Connect with us

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണം വേണം- പി കെ കുഞ്ഞാലിക്കുട്ടി

വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്.

Published

|

Last Updated

പത്തനംതിട്ട | സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. എല്‍ ഡി എഫിന്റെ രീതി മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന ആശയ സംവാദത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.

സോളാര്‍ കേസ് പ്രതി സരിയുടെ വെളിപ്പെടുത്തലിന്റെ പിന്നാലെ അവര്‍ നടന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നു കേരളത്തിലെ പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി കാര്യങ്ങള്‍ തുറന്നുപറയുന്നില്ല. എന്തോ മറയ്ക്കുന്നതു പോലെ. അതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണം. അതിനു സമഗ്രമായ അന്വേഷണമാണ് വേണ്ടത്. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നു സംസ്ഥാനത്ത് യു ഡി എഫ് സമരത്തിലാണ്. എല്ലാ സമരങ്ങളിലും മുസ്ലീം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സജീവമായുണ്ട്.

ലീഗിന്റെ പല ഓഫിസുകള്‍ക്കു നേരെയും ഡി വൈ എഫ് ഐ ആക്രമണം ഉണ്ടായി. വ്യാപകമായ നാശം ഉണ്ടാക്കി. പത്തനംതിട്ടയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്കായി സ്ഥാപിച്ച ബോര്‍ഡുകള്‍ പലയിടത്തും നശിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ ഉയര്‍ന്നുവന്നത് ഇ ഡി കെട്ടിച്ചമച്ച കേസാണ്. അതും മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്നയുടെ വെളിപ്പെടുത്തലും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Latest