Kerala
സിപിഎമ്മിന് ചിഹ്നം ബോംബ് മതി; തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ച സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം | തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ച സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം പോയാല്‍ എ കെ ബാലന്‍ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ടെന്നും ബോംബ് മതിയെന്നുമായിരുന്നു സണ്ണി ജോസഫ് എംഎല്‍എയുടെ പരിഹാസം.
ദൂരൂഹ സാഹചര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ തുറന്നുനോക്കരുതെന്ന് നിര്‍ദേശിക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പരിഹാസം. ആള്‍ താമസമില്ലാത്ത വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്നും ലഭിച്ച പാത്രം തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. കൈയ്യിലിരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് മുഖം പോലും ഉണ്ടായില്ല. പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ക്കുവേണ്ടി ഉണ്ടാക്കിയ ബോംബ് ആണിതെന്നും സതീശന്‍ ആരോപിച്ചു.
അതേസമയം വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.