Connect with us

Kerala

സെക്രട്ടേറിയറ്റ് ഇപ്പോഴും തമ്പുരാന്‍ കോട്ടയെന്ന് സ്വാമി സച്ചിദാനന്ദ; വിമര്‍ശം മന്ത്രി വേദിയിലിരിക്കെ

പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോള്‍ എല്‍ ഡി എഫും യു ഡി എഫും ഒരുപോലെ ബ്രാഹ്മണര്‍ മതിയെന്ന് സര്‍ക്കുലര്‍ നല്‍കുന്നു.

Published

|

Last Updated

തിരുവനന്തപുരം | തുല്യമായ സാമൂഹിക നീതി കേരളത്തില്‍ കൈ വന്നിട്ടില്ലെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോള്‍ എല്‍ ഡി എഫും യു ഡി എഫും ഒരുപോലെ ബ്രാഹ്മണര്‍ മതിയെന്ന് സര്‍ക്കുലര്‍ നല്‍കുന്നു. സെക്രട്ടേറിയറ്റ് തമ്പുരാന്‍ കോട്ടയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, വര്‍ക്കല എം എല്‍ എയും തിരുവനന്തപുരം സി പി എം ജില്ലാ സെക്രട്ടറിയുമായ വി ജോയ് തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു വിമര്‍ശം.

ശ്രീനാരായണ ഗുരുദേവന്‍ ഇച്ഛിച്ചതും മോഹിച്ചതും ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കാനല്ല, ക്ഷേത്രത്തിനകത്ത് കയറി പൂജ നടത്താനും ക്ഷേത്രത്തെ ഭരിക്കാനുമുള്ള അധികാരം നേടിയെടുക്കാനുമാണ്. അതിവിടെയുള്ള ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് സ്വാമി സച്ചിദാനന്ദ ചോദിച്ചു. ഗുരു നിത്യയതി സെക്രട്ടേറിയറ്റിനെ കുറിച്ച് പറഞ്ഞത് തമ്പുരാന്‍ കോട്ടയെന്നാണ്. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഇതിന് മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ, ആശംസ പ്രസംഗത്തില്‍ വി ജോയ് എം എല്‍ എ മറുപടി നല്‍കി. സ്വാമി സച്ചിദാനന്ദ പറഞ്ഞത് ശരിയാണെന്ന് വി ജോയ് പറഞ്ഞു. പട്ടികജാതിക്കാരെ അമ്പലങ്ങളില്‍ പൂജാരിമാരായി നിയമിച്ചത് ഓര്‍ക്കണമെന്നും പ്രതിസന്ധിയുണ്ടായിട്ടും പൂജാരിമാരെ നിയമിക്കുകയായിരുന്നുവെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.

 

Latest