Prathivaram
സ്വിച്ച്ഡ് ഓൺ
ഒന്ന് സംസാരിക്കാമെന്ന് വെച്ചാണ് മമ്മയുടെ റൂമിലേക്ക് ചെന്നത്. മമ്മ സാരിഞ്ഞുറികൾ ഒതുക്കിയിടുകയാണ് മമ്മയ്ക്ക് നാളേം പോണോ? പോണം മോളെ, യു എസിൽ നിന്നും ചില ക്ലയന്റ്സ് ഇന്ന് നൈറ്റാണ് എത്തിച്ചേരുന്നത്.
തുറന്നിട്ട ഒറ്റ വരി ജനാലയിൽക്കൂടി കാലം തെറ്റി പെയ്ത ചാറ്റൽ മഴ ഫോർട്ട് കൊച്ചിയെ നനയ്ക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുമ്പോഴാണ് അപ്പുറത്തെ റൂമിൽ നിന്നും മമ്മ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേൾക്കുന്നത്. ബാബു, അതൊന്നും പറ്റില്ല. കുട്ടികൾ ഇല്ലാത്ത ആരെങ്കിലും മതി. കൊച്ചുങ്ങളെയും കൊണ്ട് വന്നാൽ പണിയൊന്നും നടക്കത്തില്ല. മാത്രമല്ല, വരുന്നത് ക്രിസ്ത്യാനി തന്നെ ആയിരിക്കുകയും വേണം. പെസഹായ്ക്കുള്ളത് മാത്രല്ല ഈസ്റ്ററിന്റെത് അടക്കം എല്ലാം ഒണ്ടാക്കുവേം വേണം. ഇവിടെ പുറത്ത് ന്ന് ഗസ്റ്റ് ഉണ്ടാവും.
അല്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം മമ്മയുടെ സ്വരം വീണ്ടും കേട്ടു. നീ ചോദിക്കുമ്പം പൈസ തരുന്നത് ഞങ്ങള് ആവശ്യപ്പെടുമ്പോ നല്ല പണിക്കാരത്തികളെ കിട്ടാനാ. പറഞ്ഞതിനെകൊണ്ടു വന്നില്ലേൽ അസ്സോസിയേഷനിൽ പറഞ്ഞ് നിന്റെ ജോലി ഞാൻ തെറുപ്പിക്കും.
കുറച്ചു കഴിഞ്ഞപ്പോ ഫോൺ സംഭാഷണം അവസാനിച്ചതായി തോന്നി. മമ്മയുടെ ഭീഷണിയ്ക്കു മുന്നിൽ ബാബു എന്ന ഇടനിലക്കാരൻ ഭയന്നിട്ടുണ്ടാവും.
ഒന്ന് സംസാരിക്കാമെന്ന് വെച്ചാണ് മമ്മയുടെ റൂമിലേക്ക് ചെന്നത്. മമ്മ സാരിഞ്ഞുറികൾ ഒതുക്കിയിടുകയാണ് മമ്മയ്ക്ക് നാളേം പോണോ?
പോണം മോളെ, യു എസിൽ നിന്നും ചില ക്ലയന്റ്സ് ഇന്ന് നൈറ്റാണ് എത്തിച്ചേരുന്നത്. നമ്മളെ പോലാണോ അവർ, പകൽ മുഴുവൻ റെസ്റ്റ് എടുത്ത് അവരുടെ സൗകര്യം നോക്കി നാളെ നൈറ്റിലാണ് മീറ്റിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്.
അപ്പോ മമ്മ അപ്പം മുറിക്കാൻ വരൂല്ലേ?
വരും, എന്നിട്ട് ഉടൻ പോണം. ഞാൻ ബാബുവിനോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ജാതീപ്പെട്ട നല്ല ഭക്ഷണം ഉണ്ടാക്കാനറിയാവുന്ന ഒന്നിനെ കൊണ്ടുവരാൻ, അവൻ ഏറ്റിട്ടുണ്ട്. കൊച്ചൊള്ള ഒരെണ്ണവാന്നാ കേട്ടെ, എന്നാലും കൊഴപ്പമില്ല.
അതെന്തിനാ മമ്മ ക്രിസ്ത്യാനി തന്നെ വേണംന്ന് നിർബന്ധം,
അല്ലേൽ ചെലപ്പോ പോത്തിറച്ചിക്ക് സാമ്പാറിന്റെ ടേസ്റ്റ് വരും. നീ എന്തേലും വേണേൽ അതിനോട് പറഞ്ഞാൽ മതി, ഉണ്ടാക്കി തന്നോളും.
മമ്മ എന്താ ഇപ്പോഴും സാരിയുടുക്കുന്നത്?
