Articles
വൈലിത്തറയുടെ വഅ്ളുകള്‍
വഅ്ളുകളില്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും മറ്റുള്ളവരോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവാണ്. ആശയവിനിമയ സംവിധാനങ്ങള്‍ വളരെയധികം വിപുലപ്പെട്ടുവെങ്കിലും വൈലിത്തറയുമായുള്ള ആശയ വിനിമയത്തിന് ഞാനിപ്പോഴും കത്തുകള്‍ എഴുതാറാണ് പതിവ്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം ഞാന്‍ ആദ്യമായി എന്തെങ്കിലും എഴുതിയത് വൈലിത്തറക്കുള്ളൊരു കത്തായിരുന്നു.
1965-68 കാലം. ഞാന്‍ മങ്ങാട്ട് മുദര്‍രിസായി സേവനം ചെയ്യുകയാണ്. അക്കാലത്തെ പ്രധാനപ്പെട്ട ഒരു പ്രഭാഷകനായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി. ആലപ്പുഴക്കാരനായിരുന്നുവെങ്കിലും മലബാറിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഏറെയും. ഓരോ പരിപാടികളിലും ആയിരങ്ങള്‍ ശ്രോതാക്കളായി എത്തും. തെക്ക് ഭാഗത്ത് നിന്നുള്ള ആളായതുകൊണ്ട് തന്നെ മലബാറുകാര്‍ക്ക് അത്ര സുപരിചിതമല്ലാത്ത ഒരു ഭാഷാ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. പ്രഭാഷണ മധ്യേ ധാരാളം മലയാള കവിതകള്‍ ഉദ്ധരിക്കും. അതിന്റെയൊക്കെയൊരു കൗതുകം വൈലിത്തറയുടെ പ്രസംഗങ്ങളുടെ സവിശേഷതയായിരുന്നു.
അദ്ദേഹമൊരിക്കല്‍ പൂനൂരിനടുത്ത തച്ചംപൊയിലില്‍ വന്നു. പി സി അഹമ്മദ് കുട്ടി ഹാജിയുടെ വീട്ടിലാണ് താമസം. കരുവമ്പൊയിലുകാര്‍ക്ക് അദ്ദേഹത്തെ വഅ്ളിന് കിട്ടണമെന്നൊരാഗ്രഹം. അന്നദ്ദേഹം ആയഞ്ചേരിയില്‍ പരിപാടി ഏറ്റിട്ടുണ്ടായിരുന്നു. ആയഞ്ചേരി അധികാരിയായിരുന്ന കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു സംഘാടകന്‍. വൈലിത്തറയുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അന്നൊക്കെ ഒരു മാസം നീണ്ടുനില്‍ക്കുന്ന വഅ്ള് പരമ്പരകള്‍ ഉണ്ടാകും. അത്തരം ചില പരിപാടികളില്‍ ഞങ്ങള്‍ പ്രഭാഷകരായി പങ്കെടുത്തിട്ടുണ്ട്. ആയഞ്ചേരിയിലേക്ക് എ പി പോകുമെങ്കില്‍ ഞാന്‍ കരുവമ്പൊയിലിലേക്ക് വരാമെന്നായി വൈലിത്തറ. അത് സമ്മതമാണോ എന്ന് ചോദിക്കാന്‍ കരുവമ്പൊയിലുകാര്‍ എന്റെയടുത്ത് വന്നു. വൈലിത്തറയുടെ പകരക്കാരനായി പോകാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. തുടക്കക്കാരനായ എന്റെ വഅ്ളിന് കിട്ടിയ ഒരംഗീകാരമായാണ് അതിനെ മനസ്സിലാക്കിയത്. കരുവമ്പൊയിലുകാര്‍ ആയഞ്ചേരിയില്‍ പോയി കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. വൈലിത്തറ നിര്‍ദേശിച്ച ആളാണെങ്കില്‍ കുഴപ്പമില്ല, എ പി പറയട്ടെ എന്നദ്ദേഹവും പറഞ്ഞു. കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജിയെ അന്നെനിക്ക് നേരിട്ട് അറിയില്ല.
