cover story
കണ്ണീര്‍ കിനിയുന്ന മധുരപ്പാടങ്ങള്‍
മലയാളക്കരക്കാകെ മധുരം വിളമ്പി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നൂറുകണക്കിന് ഏക്കർ പാടത്ത് നല്ല നിലയിൽ കരിമ്പിൻകൃഷി ചെയ്തു ഉപജീവനം നടത്തിയിരുന്ന കർഷകർ പിൽക്കാലത്ത് ഇതിൽ നിന്നും പിന്തിരിയാൻ കാരണങ്ങൾ പലതാണ്. അതിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ചോരനീരാക്കി മണ്ണിനോട് പടവെട്ടിയ നിരവധി കർഷകരുടെയും തൊഴിലാളികളുടെയും നോവേറിയ ജീവിതത്തിലെ കയ്പ്പേറിയ കഥകളാകും നമുക്ക് കേൾക്കാനാകുക.
മധുരിക്കും ഓർമകളുമായി മണിമല, മീനച്ചിൽ പമ്പ, അച്ചൻകോവിൽ ആറുകളുടെ തീരങ്ങളിൽ കാറ്റിലാടിയിരുന്ന മധ്യതിരുവിതാംകൂറിലെ കരിമ്പിൻ പാടങ്ങൾ… അവക്കിടയിൽ നിന്നും മുറിച്ചെടുത്ത തണ്ടുകൾ രുചിച്ച് നടന്ന ബാല്യങ്ങൾ… ലോഡുകളായി പഞ്ചസാര മില്ലുകളിലേക്ക് നിരനിരയായി പോകുന്ന ചരക്കുലോറികൾ…അടുപ്പുകത്തിക്കാൻ വീട്ടുമുറ്റത്ത് കുന്നുകൂട്ടി കരിമ്പിൻ ചണ്ടികൾ ഉണക്കിയിരുന്ന വീട്ടമ്മമാർ… എൺപതുകളിൽ ഇവിടുത്തെ ഗ്രാമവീഥികളിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്.
ഓണവിപണിയിൽ നിന്നും മധുരവിഭവങ്ങളുടെ അടുക്കള കലവറയിലേക്കു കടന്നുചെന്നിരുന്ന സംശുദ്ധ നാടൻ “പതിയൻ ശർക്കര’ മധ്യതിരുവിതാംകൂറിൽ നിന്നും കാൽനൂറ്റാണ്ടിലേറെയായി അന്യംനിന്നു തുടങ്ങിയപ്പോൾ, നികത്തലും കഴിഞ്ഞു മിച്ചംവന്ന മിക്ക പാടങ്ങളിലും ആറ്റുതീരങ്ങളിലും ആ ശർക്കരമധുരിമ പഴയപടി മടക്കിക്കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഇവിടുത്തെ കർഷകരും തിരുവല്ല കല്ലുങ്കലിലെ കരിമ്പ് ഗവേഷണ കേന്ദ്രവും.
മലയാളക്കരക്കാകെ മധുരം വിളമ്പി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നൂറുകണക്കിനേക്കർ പാടത്ത് നല്ല നിലയിൽ കരിമ്പിൻകൃഷി ചെയ്തു ഉപജീവനം നടത്തിയിരുന്ന കർഷകർ പിൽക്കാലത്ത് ഇതിൽ നിന്നും പിന്തിരിയാൻ കാരണങ്ങൾ പലതാണ്. അതിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ചോരനീരാക്കി മണ്ണിനോട് പടവെട്ടിയ നിരവധി കർഷകരുടെയും തൊഴിലാളികളുടെയും നഷ്ടങ്ങളുടെയും ജീവിത യാതനയുടെയും കയ്പ്പേറിയ കഥകളാകും അറിയാനാകുക.