എഫ് എഫ് , ഗ്രൂപ്പ് ഓഫ് ഫാഷൻ ടെക്നോളജിയുടെ എം ഡി ഫ്രാൻസീസ് പെരേരക്ക് താൻ സാരി ഉടുക്കുന്നതാണിഷ്ടം എന്ന് പതിനെട്ട് കാരിയായ മകളോട് പറയാൻ അമ്മ തെരേസാപോളിന് തോന്നിയില്ല.
മമ്മ എന്താണ് മറുപടി പറയാതെ ഇറങ്ങിപ്പോയത് എന്നോർത്തിരിക്കെ നീനയുടെ ചെവിയിലേക്ക് കോളിംഗ് ബെല്ലിന്റെ മുഴക്കം ഒഴുകിവന്നു.
ബാബുവാണ്. ഈ ഫ്ലാറ്റടക്കം കായലരികത്തേക്ക് ദർശനം നട്ടിരിക്കുന്ന മൂന്ന് ഫ്ലാറ്റിലേക്കും അന്യസംസ്ഥാനത്ത് നിന്ന് പണിക്കാരെ കൊണ്ടുവരികയും ആവശ്യമുള്ള സ്ഥലത്ത് പല വിധ ആവശ്യങ്ങൾക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന കൊച്ചമ്മമാരുടെ ഹൃദയഭുജി എന്നു തന്നെ ബാബുവിനെ പറയാം. അതിൽ ബ്യൂട്ടീഷൻ തൊട്ട് ഇലക്ട്രിഷ്യൻ വരെ ഉണ്ട്.
മോളെ, ഇത് പ്രിമി. ഒറീസക്കാരിയാണ്. കൊച്ചമ്മ പറഞ്ഞിട്ട് കൊണ്ടുവന്നതാണ്. മാർക്കം കൂടീതാണേലും നല്ല ഒറിജിനിൽ ക്രിസ്ത്യാനിയാ .
ബാബു പറഞ്ഞതൊക്കെ ശരിയാണ് എന്ന് സ്ഥാപിക്കുന്ന രീതിയിൽ പ്രിമിയുടെ കൈയിൽ തൂങ്ങിയ രണ്ട് വയസ്സുകാരി തലയാട്ടി ചിരിച്ചു കൊണ്ടിരിന്നു.
പ്രിമി , വല്ലാത്തൊരു പേര് എന്ന് ഓർത്തപ്പോഴേക്കും അവർ അകം കടന്ന് അടുക്കളയിൽ എത്തിയിരുന്നു.
നീന പുറകെ ചെന്നു. നിനക്കിതൊക്കെ ഉണ്ടാക്കാനറിയ്യോ?
ഉം, നീ ക്രിസ്ത്യാനിയാ?
അവൾ പുഞ്ചിരിച്ചു. അവളുടെ കുട്ടി നിശബ്ദതയോടെ മൂലയ്ക്ക് ഇരിക്കുന്നത് കണ്ടു.
മോടെ പേരെന്താ ? അമ്മു.
അമ്മുവോ? അതൊരു മലയാളിപ്പേരല്ലെ?
അതെ ചേച്ചി, ഞാൻ കേരളത്തില് വന്നിട്ട് ഏഴ് വർഷം. രണ്ട് വർഷം മുമ്പ് ഇവളുടെ അപ്പ മരിച്ചു. തിരിച്ചു പോയാലും നാട്ടിൽ ആരുമില്ല. കുറെ നാൾ റെയിൽവേ സ്റ്റേഷനിൽ കിടന്നു. പിന്നെ പോലീസ് പിടിച്ചു. അവിടുന്ന് ബാബു ഭയ്യയാണ് രക്ഷപ്പെടുത്തിയത്. പിന്നെ ഭയ്യയുടെ കോർട്ടേഴ്സിലായി താമസം.
മമ്മയോടൊപ്പം ഒരിക്കൽ ബാബുവിന്റെ കോർട്ടേഴ്സിൽ പോയത് ഓർമ വന്നു. പരിപ്പ് കറിയുടെ മണം പൊന്തുന്ന അന്തരീക്ഷം. ഇടുങ്ങിയതും വെളിച്ചമില്ലാത്തതും ഒരാൾക്ക് മാത്രം നിന്നു തിരിയാൻ ഇടമുള്ളതുമായ മുറികൾ. വാതിലില്ലാത്ത റൂമുകളിൽ കൂടി പെറ്റിക്കോട്ടും നിക്കറും മാത്രം ധരിച്ച കുട്ടികൾ അകത്തേക്കും പുറത്തേക്കും ഓടിക്കളിക്കുന്നു.
ഫ്ലാറ്റിലെ അടുക്കളയിൽ കൂടി എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് മൃദുതാളങ്ങളോട് കൂടി പ്രിമി നടന്നു.
