National
പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവർ മാർച്ച് 15ന് മുമ്പ് മറ്റു ബാങ്കുകളിലേക്ക് മാറണമെന്ന് കേന്ദ്രം
ദേശീയ പാതകളിൽ യാത്ര ചെയ്യുമ്പോൾ പിഴയോ ഇരട്ടി ഫീസ് ചാർജ്ജുകളോ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ന്യൂഡൽഹി | റിസർവ് ബാങ്ക് നടപടി നേരിടുന്ന പേടിഎം കമ്പനിയുടെ ഫാസ്ടാഡ് ഉപയോഗിക്കുന്നവർ മാർച്ച് 15ന് മുമ്പ് മറ്റു ബാങ്കുകളുടെ ഫാസ്ടാഗിലേക്ക് മാറണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എ ഐ) നിർദ്ദേശിച്ചു. ദേശീയ പാതകളിൽ യാത്ര ചെയ്യുമ്പോൾ പിഴയോ ഇരട്ടി ഫീസ് ചാർജ്ജുകളോ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റിസർവ് ബാങ്കിന്റെ നിയന്ത്രണം ഉള്ളതിനാൽ പേടിഎം ഉപയോക്താക്കൾക്ക് മാർച്ച് 15 ന് ശേഷം ഫാസ്ടാഗ് റീചാർജ് ചെയ്യാനോ ടോപ്പ് അപ്പ് ചെയ്യാനോ സാധിക്കില്ല. എന്നാൽ നിശ്ചിത തീയതിക്ക് ശേഷവും ടോൾ അടയ്ക്കാൻ അവർക്ക് നിലവിലുള്ള ബാലൻസ് ഉപയോഗിക്കാൻ സാധിക്കും.
പേടിഎം ഫാസ്ടാഗുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്കും സഹായങ്ങൾക്കും, ഉപയോക്താക്കൾക്ക് അതത് ബാങ്കുകളെ ബന്ധപ്പെടാമെന്ന് ഹൈവേ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (IHMCL) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫ്രിക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ് വഴിയും വിവരങ്ങൾ അറിയാനാകും.
പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ യു പി ഐ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ‘@ paytm’ ഹാൻഡിലുകൾ തടസ്സമില്ലാത്ത രീതിയിൽ മറ്റൊന്നിലേക്ക് മാറ്റാൻ ഇതര സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് കഴിഞ്ഞ മാസം റിസർവ് ബാങ്ക് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.