പരമ്പരാഗത രീതിയിലുള്ള കരിമ്പിൻകൃഷിയായിരുന്നു അക്കാലത്ത് ഇവിടെ ചെയ്തിരുന്നതെങ്കിലും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവും ഈ മേഖലയിലെ തൊഴിലാളികളുടെ അഭാവവും കൃഷി ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്. മാത്രമല്ല ഇതരസംസ്ഥാനങ്ങളിൽ നിന്നും മായംകലർത്തിയ ശർക്കര വിലക്കുറവിൽ കേരളത്തിൽ വിറ്റഴിക്കാൻ തുടങ്ങിയതും ഇവിടുത്തെ കർഷകരെ ബാധിച്ചിട്ടുണ്ട്. മധ്യകേരളത്തിൽ ഉത്പാദിപ്പിച്ചിരുന്ന കരിമ്പ് അക്കാലത്ത് പ്രധാനമായും സംസ്‌കരിച്ചു പഞ്ചസാരയും ശർക്കരയും മറ്റുമാക്കിയിരുന്നത് തിരുവല്ലാ പുളിക്കീഴിൽ 1937ൽ സ്ഥാപിതമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലും 1964ൽ സ്ഥാപിതമായ പന്തളം ഷുഗർ മില്ലിലുമായിരുന്നു. എന്നാൽ പുളിക്കീഴ് ഫാക്ടറി 1998ൽ പൂട്ടിയതോടെ ഈ പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന കരിമ്പ് സംസ്്കരിക്കാൻ ഇടമില്ലാതെയായി. പിന്നീട് പന്തളം ഷുഗർ ഫാക്ടറിയും പൂട്ടി.
വലിയ നഷ്ടം കാരണമാണ് ഫാക്ടറികൾ പൂട്ടിയത്. അതോടെ കരിമ്പു കർഷകർ വിളയിച്ച ഉത്പന്നം എന്തു ചെയ്യണമെന്നറിയാതെ ഏറെ പ്രതിസന്ധിയിലാകുകയും കൃഷിയിൽ നിന്നും പിൻവാങ്ങുകയുമായിരുന്നു. എങ്കിലും ഗ്രാമീണ മേഖലകളിലെ ചില സ്വകാര്യവ്യക്തികൾ കൃഷി പൂർണമായും ഉപേക്ഷിക്കാതെ വിളയിക്കുന്ന കരിമ്പ് സംസ്‌കരിച്ചു “പതിയൻ ശർക്കര’ ഉണ്ടാക്കാൻ തുടക്കമിട്ടു. അതിനായി ചെറിയ സംസ്‌കരണ യൂനിറ്റുകളും ഉണ്ടാക്കി. യന്ത്രത്തിന്റെ സഹായമില്ലാതെ തന്നെ കാളകളെ ഉപയോഗിച്ചും ചക്ക് കറക്കിയുമായിരുന്നു തുടക്ക കാലത്ത് കരിമ്പിന്റെ നീര് എടുത്തിരുന്നത്.
പിൽക്കാലത്ത് യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന യൂനിറ്റുകൾ ഉണ്ടായെങ്കിലും ഇപ്പോൾ നാമമാത്രമായ പ്രദേശങ്ങളിലാണുള്ളത്. കോട്ടയം ജില്ലയിലെ കിടങ്ങൂർ, പത്തനംതിട്ട ജില്ലയിൽ അടൂർ, വാഴമുട്ടം, മരിയാപുരം, പാണ്ടനാട്, തിരുവൻവണ്ടൂർ പ്രദേശങ്ങളിലും ആലപ്പുഴ ജില്ലയിലെ എടത്വ, മുട്ടാർ, നെടുമ്പ്രം തുടങ്ങിയ സ്ഥലങ്ങളിലും ഒരുകാലത്ത് പതിയൻ ശർക്കര നിർമിക്കുന്ന യൂനിറ്റുകൾ ഉണ്ടായിരുന്നെങ്കിലും അതിൽ പലതും പിന്നീട് പൂട്ടി. എന്നാൽ അങ്ങിങ്ങ് ചില യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികൾ പാട്ടത്തിനെടുത്ത പാടത്ത് കരിമ്പ് കൃഷിചെയ്തു അവിടെ വിളയിക്കുന്നവ സംസ്‌കരിച്ചു പതിയൻ ശർക്കര ഉണ്ടാക്കുന്നവരും ഇപ്പോഴുമുണ്ട്.
