Kerala
സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രി; ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ഐസക്
താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക്

കോഴിക്കോട് | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും തോമസ് ഐസക്ക് പ്രതികരിച്ചു
ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് എതിരെയാണ് സ്വപ്‌ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് തോമസ് ഐസക്ക് പറയുകയും ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി സുരേന്ദ്രനെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗികചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു.
പി ശ്രീരാമകൃഷ്ണന്‍ കോളേജ് വിദ്യാര്‍ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും സ്വപ്ന പറഞ്ഞു. ഐ ലവ് യു എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുന്‍ സ്പീക്കര്‍. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താന്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു