Connect with us

International

അധികാരം ട്രംപിനരികെ; സ്വിങ് സ്‌റ്റേറ്റുകള്‍ തൂത്തുവാരി

ഫ്‌ലോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു.

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലസൂചന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് അനുകൂലം. 247 ഇലക്ട്രല്‍ കോളജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്.യുഎസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് സ്വന്തമാക്കേണ്ടത്. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് 210 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

യു എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍മാര്‍ നേടിയത്. നാലു വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍മാര്‍ യുഎസ് സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളായ
പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങള്‍ ട്രംപിന് അനുകൂലമായാണ് വിധി എഴുതിയത്. 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്ക്ക് ഒപ്പമുള്ളൂ എന്നുമാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കന്‍ ചരിത്രത്തില്‍ ഒരിക്കല്‍ തോല്‍വി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. വിജയം ഉറപ്പായതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. ഫ്‌ലോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു.ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.