ശർക്കരവരട്ടിയും ശർക്കര പായസവും മുതൽ നാവിൽ തേനൂറുന്ന നിരവധി വിഭവങ്ങൾ അടുക്കളയിൽ സംഗമിക്കുന്ന ഓണനാളുകൾ മുന്നിൽക്കണ്ട് ഇതരസംസ്ഥാനത്തു നിന്നും എത്തുന്ന മായം കലർത്തിയ ശർക്കരക്കു പകരം സംശുദ്ധമായവ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ത്രിതല പഞ്ചായത്തുകൾ ഇടക്കാലത്ത് കർഷകർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. എങ്കിലും ഈ കൃഷി അന്യംനിന്നു പോകാതെ വരുംതലമുറക്കെങ്കിലും പ്രയോജനപ്പെടണം എന്ന അടങ്ങാത്ത ആഗ്രഹത്താൽ കരിമ്പുകൃഷിയിലേക്കു തിരിയാൻ ഇപ്പോൾ നിരവധി കർഷകർ മുന്നോട്ടു വന്നിട്ടുണ്ട്. അതിനായി മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക കൂട്ടായ്മകളും പ്രവർത്തിക്കുന്നുണ്ട്.
പത്തനംതിട്ട കുറ്റൂർ, കോട്ടയം അറുമാനൂർ, കിടങ്ങൂർ, ആലപ്പുഴ പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം കർഷക കൂട്ടായ്മകൾ ഉണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലാ കല്ലുങ്കലിലെ കരിമ്പു ഗവേഷണ കേന്ദ്രം ഇതിനായി വേണ്ട ഉപദേശ നിർദേശങ്ങളും നൽകി വരുന്നു. ഇവിടുത്തെ ഗവേഷകരുടെ വർഷങ്ങളായുള്ള ഗവേഷണഫലമായി തിരുമധുരം, മധുമതി, മധുരിമ തുടങ്ങിയ വിവിധയിനം കരിമ്പുകൾ വികസിപ്പിച്ചെങ്കിലും പത്ത് വർഷത്തെ ഗവേഷണഫലമായി വികസിപ്പിച്ച അതിമധുരമുള്ള “മാധുരി’ ഇനം കരിമ്പ് കർഷകർ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു.
കേരളത്തിലെമ്പാടും ഇതരസംസ്ഥാനത്തും വ്യാപകമായി ഈ ഇനം കൃഷി ചെയ്തുവരുന്നു. അത്യുത്പാദനശേഷിയും രോഗകീട പ്രതിരോധ കഴിവും ഏതുകാലാവസ്ഥയിലും അതിജീവിക്കാൻ കഴിയുന്നതുമായ ഇനം കരിമ്പാണ് മാധുരി എന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ. ആർ ഗ്ലാഡിസ് പറയുന്നു. കരിമ്പു കൃഷിയിലേക്ക് കർഷകരെ മടക്കിക്കൊണ്ടുവന്നു പൊയ്‌പ്പോയ മധുരകാലം തിരികെപ്പിടിക്കാൻ മേധാവിക്കൊപ്പം നിരന്തര പരിശ്രമത്തിലാണ് പ്ലാന്റ് ബ്രീഡർ ഡോ. പി എം അജിത്, അസി. പ്രൊഫസർമാരായ ജി ജയകുമാർ, വിജയലക്ഷ്മി, ജിൻസ നസീം, ഡോ. സി ആർ റിനി എന്നിവർ.
