Connect with us

Ongoing News

മധുര പ്രതികാരം; ബെംഗളൂരുവിനെ വീഴ്ത്തി മഞ്ഞപ്പട

ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ആഞ്ഞടിച്ച് മഞ്ഞത്തിരമാലകള്‍. ഐ എസ് എല്‍ പത്താം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തി. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനോട് പ്ലേ ഓഫ് മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി കേരളത്തിന്റെ വിജയം.

മത്സരത്തിന്റെ 52ാം മിനുട്ടില്‍ കെസിയ വീന്‍ഡ്രോപിന്റെ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. പെനാള്‍ട്ടി ബോക്‌സിനകത്തു വച്ച് അഡ്രിയാന്‍ ലൂണ തൊടുത്ത ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ബെംഗളൂരു പ്രതിരോധ നിര വൈമുഖ്യം കാണിച്ചു. വൈകിയ വേളയില്‍ വീന്‍ഡ്രോപ് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ ദേഹത്ത് തട്ടി നേരെ ഗോള്‍വലക്കകത്തു കയറുകയായിരുന്നു (1-0).

ബെംഗളൂരു പ്രതിരോധത്തിന്റെ പിഴവില്‍ നിന്നു തന്നെയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോളും. ഇത്തവണ ഗോളി ഗുര്‍പ്രീതാണ് ഗുരുതരമായ വീഴ്ച വരുത്തിയത്. ഡാംജനോവിക് നല്‍കി മൈനസ് പാസ് നിയന്ത്രിക്കാനുള്ള ഗുര്‍പ്രീതിന്റെ ശ്രമം ഫലവത്തായില്ല. ഗുര്‍പ്രീതിന്റെ കാലില്‍ നിന്ന് അകന്നുപോയ പന്ത് തക്കം പാര്‍ത്തു നില്‍ക്കുകയായിരുന്ന ലൂണ ഓടിയെത്തി വലയിലേക്ക് കണക്ട് ചെയ്യുകയായിരുന്നു (2-0).

ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ ബെംഗളൂരുവിന് 90ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഇടതു വിംഗില്‍ നിന്ന് മുനിറുല്‍ നല്‍കിയ ക്രോസ് എത്തിയത് കര്‍ട്ടിസ് മെയിനിന്റെ കാലില്‍. പോസ്റ്റിന്റെ തൊട്ടു മുമ്പില്‍ വച്ച് ലഭിച്ച പന്ത് താരം വിദഗ്ധമായി പായിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് നിസ്സഹായനായി (1-2).