അവൾ തേങ്ങ ചിരവി. ചൂട് വെള്ളത്തിൽ ഉപ്പ് ചേർക്കാതെ മാവ് കുഴച്ചു.ഫ്രിഡ്ജിൽ നിന്ന് വാഴയില എടുത്ത് വാട്ടി മാവ് പരത്തി അപ്പച്ചെമ്പിൽ വെച്ചു.
ചേച്ചി, ഞാൻ കുരിശോല വെച്ചിട്ടില്ല. അത് വീട്ടിലെ പെണ്ണുങ്ങൾ തന്നെ വെക്കണംന്നാ സമ്പ്രദായം.
പ്രിമിയ്ക്ക് ഇതൊക്കെ എങ്ങനാ അറിയാ?
ഞാൻ കുറെ നാൾ സിസ്റ്റർമാരുടെ മഠത്തിൽ ജോലി ചെയ്തു. അങ്ങനെ പഠിച്ചതാ .
അത്രയും നേരം നിശബ്ദയായി മിണ്ടാതിരുന്ന കുഞ്ഞിനെ താൻ അത്ഭുതത്തോടെ നോക്കി.
ഇവൾ മിണ്ടൂലേ,? ഓഹ്, ജോലിക്ക് ചെന്നാൽ എങ്ങനെയാ ഇരിക്കേണ്ടതെന്ന് അവൾക്കറിയാം,
നീന വെറുതെ തന്റെ ക്ലാസ് റൂം ഓർത്തു.
മോള് വാ. നമുക്ക് ടി വി ല് കാർട്ടൂൺ കാണാം.
അവൾ പ്രിമിയെ നോക്കുന്നത് കണ്ടു.അമ്മയുടെ മൗനാനുവാദത്തിൽ അവൾ നീനയോടൊപ്പം ലിവിംഗ് റൂമിലേക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോൾ പെസഹാ അപ്പത്തിനോടൊപ്പം ഈസ്റ്റർ വിഭവങ്ങളുടെ വറുത്തുലർത്തിയ മണവും കിച്ചനിൽ നിന്ന് പൊന്തിയപ്പോ നീനയ്ക്ക് ഓക്കാനം വന്നു.
അപ്പോൾ നീനയുടെ മൊബൈൽ ബെല്ലടിച്ചു.
പൊന്നി കുര്യനാണ്. എന്നാടുക്കുവാ അവിടെ?
ഓ, ചുമ്മാ… ടീവിടെ മുന്നിൽ, തനിച്ചാ? അതോ ആരേലും…..? പൊന്നീടെ കള്ളച്ചിരി കേൾക്കാം.
അല്ലടീ. മമ്മ ഇന്ന് വരില്ല. ഒരു സെർവെന്റ് ഉണ്ട്. ഇവിടെ പെസഹയും, ദുഃഖവെള്ളിയും ഈസ്റ്ററും ഒരുമിച്ച് ഉണ്ടാക്കി ഫ്രിഡ്ജിലേക്ക് കയറ്റുന്ന തിരക്കിലാ. സംസാരിക്കുന്നതിനിടയിൽ
വീണ്ടും കോളിംഗ് ബെൽ കേട്ടു.
പൊന്നീ, ഞാൻ വിളിക്കാവേ.. ബാബുവാണ്.
എന്താ ബാബുച്ചേട്ടാ?
മോളെ, ആ പെണ്ണിനെ ഇങ്ങ് വിളിച്ചെ?
പ്രിമി, ദേ നിന്റെ ഭയ്യാ വിളിക്കുന്നു.
അരേ പ്രിമി, കൽ ശ്യാം അകേലെ ഖർ മേം കാം കിയാ ജാനാ ഹെ. ഉൻ കോ ഏക് അഛാ ഹിന്ദു ലഡ്കി ചാഹിയേ. ആപ് കോ ബഹുത് ബടാ സാരാ വേതൻ മിലാ ഹെ.
സോറി ഭയ്യാ.
മേം ചോഠി ബചെ കോ അകേലാ നഹി ആയേഗാ.
എന്താ പ്രശ്നം, പ്രിമി, ഒന്നുമില്ല ചേച്ചി.
മറ്റന്നാള് വിഷു അല്ലെ? ഇവിടെ തന്നെ ഉള്ള ഏതോ ഫ്ലാറ്റില് നല്ല ഫുഡ് ഉണ്ടാക്കാനറിയാവുന്ന ഹിന്ദുപെണ്ണിനെ വേണംന്ന്..
അതിന് പ്രിമി ഹിന്ദുവാണോ? അതുവരെയും കാണാത്ത ആത്മവിശ്വാസമുള്ള പുഞ്ചിരി പ്രിമിയുടെ ചുണ്ടിൽ വിരിഞ്ഞു. അവൾക്കുള്ളിലൊരു സംസാരം തുറന്ന് വരുന്നുണ്ടെന്ന് നീനയ്ക്ക് തോന്നി.