പോരിശയേറും പതിയൻ ശർക്കര
കരിമ്പിൻ ജ്യൂസിൽ തുടങ്ങി നാടൻ ശർക്കര, പാട്ടശർക്കര, ഉണ്ടശർക്കര, ശർക്കരപാനി തുടങ്ങി വിവിധ രൂപത്തിലും നിറത്തിലും ഇന്ന് ശർക്കര കമ്പോളങ്ങളിൽ സുലഭമാണെങ്കിലും ഇവയിൽ ഏറെയും ഇതരസംസ്ഥനങ്ങളിൽ നിന്നും എത്തുന്നവയാണ്. അതേസമയം മറയൂർ ശർക്കര കേരളത്തിൽ മാത്രമല്ല ഇതരസംസ്ഥാനങ്ങളിലും ഏറെ പേരുകേട്ടതാണ്. എന്നാൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഒട്ടേറെ കരിമ്പിൻ വിഭവങ്ങളിൽ മുഖ്യസ്ഥാനം ഇന്നും നാടൻ പതിയൻ ശർക്കരക്കാണ്. പ്രത്യേകിച്ച് ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ആദ്യ ശർക്കര ഉത്പന്നം കൂടിയായ മധ്യതിരുവിതാംകൂർ പതിയൻ ശർക്കര. പഴമക്കാരുടെ മനസ്സിൽ ഓടിയെത്തുന്ന മധുരമൂറുന്ന ഓണവിഭവങ്ങളിൽ പതിയൻ ശർക്കരക്ക് പ്രത്യേക സ്ഥനവുമുണ്ട്.
കൗതുകം നിറഞ്ഞ നിർമാണരഹസ്യം
കഴുകി വൃത്തിയാക്കിയ കരിമ്പിൻതണ്ടുകളിൽനിന്ന് യന്ത്രസഹായത്തോടെ എടുക്കുന്ന നീര് അരിച്ചെടുത്ത് മാലിന്യങ്ങൾ വേർതിരിക്കാൻ പ്രത്യേക പാത്രത്തിൽ സൂക്ഷിക്കും. മാലിന്യങ്ങൾ നീക്കം ചെയ്തശേഷം മുകളിൽ വരുന്ന തെളിഞ്ഞ കരിമ്പിൻ നീര് സമീപത്തെ അടുപ്പിൽ വെച്ചിരിക്കുന്ന ചെമ്പിലേക്കു മാറ്റി വറ്റിച്ചെടുക്കുകയാണ് ചെയ്യുക. കരിമ്പിന്റെ പത്ത് ശതമാനം മാത്രമാകും ശർക്കരയായി ലഭിക്കുക. ചുണ്ണാന്പ് വെള്ളത്തിന്റെ തെളിനീര് നിശ്ചിത അളവിൽ ചേർത്താകും ഇതു വറ്റിക്കുന്നത്.
കരിന്പുനീരിന്റെ അമ്ലത ക്രമീകരിച്ചു തരികൾ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്. ഇവ വറ്റിച്ചെടുക്കുന്ന ചെമ്പിനു ഇന്ധനമായി പരമ്പരാഗത രീതിയിലുള്ള വിറകും ഉണങ്ങിയ കരിമ്പിൻ ചണ്ടിയുമായിരിക്കും ഉപയോഗിക്കുക. എന്നാൽ പാത്രത്തിന് അടിയിൽ വരാത്തതും അരിച്ചുമാറ്റാൻ പറ്റാത്തതുമായ ഖരരൂപത്തിലുള്ള മാലിന്യങ്ങൾ നീക്കംചെയ്യാൻ വെണ്ട ഇനത്തിൽപ്പെട്ട ചെടിയുടെ നീര് നിശ്ചിത അളവിൽ ചേർത്തുകൊടുക്കുന്നതും പതിവാണ്. കരിമ്പിൻനീര് തിളയ്ക്കുമ്പോൾ പതഞ്ഞു പൊങ്ങുന്ന ഈ മാലിന്യങ്ങൾ കോരി മാറ്റാൻ ഇതു ഉപകാരപ്പെടും.
