Connect with us

Articles

സയ്യിദ് അലി ബാഫഖി തങ്ങൾ; ബാഫഖീ പാരമ്പര്യത്തിന്റെ തുടർച്ചയിൽ

പ്രാസ്ഥാനികമായ ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും സാധാരണക്കാരന്റെ ദുഃഖവും സന്തോഷവും പകുത്തെടുത്ത് നാടുനീളെ സഞ്ചരിക്കുന്ന മനുഷ്യസ്നേഹിയായും സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.

Published

|

Last Updated

സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. മുസ്ലിം ലീഗിന്റെ അമരത്തിരുന്ന് അദ്ദേഹം നടത്തിയ സേവനങ്ങള്‍ക്ക് മനുഷ്യസ്നേഹത്തിന്റെ മുഖം മാത്രമാണുണ്ടായിരുന്നത്. തനിക്കും കുടുംബത്തിനും ജീവിക്കാന്‍ അദ്ദേഹത്തിന് വലിയങ്ങാടിയില്‍ അരിക്കച്ചവടവും പാണ്ടികശാലയില്‍ കൊപ്രക്കച്ചവടവും ഉണ്ടായിരുന്നു. അതിന്റെ ലാഭം പോലും മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ പങ്കുവെച്ച അദ്ദേഹം പൊതുസമ്പത്തില്‍ നിന്ന് ഒന്നും കൈപ്പറ്റിയിരുന്നില്ല. അതുകൊണ്ടാണ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെ അറിയുന്നവരുടെ ഹൃദയങ്ങളില്‍ മതമേല്‍വിലാസങ്ങള്‍ക്കപ്പുറം തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വമായി അദ്ദേഹം മാറിയതും.

പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അമരത്ത് ഇന്ന് സയ്യിദ് അലി ബാഫഖി തങ്ങളാണ് നിലകൊള്ളുന്നത്. യമനിലെ തരീമില്‍ നിന്ന് ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധമായ പന്തലായനിയില്‍ കപ്പലിറങ്ങിയ സയ്യിദ് അഹ്മദ് ബാഫഖിയുടെ പരമ്പരയിലാണ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിയും സയ്യിദ് അലി ബാഫഖിയുമെല്ലാം ഉള്‍ക്കൊള്ളുന്നത്. യമനീ പാരമ്പര്യം മുസ് ലിംകളെ സംബന്ധിച്ചടത്തോളം പ്രധാനമാണ്. തിരുനബി (സ്വ) നല്‍കിയ സാക്ഷ്യപത്രം തന്നെയാണ് അതിന്റെ കാരണം. അങ്ങനെ പ്രവാചക പരമ്പരയില്‍ ഏറെ പ്രബലമായ ഒരു ഖബീലയില്‍, യമനീ പാരമ്പര്യത്തിനും തിളക്കവും കൂടി സമന്വയിച്ച കൈവഴിയുടെ തലപ്പത്താണ് സയ്യിദ് അലി ബാഫഖി തങ്ങള്‍.

ബാഫഖികള്‍ കച്ചവടക്കാരായിരുന്നു. കടല്‍ കടന്നുവന്നതിന് പിന്നിലും ഒരു വാണിജ്യ പശ്ചാതലമുണ്ട്. എന്നാല്‍ അവര്‍ കച്ചവടക്കാരായി ഒതുങ്ങാതെ പ്രബോധനത്തിന്റെയും സാമൂഹ്യ സേവനങ്ങളുടെയും വഴിയില്‍ നിറസാന്നിധ്യമായി തന്നെയാണ് നിലകൊണ്ടത്. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളിലും അദ്ദേഹത്തിന്റെ സഹോദരനും അലി ബാഫഖി തങ്ങളുടെ പിതാവുമായ സയ്യിദ് അഹ്മദ് ബാഫഖിയിലുമെല്ലാം കാണുന്നത് ആ നല്ല മാതൃകയുടെ തുടര്‍ച്ചയാണ്. ഇതെല്ലാം പറയുമ്പോഴും പ്രാഥമിക ജ്ഞാനങ്ങള്‍ക്കപ്പുറത്തുള്ള അറിവനുഭവങ്ങള്‍ ബാഫഖീ സാദാത്തുകളില്‍ നമുക്ക് കാണാനാകുന്നില്ല. ആ ചരിത്രവും കൂടി മാറ്റിയെഴുതുകയാണ് ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരെയും കോട്ടുമല അബൂബക്കര്‍ മുസ്ലിയാരെയുമെല്ലാം അമ്പരപ്പിച്ച പ്രിയശിഷ്യന്‍ അലി ബാഫഖി തങ്ങള്‍ ചെയ്തിരിക്കുന്നു. വളരെ പ്രമുഖരായ പണ്ഡിതരുടെ ശിക്ഷണത്തിലൂടെ കടന്നുപോയാണ് രണ്ട് പതിറ്റാണ്ടോളം നീണ്ട പഠനം പൂര്‍ത്തിയാക്കി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം തങ്ങള്‍ സ്വന്തമാക്കുന്നത്.
അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ രാഷ്ട്രീയ സംഘടനയുടെ മേല്‍വിലാസത്തിലാണ് പൊതുപ്രവര്‍ത്തനങ്ങള്‍ നടത്തിയതെങ്കില്‍ അലി ബാഫഖി തങ്ങള്‍ മതപണ്ഡിതന്‍മാര്‍ക്കൊപ്പമാണ് സേവനവഴിയില്‍ സജീവമായത്. കേരള മുസ്ലിം ചരിത്രത്തില്‍ നിര്‍ണായകമായ കാന്തപുരം ഫാക്ടറാണ് ഈ സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ദിശ നിര്‍ണയിച്ചത് എന്ന് എല്ലാവര്‍ക്കുമറിയാം. കേരള മോഡല്‍ എന്ന പേരില്‍ കേരളത്തിന് പുറത്ത് പുനരാവിഷ്‌കരിച്ച് കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളും അതിന്റെ തുടര്‍ച്ചയാണ്. ഈ ചരിത്രമാറ്റത്തിന്റെ ചാലകങ്ങളായ സംഘടനകളുടെയും സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്ത് വിശ്രമമില്ലാത്ത പോരാളിയായി സയ്യിദ് അലി ബാഫഖി തങ്ങളെ നമുക്ക് കാണാം.

അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ വിട പറയുമ്പോള്‍ അദ്ദേഹം ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷററായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ പദവിയിലെത്തിയത് സയ്യിദ് അലി ബാഫഖി തങ്ങളാണ്. ശേഷം സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിതമായപ്പോഴും തങ്ങള്‍ അതിനു വേണ്ടി മെയ് മറന്നധ്വാനിച്ചു. നിലവില്‍ ബോര്‍ഡിന്റെ പ്രസിഡണ്ട് സ്ഥാനം വഹിക്കുന്നതും തങ്ങളാണ്. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കേരളം ആവിഷ്‌ക്കരിച്ച മദ്‌റസകള്‍ വ്യാപിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുമ്പോള്‍ അതിന്റെ അണിയറയില്‍ വിയര്‍ത്ത സുപ്രധാന പേരുകളിലൊന്നാണ് അലി ബാഫഖി തങ്ങളുടേത്.
മദ്റസാ അധ്യാപകരെ ശാക്തീകരിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. അവര്‍ക്കാവശ്യമായ പരിശീലനവും നവീകരണ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ ബോര്‍ഡിനോട് ചേര്‍ന്ന് സംഘടിപ്പിക്കുന്നത് ജംഇയ്യത്തുല്‍ മുഅല്ലിമീനാണ്. അനിവാര്യഘട്ടങ്ങളില്‍ മദ്റസാ അധ്യാപകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും ക്ഷേമനിധി പോലെയുള്ള സംരംഭങ്ങള്‍ വിജയകരമായി നടപ്പാക്കാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഇവയെല്ലാം ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച തങ്ങള്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന് സ്ഥിരവരുമാനം നല്‍കുന്ന സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനായി വീട് വീടാന്തരം കയറിയിറങ്ങി പണപ്പിരിവ് നടത്തിയിട്ടുണ്ട്.

കാന്തപുരം ഉസ്താദിനൊപ്പമാണ് അലി ബാഫഖി തങ്ങളെന്ന പൊതുപ്രവര്‍ത്തകന്റെ യാത്രകള്‍ ആരംഭിക്കുന്നത്. അലി ബാഫഖി തങ്ങളുടെ കഴിവും പെരുമയും മനസ്സിലാക്കിയ ഉസ്താദ് വിടാതെ അദ്ദേഹത്തെ കൂടെ കൂട്ടി എന്ന് പറഞ്ഞാലും തെറ്റാകില്ല. മര്‍കസിന്റെ വളര്‍ച്ചയുടെ പിന്നാമ്പുറത്ത് കാന്തപുരം ഉസ്താദിനൊപ്പം അതിന്റെ സ്ഥാപക ദിനം മുതല്‍ അലി ബാഫഖി തങ്ങളുടെയും സാന്നിധ്യമുണ്ട്. അവേലത്ത് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുമെല്ലാം യാത്രയായപ്പോള്‍ തന്റെ ഉത്തരവാദിത്വം കൂടുതല്‍ പ്രാധാന്യത്തോടെ അദ്ദേഹം നിര്‍വഹിക്കാന്‍ തയ്യാറായ അനുഭവങ്ങള്‍ കാന്തപുരം ഉസ്താദ് വിവരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.

തന്റെ വിനയത്തിന്റെ മറ കൊണ്ട് പലപ്പോഴും മറച്ചു പിടിക്കാറുണ്ടെങ്കിലും മൂന്നരപ്പതിറ്റാണ്ടുകാലമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറാംഗവും അവിഭാജ്യ ഘടകവുമാണ് തങ്ങള്‍. ഇപ്പോള്‍ വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിക്കുന്നു.

പ്രാസ്ഥാനികമായ ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും സാധാരണക്കാരന്റെ ദുഃഖവും സന്തോഷവും പകുത്തെടുത്ത് നാടുനീളെ സഞ്ചരിക്കുന്ന മനുഷ്യസ്നേഹിയായും സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.

ഇങ്ങനെ സേവനത്തിന്റെ ബാഫഖീ പാരമ്പര്യം എല്ലാ അര്‍ഥത്തിലും പ്രാവര്‍ത്തികമാക്കിയ തങ്ങളുടെ പ്രയാണത്തിന് അറുപത് വര്‍ഷത്തോളം പഴക്കമുണ്ട്. കേരള മുസ്ലിംകള്‍ക്ക് അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ആ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ് ഇന്ന് കൊയിലാണ്ടിയില്‍ അലി ബാഫഖി തങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ആദരവ് സമ്മേളനം. തങ്ങളോട് കടപ്പെട്ടവരാണ് നാം എല്ലാവരും. അതുകൊണ്ട് തന്നെയാണ് സമ്മേളനത്തിന്റെ ഭാഗമാകല്‍ നമ്മുടെയെല്ലാം ബാധ്യതയാകുന്നതും.