ആയഞ്ചേരിയിലെ വഅ്ള് എനിക്ക് പല കാരണങ്ങളെ കൊണ്ടും പിന്നീട് പ്രധാനപ്പെട്ടതായി മാറി. ഞാനും വൈലിത്തറയും തമ്മിലുള്ള ബന്ധം അതോടെ ഊഷ്മളമായി. വഅ്ളുകളില്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും മറ്റുള്ളവരോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവാണ്. ഞങ്ങള്‍ പരസ്പരം കത്തുകളെഴുതും. ആശയവിനിമയ സംവിധാനങ്ങള്‍ വളരെയധികം വിപുലപ്പെട്ടുവെങ്കിലും വൈലിത്തറയുമായുള്ള ആശയ വിനിമയത്തിന് ഞാനിപ്പോഴും കത്തുകള്‍ എഴുതാറാണ് പതിവ്. മര്‍കസില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ കൈയില്‍ ഞാന്‍ ഇടക്കിടെ എന്തെങ്കിലും എഴുതിക്കൊടുത്തയക്കും. ആ ഭാഗത്തേക്ക് പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്യും. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം ഞാന്‍ ആദ്യമായി എന്തെങ്കിലും എഴുതിയത് വൈലിത്തറക്കുള്ളൊരു കത്തായിരുന്നു. കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജിയുമായി തുടങ്ങിയ ബന്ധം അദ്ദേഹത്തിന്റെ മരണം വരെയും തുടര്‍ന്നു. തുടക്കകാലം തൊട്ടേ മര്‍കസിന്റെ വലിയ സഹായിയായിരുന്ന അദ്ദേഹം മര്‍കസ് കമ്മിറ്റി അംഗവുമായിരുന്നു. എത്ര ക്ഷീണമുണ്ടെങ്കിലും സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും എത്തും. മരണപ്പെടുമ്പോള്‍ മര്‍കസിന്റെ ട്രഷറര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. ആ ബന്ധത്തിന്റെ ഒരു കാരണക്കാരന്‍ വൈലിത്തറ ആയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമൊരിക്കല്‍ എനിക്ക് പകരക്കാരനായി വൈലിത്തറ പ്രസംഗിച്ച സന്ദര്‍ഭവുമുണ്ടായി. 1977ല്‍ മണ്ണാര്‍ക്കാടിനടുത്ത ചന്തപ്പടിയില്‍ കുമരംപുത്തൂര്‍ അലി മുസ്ലിയാര്‍ മൂന്ന് ദിവസത്തെ ഖണ്ഡന പ്രസംഗം സംഘടിപ്പിച്ചു. ഇ കെ ഹസന്‍ മുസ്ലിയാരും വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയും ഞാനുമായിരുന്നു പ്രഭാഷകര്‍. അതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചന്തപ്പടിയില്‍ രണ്ടത്താണി സൈദ് മൗലവി നടത്തിയ പ്രസംഗങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് പരിപാടി നടക്കുന്നത്. രണ്ടാമത്തെ ദിവസം ആയിരുന്നു വൈലിത്തറയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്റെ പ്രസംഗം കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ആദ്യത്തെ ദിവസം തന്നെ വന്ന് സ്റ്റേജില്‍ ഇരുന്നു. ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വെള്ളിയഞ്ചേരി ഭാഗത്ത് നിന്ന് കുറെ പ്രവര്‍ത്തകര്‍ സംഘമായി വരുന്നു. കെ ടി മാനു മുസ്ലിയാരുടെ ഒരു വഅ്ള് വെള്ളിയഞ്ചേരിയില്‍ നടന്നിരുന്നു. പ്രസംഗ മധ്യേ അദ്ദേഹം വഹാബികളെ വെല്ലുവിളിച്ചു. വഅ്ള് നടക്കുന്ന വേദിക്കടുത്ത് വഹാബികള്‍ പിറ്റേ ദിവസം മറ്റൊരു സ്റ്റേജ് കെട്ടി. വാദപ്രതിവാദത്തിനൊരുങ്ങി. യാദൃച്ഛികമായ ചില കാരണങ്ങളാല്‍ കെ ടി മാനു മുസ്ലിയാര്‍ക്ക് അന്ന് സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് എന്നെയും അന്വേഷിച്ചു വെള്ളിയഞ്ചേരിക്കാര്‍ മണ്ണാര്‍ക്കാട്ടേക്ക്‌വന്നത്. വിവരം അലി മുസ്ലിയാരെ അറിയിച്ചു. ബാക്കി പ്രസംഗം വൈലിത്തറയെ ഏല്‍പ്പിച്ച് ഞാന്‍ ആ രാത്രി വെള്ളിയഞ്ചേരിയിലേക്ക് പോയി.