120 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടിൽ തിളയ്ക്കുന്ന കരിമ്പിൻ നീര് വറ്റുന്നതുവരെ ഇളക്കിക്കൊടുത്തുകൊണ്ടിരിക്കണം. ഇതു ശ്രമകരമായ ജോലിയാണ്. വറ്റുന്ന കരിമ്പിൻ നീര് നിശ്ചിത ഊഷ്മാവിൽ എത്തിയശേഷം പരന്ന പ്രത്യേകതരം പാത്രത്തിൽ ഒഴിച്ചു തണുപ്പിക്കുകയാണ് അടുത്ത പ്രക്രിയ. ഈ സമയവും ഇവ നന്നായി ഇളക്കിക്കൊടുത്തുകൊണ്ടിരിക്കും. തണുത്തുകഴിഞ്ഞാൽ ഇവ വിൽപ്പനക്കായി വെച്ചിരിക്കുന്ന വിവിധ രൂപത്തിലേക്കുള്ള പാത്രങ്ങളിലേക്ക് മാറ്റും. മുൻകാലങ്ങളിൽ ശർക്കര സൂക്ഷിക്കാൻ പ്രത്യേക ഭരണിതന്നെ ഉണ്ടായിരുന്നു. ഇതിൽ ദീർഘകാലം സൂക്ഷിക്കാനാകും. പഞ്ചസാര തരികൾക്ക് സമാനമായി തരികളോടെ ലഭിക്കുന്ന ഇതിനു തവിട്ട് കലർന്ന സ്വർണനിറവും അധികം കട്ടിയാകാത്തതും എന്നാൽ ദ്രവരൂപത്തിലുമുള്ളതുമായിരിക്കും. ഇതാണ് പതിയൻ ശർക്കര.
ഗുണമേന്മയുള്ള പതിയൻ ശർക്കരയിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. എന്നാൽ സംശുദ്ധമായതും പൂർണമായും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്നതുമായ ശർക്കരയാണ് തിരുവല്ലാ ഗവേഷണകേന്ദ്രത്തിലുള്ളത്. അതേസമയം ദ്രവരൂപത്തിലുള്ള ശർക്കരയിൽ വെള്ളത്തിന്റെ അംശം ക്രമീകരിച്ചാണ് പല രൂപത്തിൽ ഉണ്ടാക്കിയെടുക്കുന്നത്. 90 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന കരിമ്പു കൃഷി നവംബറിൽ ആരംഭിച്ചു അടുത്ത നവംബറിലാകും വിളവെടുക്കുക.
വേണം അധികൃതരുടെ നോട്ടം
നൂറുകണക്കിനേക്കർ സ്ഥലത്ത് കരിന്പ് കൃഷി ചെയ്തിരുന്ന കർഷകർ ഇതിൽ നിന്നു പിൻവാങ്ങിയെങ്കിലും അവർക്കുവേണ്ട പ്രോത്സാഹനം നൽകിയാൽ അവരിൽ പലരും മടങ്ങിവരാൻ തയ്യാറാകുമെന്നു ഗവേഷണകേന്ദ്രം മുൻ മേധാവി ഡോ. തോമസ് മാത്യു അഭിപ്രായപ്പെടുന്നു.
സർക്കാർ തലത്തിൽ ഇതിനായി കാര്യമായ പ്രോത്സാഹനം നൽകണം. ഇടക്കാലത്ത് പതുങ്ങിനിന്ന മധ്യതിരുവിതാംകൂരിലെ സംശുദ്ധ പതിയൻ ശർക്കര മാധുരി കരിമ്പിന്റെ മാസ്മരമാധുര്യവുമായി ഓണാഘോഷസദ്യയിൽ സ്ഥാനം പിടിക്കാൻ വീണ്ടും ഒരുങ്ങുകയാണ്. അതിനു മധുരം കൂട്ടാൻ തിരുവല്ല കല്ലുങ്കലിലെ കരിമ്പു ഗവേഷണ കേന്ദ്രവും ഒരുപറ്റം ഗവേഷകരും മുന്നിലുണ്ട്. ഒപ്പം കർഷക കൂട്ടായ്മകളും.