ചേച്ചി, സബി മനുഷ്യ ഏക് ഹെ. വിശപ്പിനും ദാരിദ്ര്യത്തിനും ജാതിയില്ലല്ലോ. ഞങ്ങളുടെ നാട്ടിലെ ഡബ്ബാവാല എന്ന ആൾക്കാരെ നിങ്ങൾ കേട്ടിട്ടില്ലെ? പ്രിമി ഒന്ന് നിർത്തി.
ചേച്ചി ദയവ് ചെയ്ത് ഇത് മാഡത്തോട് പറയരുത്.
ചിലരുടെ സങ്കടം ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ലല്ലോ എന്നോർത്തിരുന്നപ്പോൾ പ്രിമി വീണ്ടും തുടർന്നു. മോളെ കോട്ടേഴ്സിൽ തനിച്ചാക്കി വരാനാ ബാബു ഭയ്യാ പറയുന്നത്. ഞാൻ പറ്റില്ല എന്ന് പറഞ്ഞു. നിരാശ തെല്ലുമില്ലാത്ത മുഖത്തോടെ പറഞ്ഞു കൊണ്ട് പ്രിമി അകത്തേക്ക് നടന്നു.
………………………………………………………………..
മമ്മ വരാതിരുന്ന ആ രാത്രിയിൽ പ്രാർഥനക്കായി അന്ത്യ അത്താഴത്തിന്റെ ചിത്രത്തിലേക്കുള്ള ലൈറ്റ് തെളിച്ചപ്പോഴാണ് യേശുക്രിസ്തുവിന്റെ നെഞ്ചിലേക്ക് കൂടുതൽ ചാഞ്ഞിരുന്ന യോഹന്നാനെ ശ്രദ്ധിച്ചത്. എന്തുകൊണ്ടോ നീനയപ്പോൾ അമ്മുവിനെ നെഞ്ചോട് കൂടുതൽ ചേർത്തമർത്തി.
ഫ്ലാറ്റിലെ ജോലി തീർത്ത് പിറ്റേ ദിവസം വൈകുന്നേരം അമ്മുവിനെയും പ്രിമിയെയും കാറിൽ കോട്ടേഴ്സിൽ കൊണ്ടിറക്കിയപ്പോൾ പ്രിമിയുടെ കണ്ണുകൾ നിറഞ്ഞു.
അല്ല പ്രിമി,? ഒന്ന് ചോദിക്കട്ടെ, എങ്ങനെയാ ഉണ്ണ്യേപ്പം ഒപ്പിച്ചത്?
അവൾ ചിരിച്ചുകൊണ്ട് യു ട്യൂബിൽ ഏതോ ഒരു ഫുഡ് ചാനൽ എടുത്ത് കാണിച്ചു. അതിന് ശേഷം വാതിലില്ലാത്ത റൂമിലേക്ക് കയറിപ്പോയി.
തിരികെ കാറിൽ കയറിയപ്പോ ഏറ്റവും കുറഞ്ഞ വസ്തുക്കൾ കൊണ്ട് ജീവിക്കുന്നവരാണ് ഏറ്റവും കൂടുതൽ സ്വസ്ഥതയനുഭവിക്കുന്നവർ എന്നൊരു വാക്യം നീന സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു.
തിരികെ ഫ്ലാറ്റിന് മുന്നിൽ എത്തിയപ്പോഴാണ് ലതാന്റിയെ കണ്ടത്, നീന മോൾ, മറ്റന്നാൾ ഈസ്റ്റർ അല്ലെ. കുറച്ച് സാമ്പാറും , ഉണ്ണ്യേപ്പവുമാണ്. നമ്മുടെ ബാബുവിനോട് പറഞ്ഞ് നല്ല ശുദ്ധോം, വൃത്തിമുള്ള ഹിന്ദു പെൺകുട്ടിയെ കൊണ്ട് തന്നെ വെപ്പിച്ചതാണ്. അതോണ്ട് അമ്മയും, അച്ഛനുമൊക്കെ പരാതി പറയാണ്ട് കഴിച്ചു. ഈസ്റ്ററിന് നിങ്ങൾക്ക് എന്റെ വക ഒരു ഡിഷ് ഇരിക്കട്ടെ.
താങ്ക്സ് ആന്റി എന്ന് പറഞ്ഞ് ചിരിക്കുമ്പോൾ താനും, അമ്മുവും മനുഷ്യരായി ചെലവിട്ട ഏറ്റവും മനോഹരമായ ഒരു രാവും പകലും നീനയുടെ മുന്നിൽ ഒരാവർത്തി കൂടി തെളിഞ്ഞു വന്നു.