Connect with us

Kasargod

'ഖുദുവതുസ്സാദാത്ത് ' ആദരവില്‍ സയ്യിദ് കുമ്പോല്‍ തങ്ങള്‍

സഅദിയ്യ 55ാം വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് സ്ഥാനപ്പേര് പ്രഖ്യാപിച്ചത്.

Published

|

Last Updated

കാസര്‍കോട് | സമസ്ത ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ പ്രസിഡന്റും വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററും നൂറുകണക്കിന് മഹല്ലുകളുടെ രക്ഷാധികാരിയുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെ ഖുദുവതുസ്സാദാത്ത് സ്ഥാനപ്പേര് നല്‍കി ആദരിച്ചു. സഅദിയ്യ 55ാം വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് സ്ഥാനപ്പേര് പ്രഖ്യാപിച്ചത്.

സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ഉമ്മു ഹലീമയുടെയും മകനായി 1947 ജൂണ്‍ 21നാണ് തങ്ങളുടെ ജനനം. താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ അല്‍ ബുഖാരിയുടെ മകള്‍ സയ്യിദത്ത് റംലത്ത് ബീവിയാണ് ഭാര്യ.

1964 മുതല്‍ സമസ്തയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന തങ്ങള്‍ ഇന്ന് പണ്ഡിത സഭയുടെ ഉപാധ്യക്ഷ പദവി അലങ്കരിക്കുന്നു. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക ദീനീ പഠനം. പിതൃസഹോദരി സയ്യിദത്ത് അസ്മ ബീവിയും ഫാത്വിമ എന്ന മറ്റൊരു വനിതയുമായിരുന്നു ഗുരുനാഥകള്‍. സ്‌കൂളിലെ ആധുനിക പഠന രീതി ഓത്തുപള്ളികളിലും വേണമായിരുന്നു എന്ന ചിന്ത ചെറുപ്പത്തിലേ മനസ്സില്‍ താലോലിച്ചതു കാരണം മദ്്‌റസ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ആദ്യ കാലത്തുതന്നെ പങ്കാളിയാകാന്‍ കഴിഞ്ഞു.

വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാണ് സംഘടനാ രംഗത്തേക്ക് കടന്നുവരുന്നത്. വടക്കന്‍ കേരളത്തിലും കര്‍ണാടകയിലും ധാരാളം മദ്‌റസകള്‍ വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെത്തിക്കാന്‍ തങ്ങളുടെ അന്നത്തെ നിതാന്ത ശ്രമങ്ങള്‍ക്ക് സാധിച്ചു.

മഹല്ലുകള്‍ കേന്ദ്രീകരിച്ച് സുന്നീ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും സിറാജ് പ്രവര്‍ത്തന ഫണ്ടിലേക്ക് മുംബൈ അടക്കമുള്ള നാടുകളില്‍ പര്യടനം നടത്തി ഫണ്ട് സമാഹരിക്കാനും മുന്നിട്ടിറങ്ങിയത് കുമ്പോല്‍ തങ്ങളായിരുന്നു.

നിരവധി മഹദ് വ്യക്തികളുമായി ബന്ധം സ്ഥാപിച്ചിരുന്ന തങ്ങള്‍ ജലാലിയ്യ റാത്തീബിന്റെ ഖലീഫ കൂടിയാണ്. നാടിന്റെയും സമൂഹത്തിന്റെയും പ്രശ്‌നപരിഹാരത്തിനുള്ള ആത്മീയ കേന്ദ്രം കൂടിയാണ് കുമ്പോല്‍ തറവാട്.

 

Latest