Connect with us

National

ലുലുമാൾ 'ശുദ്ധീകരിക്കാ'ൻ അയോധ്യയിൽ നിന്ന് എത്തിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

അയോധ്യയിലെ പ്രശസ്ത പൂജാരി ജഗദ്ഗുരി പരമഹംസനെയാണ് പോലീസ് മാളിന് മുന്നിൽ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ലക്നോ | ഉത്തർപ്രദേശിലെ ലക്നൗവിൽ പുതുതായി ആരംഭിച്ച ലുലുമാളിനെ വിവാദ കേന്ദ്രമാക്കി മാറ്റാനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമങ്ങൾക്ക് സ്വന്തം മണ്ണിൽ തന്നെ ശക്തമായ തിരിച്ചടി. ലുലുമാൾ ‘ശുദ്ധീകരിക്കാ’നെന്ന പേരിൽ അയോധ്യയിൽ നിന്നെത്തിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അയോധ്യയിലെ പ്രശസ്ത പൂജാരി ജഗദ്ഗുരി പരമഹംസനെയാണ് പോലീസ് മാളിന് മുന്നിൽ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. ലുലുമാളിൽ നിസ്കാരം നടന്ന സ്ഥലം ശുദ്ധീകലശം ചെയ്യണമെന്ന് അവകാശപ്പെട്ടാണ് ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം മാളിൽ പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലുലുമാളിൽ നിസ്കാരം നടന്നതിനാൽ ആ സ്ഥലം അശുദ്ധമായെന്നും അതിനാൽ ശുദ്ധികലശം നടത്തണമെന്നുമായിരുന്നു ഇയാളുടെ വാദം. ലുലുമാളിന്റെ പേര് കാവിഭവൻ എന്നാക്കണമെന്ന വിചിത്രമായ ആവശ്യവും ഇയാൾ മുന്നോട്ടുവെച്ചു. ഇത്തരം വിവാദങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്നയാളാണ് പരമഹംസൻ. നേരത്തെ ആഗ്രയിൽ താജ്മഹലിൽ ജലാഭിഷേകം നടത്താൻ എത്തിയ ഇയാളെ അവിടെയും പോലീസ് തടഞ്ഞിരുന്നു.

ലുലുമാളിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗ ഭരണകൂടത്തിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ലക്നൗവിലെ ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് യോഗി നിലപാട് കടുപ്പിച്ചത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മതസ്പര്‍ദ്ധ വളര്‍ത്താനും അരാജകത്വം സൃഷ്ടിയ്ക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് യോഗി നിർദേശം നൽകി.

ലുലുമാളിന് എതിരായ ആസൂത്രിത നീക്കത്തിൽ നിക്ഷേപകർ അസംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് യോഗിക്ക് സ്വന്തം അനുയായികളെ തള്ളിപ്പറയേണ്ടിവന്നതെന്നതാണ് വസ്തുത. 10 ലക്ഷം കോടി രൂപ നിക്ഷേപം ലക്ഷ്യമിട്ട് അടുത്ത ജനുവരിയിൽ ലഖ്നൗവിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ ലുലുമാൾ വിഷയം വിവാദമാക്കുന്നത് ഉചിതമല്ലെന്ന തിരിച്ചറിവാണ് വിഷയത്തിൽ നിലപാട് മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മലയാളി വ്യവസായി എം എ യൂസുഫലിയുടെ നേതൃത്വത്തിൽ ലക്നൗവിൽ തുറന്ന ലുലുമാൾ ഈമാസം പത്തിനാണ് യു പി​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. 11 മുതൽ മാൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇതിനു ശേഷം ഇവിടെ സന്ദർശനത്തിന് എത്തിയ ചിലർ മാളിനുള്ളിൽ നിസ്കാരം നിർവഹിക്കുന്ന വീഡിയോ ഹിന്ദു മഹാസഭ, ആർ എസ് എസ് അടക്കമുള്ള സംഘടനകൾ വർഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് മാൾ അധികൃതർക്ക് എതിരെ പോലീസ് കേസെടുത്തു. ഇതോടെ മാളിൽ മതപരമായ പ്രാർഥനകൾക്ക് വിലക്കേർപ്പെടുത്തി മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചു. ഇതിന് ശേഷം ചില ഹിന്ദുത്വ സംഘടനകൾ ലുലുമാളിന് ഉള്ളിൽ കയറി രാമായണ പാരായണത്തിനും ഹനുമാൻ ചൽസ ആലപിക്കുന്നതിനും ശ്രമം നടത്തിയെങ്കിലും പോലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ലുലുമാളിന് പുറത്ത് ഹിന്ദുത്വ സംഘടനകൾ വിവിധ രീതികളിൽ പ്രതിഷേധം തുടരുകയാണ്.

അതിനിടെ, ലക്നോവിലെ ലുലുമാളിൽ നടന്ന നിസ്കാരം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയത്തിന് ബലം നൽകുന്ന സി സി ടി വി ദൃശ്യങ്ങൾ മാൾ അധികൃതർ പോലീസിന് കെെമാറിയിട്ടുണ്ട്. എട്ട് പേരടങ്ങുന്ന സംഘം തിടുക്കത്തിൽ മാളിൽ പ്രവേശിക്കുന്നതും എത്തിയ ഉടൻ തന്നെ നിസ്കരിക്കാൻ ശ്രമം നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം ബേസ്മെന്റ് ഫ്ളോറിലും പിന്നീട് ഒന്നാം നിലയിലും നിസ്കാരം നിർവഹിക്കാൻ സംഘം ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. തുടർന്ന് താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് സംഘം പോയ സംഘം അവിടെ നിസ്കാരം നിർവഹിക്കുകയായിരുന്നു.

സംഘത്തിലെ ആറ് പേർ നിസ്കരിക്കുന്നതും ബാക്കിയുള്ള രണ്ട് പേർ വീഡിയോ റെക്കോർഡുചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിസ്കാരം എങ്ങനെ നിർവഹിക്കണമെന്ന പ്രാഥമിക വിവരങ്ങൾ പോലും ഇല്ലാത്തവരാണ് മാളിൽ എത്തി നിസ്കാരം നിരവഹിക്കുന്നതെന്ന് സി സി ടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുമെന്ന് പോലിസ് ഉദ്യോഗസ്ഥർ പറയുന്നു. വെറും 18 സെക്കൻഡ് കൊണ്ടാണ് സംഘം നിസ്കാരം പൂർത്തിയാക്കിയത്. ഉടൻ തന്നെ അവർ മാൾ വിടുകയും പിന്നാലെ നിസ്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ പ്രചാരണവുമായി രംഗത്ത് വന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ വ്യപാര ശൃംഖലകളിൽ ഒന്നാണ് എം എ യൂസുഫലി നേതൃത്വം നൽകുന്ന ലുലുമാൾ. ലോകത്തുടനീളം ലുലുമാളിന് 232 സ്റ്റോറുകളുണ്ട്. വിവിധ രാജ്യക്കാരായ 60,000 ത്തോളം ജീവനക്കാർ ലുലുമാൾ ശൃംഖലയിൽ ജോലി ചെയ്യുന്നുണ്ട്.

Latest