അവിടെ എത്തിയപ്പോഴുണ്ട് സി പി ഉമര്‍ സുല്ലമിയുടെ നേതൃത്വത്തില്‍ ഒരു പറ്റം മൗലവിമാര്‍ കിതാബുകളും മൈക്കുമായി സ്റ്റേജില്‍ ഇരിക്കുന്നു. എ പി അബ്ദുല്‍ ഖാദിര്‍ മൗലവി, അലി അബ്ദുര്‍റസാഖ് മൗലവി, ഐദീദ് തങ്ങള്‍ എന്നിവരുമുണ്ട്. ഞാന്‍ സ്റ്റേജില്‍ കയറിയ ഉടനെ ചോദ്യോത്തരം ആരംഭിച്ചു. ഇസ്തിഗാസ, ഖബര്‍ സിയാറത്ത് എന്നിവയായിരുന്നു വിഷയങ്ങള്‍. വാദപ്രതിവാദം പുലര്‍ച്ചെ വരെ തുടര്‍ന്നു. സുബ്ഹി വാങ്ക് വിളിച്ചപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ പോയി നിസ്‌കരിച്ചു. പരിപാടി പിന്നെയും തുടരാനായിരുന്നു തീരുമാനം. ആ രാത്രി മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ വൈലിത്തറയുടെ വഅ്ള് കഴിഞ്ഞു പോയ നാട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.
പിറ്റേ ദിവസം പകലും പരിപാടി തുടരുന്നുണ്ടെന്നറിഞ്ഞ് ധാരാളം ആളുകള്‍ വെള്ളിയഞ്ചേരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. വാര്‍ത്തയറിഞ്ഞ ഇ കെ ഹസന്‍ മുസ്ലിയാരും ഉച്ചയോടെ സ്ഥലത്തെത്തി. നിസ്‌കാരത്തിനുള്ള ഇടവേളകള്‍ ഒഴികെയുള്ള സമയത്തെല്ലാം ചോദ്യോത്തരം തുടര്‍ന്നുകൊണ്ടേയിരുന്നു. ചന്തപ്പടിയിലെ രണ്ടാം ദിവസത്തെ പ്രസംഗം വൈലിത്തറയുടേതായിരുന്നു. വഅ്ള് പറയാന്‍ എഴുന്നേറ്റ വൈലിത്തറ ‘എ പിയും കൂട്ടരും 24 മണിക്കൂറിലധികമായി വഹാബികളുമായി വാദപ്രതിവാദം നടത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നമ്മളെല്ലാം അങ്ങോട്ട് പോകുകയാണ്’ എന്നും പറഞ്ഞ് സദസ്യരെയും കൂട്ടി നിരവധി വാഹനങ്ങളിലായി വെള്ളിയഞ്ചേരിയിലെത്തി. ഇ കെ ഹസന്‍ മുസ്ലിയാരും ഞാനുമായിരുന്നു സുന്നി പക്ഷത്തെ വേദിയില്‍ ഉണ്ടായിരുന്നത്. വൈലിത്തറയും കൂടെ കൂടി. വന്‍ ജനാവലിയായിരുന്നു അന്ന് വെള്ളിയഞ്ചേരിയിലെ പാടത്ത് ഒരുമിച്ചുകൂടിയത്. ഒടുവില്‍ വൈലിത്തറ തന്റെ വിരല്‍ ചൂണ്ടിക്കൊണ്ട് വഹാബി പക്ഷത്തുള്ളവരോട് ചോദിച്ചു: ‘ഇത് ചലിപ്പിക്കാനുള്ള കഴിവ് അല്ലാഹു എനിക്ക് നേരത്തേ തന്നെ തന്നു വെച്ചതാണോ, അതോ അനക്കുന്ന സമയത്ത് തരുന്നതാണോ?’… ചോദ്യം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചിട്ടും വഹാബികള്‍ ഉത്തരത്തിലേക്കെത്തിയില്ല. എന്ത് മറുപടി പറഞ്ഞാലും വഹാബികള്‍ കുരുക്കിലകപ്പെടും എന്ന സ്ഥിതിയായി. ‘അഞ്ച് മിനുട്ട് കൂടി അനുവദിക്കാം. എന്നിട്ടും മറുപടിയില്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെട്ടതായി പ്രഖ്യാപിക്കും’ എന്നായി വൈലിത്തറ. അവസാനത്തെ അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും വഹാബികളുടെ വേദിയില്‍ നിശ്ശബ്ദത. അതോടെ ജനം തക്ബീര്‍ മുഴക്കി. അടിയന്തരാവസ്ഥക്ക് ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായിരുന്നു അത്. വന്‍ പോലീസ് സന്നാഹം ചുറ്റുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാധാരണത്തെ പോലെ ബഹളം വെക്കാന്‍ വഹാബികള്‍ക്ക് കഴിഞ്ഞില്ല. വൈലിത്തറയുടെ ആ ചോദ്യത്തോടെയാണ് 40 മണിക്കൂറോളം നീണ്ട വാദപ്രതിവാദം അവസാനിച്ചത്.
(കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഉടന്‍ പുറത്തിറങ്ങുന്ന ആത്മകഥയില്‍ നിന്ന്)