km shaji issue
ഷാജിയോട് സ്വാദിഖലി തങ്ങൾ; പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ അവിടെ പറയണം
പ്രസംഗങ്ങൾ നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് തങ്ങൾ ഷാജിയെ ധരിപ്പിച്ചു.
മലപ്പുറം | പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ അവിടെ തന്നെ പറയണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ കെ എം ഷാജിയോട് താക്കീത് സ്വരത്തിൽ നിർദേശിച്ചു. മസ്‌കത്തിലെ കെ എം സി സി പരിപാടിയിലേതടക്കം വിവാദ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഷാജിയെ പാണക്കാട് വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തങ്ങൾ പാർട്ടി നിലപാട് പറഞ്ഞത്. ജനറൽ സെക്രട്ടറി പി എം എ സലാം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ എന്നിവരും ഷാജിയുമായുള്ള കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
പ്രസംഗങ്ങൾ നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് തങ്ങൾ ഷാജിയെ ധരിപ്പിച്ചു. പാർട്ടി വേദികൾക്ക് പുറത്ത് കാര്യങ്ങൾ പറയുമ്പോഴും പ്രസംഗിക്കുമ്പോഴും ശ്രദ്ധിക്കണമെന്നും തങ്ങൾ പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ നിലവിലെ വിവാദങ്ങൾ കാര്യഗൗരവത്തോടെയാണ് തങ്ങൾ ഷാജിയോട് വിവരിച്ചത്.
വിവാദങ്ങൾ ഉണ്ടായ അടുത്ത ദിവസം തന്നെ സ്വാദിഖലി തങ്ങൾ ഷാജിയോട് വിശദീകരണം തേടുമെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അദ്ദേഹത്തെ പാണക്കാട്ടെ വസതിയിലേക്ക് വിളിച്ചുവരുത്തിയത്. എന്ത് കാര്യങ്ങളും പാർട്ടി വേദികളിൽ തുറന്ന് പറയാമെന്നും അത്തരത്തിലുള്ള നിർദേശമാണ് ഷാജിക്ക് നൽകിയതെന്നും സ്വാദിഖലി തങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.