരേ സമയം ഇ കെ സമസ്ത യുവജന വിഭാഗത്തിന്റെയും ഇ കെ സമസ്ത കൈയൊഴിഞ്ഞ സി ഐ സിയുടെയും അധ്യക്ഷ പദവി വഹിക്കുന്നുവെന്ന വൈരുധ്യവും സ്വാദിഖലി തങ്ങള്‍ക്കുണ്ട്. ഇതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.