Kerala
പന്നിപ്പനി: സംസ്ഥാനത്ത് പന്നി മാംസം കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധം
മാനന്തവാടി , തവിഞ്ഞാല്‍ പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം | വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ മാനന്തവാടി, തവിഞ്ഞാല്‍ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നി, പന്നി മാംസം, മാംസോല്‍പന്നങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാന തലത്തില്‍ അഡീഷനല്‍ ഡയറക്ടറെ സ്റ്റേറ്റ് നോഡല്‍ ഓഫിസറായി നിയമിച്ചു.
ഇന്നലെ ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലാണ് സാമ്പിള്‍ പരിശോധിച്ച് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാനും രോഗബാധ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചു. ജില്ലയിലെ മാനന്തവാടി , തവിഞ്ഞാല്‍ പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍േട്രാള്‍ റൂം തുറന്നു. ജില്ലകളില്‍ റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കും.രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന് ഒരു കി.മീറ്റര്‍ ചുറ്റളവിലുള്ള പന്നികള്‍, തീറ്റ എന്നിവ ദ്രുതകര്‍മസേനയുടെ സഹായത്തോടെ നശിപ്പിക്കും.