ഓർമ
പക്വതയുടെ പ്രതീകം
നവീന ആശയങ്ങളെ പാരമ്പര്യ വഴിയിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഹൈദരലി തങ്ങള്‍ എന്ന പണ്ഡിതന്‍ പ്രവര്‍ത്തിച്ചിരുന്നു. സമുദായത്തിന്റെ ഐക്യവും സുരക്ഷിതത്വവും ഉറപ്പിച്ചെടുക്കാന്‍ ചെറുതും വലുതുമായ സുഷിരങ്ങള്‍ അടച്ച്, വിവിധ ഘടകങ്ങള്‍ സമന്വയിപ്പിച്ച്, നല്ല ഒരു നീക്കമുണ്ടാകണമെന്ന് നമ്മുടെ നേതൃത്വം എക്കാലത്തും ആഗ്രഹിക്കുന്നുണ്ട്. അതു സാധിച്ചു കിട്ടാന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം, പ്രാർഥിക്കാം.
“എന്തുണ്ട് സി,…സുഖമാണല്ലോ….’ പല സദസ്സുകളിലും കണ്ടുമുട്ടുമ്പോള്‍ പറയുന്ന വാക്ക്.. ഖുറൈശി തറവാടിന്റെ പാരമ്പര്യവും ഗാംഭീര്യവും അവകാശപ്പെടാനുള്ള ആ വലിയ മനുഷ്യന്‍ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു.
“കോഴിക്കോട് നിന്നല്ലേ വരുന്നത് ?’ 2019 ലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ പാണക്കാട്ടെത്തി. സീനത്ത് അബ്ദുർറഹ്‌മാന്‍ ഹാജിയും കോണ്ടോട്ടിയിലെ മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ അബ്ദുർറഹ്‌മാന്‍ ഇണ്ണി ഹാജിയും കൂടെയുണ്ടായിരുന്നു. അതേ സമയത്ത് മറ്റൊരു പ്രോഗ്രാമില്‍ സംബന്ധിക്കാനുള്ളത് കൊണ്ട് ആ സമയത്ത് വരാന്‍ പ്രയാസമുണ്ടെന്നും മറ്റൊരു സമയത്ത് വരാമെന്നും പറഞ്ഞു. വീണ്ടും വിളിക്കാമെന്നും ഓർമിപ്പിച്ചു. അങ്ങനെ വീണ്ടും വിളിച്ചു. ക്യാമ്പ് അവസാനിക്കുന്നതിനു മുമ്പായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹജ്ജ് ഹൗസിലെത്തി.. എല്ലാവര്‍ക്കും വലിയ സന്തോഷമായി. ഹജ്ജ് ഹൗസിലെ അവസാനത്തെ പരിപാടിയായിരുന്നു അതെന്ന് ഓർമിക്കാം..
ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് നടുവണ്ണൂരിനടുത്ത് കിനാലൂര്‍ മസ്ജിദിന്റെ ഉദ്ഘാടന വേളയില്‍ ആരോഗ്യം നന്നേ കുറവായിട്ടും ഹൈദരലി ശിഹാബ് തങ്ങള്‍ എത്തിയത്ത് ഓര്‍ക്കുന്നു. ഇരുന്നായിരുന്നു അന്ന് നിസ്‌കരിച്ചത്. ക്ഷീണിതനായിട്ടും ദുആ ചെയ്ത് പിരിയുമ്പോള്‍ കുശലം പറയാന്‍ മറന്നില്ല.
ഹൈദരലി ശിഹാബ് തങ്ങള്‍ പണ്ഡിതനാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്നും ഫൈസി ബിരുദം നേടിയിട്ടുണ്ട്. അതായത് എന്റെ ജ്യേഷ്ഠന്‍. എന്നേക്കാള്‍ ആറ് വയസ്സ് അധികം. ജാമിഅയില്‍ അദ്ദേഹത്തിന്റെ പഠന കാലത്താണ് നൂറുല്‍ ഉലമാ എന്ന വിദ്യാർഥി സംഘടന കൂടുതല്‍ സജീവമായത്. എസ് എസ് എഫ് രൂപവത്കരിച്ച കാലത്ത് പ്രഥമ പ്രസിഡന്റായി വന്നതും ബഹുമാനപ്പെട്ട തങ്ങളായിരുന്നു. അദ്ദേഹത്തിനു ശേഷം ആക്ടിംഗ് പ്രസിഡന്റായി അബൂബക്കര്‍ ശര്‍വാനി സ്ഥാനത്തു വന്നു. പിന്നീട് പ്രസിഡന്റായി തിരഞ്ഞെടുത്തത് ഈ വിനീതനെ ആയിരുന്നു.
പാണക്കാട് തങ്ങന്മാരോട് വലിയ ആദരവ് തോന്നിയത്, അവരുടെ പക്വതയും വിവേകപൂർണമായ ഇടപെടലുകളുമാണ്. സമൂഹത്തിന്റെ പൊതു നന്മക്കു വേണ്ടിയുള്ള നിസ്വാർഥമായ ശ്രമങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടും.
പദവികളും പ്രവര്‍ത്തന മണ്ഡലവും വിശാലമായിരുന്നിട്ടും അതെല്ലാം വളരെ വിനയത്തോടെ സൗമ്യഭാവത്തോടെ സമീപിച്ച്, പ്രതിസന്ധി നിറഞ്ഞ അനേകം സാഹചര്യങ്ങള്‍ക്കിടയിലും പക്വതയുടെ പ്രതീകമായി ഹൈദരലി ശിഹാബ് തങ്ങള്‍ വര്‍ത്തിച്ചു.
പവിത്രമായ കുടുംബ പാരമ്പര്യവും സവിശേഷമായ നേതൃപാടവവും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റു കൂട്ടി.
തബർറുകും മന്ത്രിച്ചൂതലും ദുആയും കൊണ്ട് ലക്ഷങ്ങള്‍ക്കു സമാശ്വാസം നല്‍കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. ആ മഹത് വ്യക്തിയുടെ വിയോഗം സുന്നീ ആദര്‍ശത്തിനു വലിയ നഷ്ടമാണ്. നവീന ആശയങ്ങളെ പാരമ്പര്യ വഴിയിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഹൈദരലി തങ്ങള്‍ എന്ന പണ്ഡിതന്‍ പ്രവര്‍ത്തിച്ചിരുന്നു. സമുദായത്തിന്റെ ഐക്യവും സുരക്ഷിതത്വവും ഉറപ്പിച്ചെടുക്കാന്‍ ചെറുതും വലുതുമായ സുഷിരങ്ങള്‍ അടച്ച്, വിവിധ ഘടകങ്ങള്‍ സമന്വയിപ്പിച്ച്, നല്ല ഒരു നീക്കമുണ്ടാകണമെന്ന് നമ്മുടെ നേതൃത്വം എക്കാലത്തും ആഗ്രഹിക്കുന്നുണ്ട്. അതു സാധിച്ചു കിട്ടാന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം, പ്രാർഥിക്കാം. വിടപറഞ്ഞ ഹൈദരലി തങ്ങള്‍ക്കും മറ്റു നേതാക്കള്‍ക്കും നാഥന്‍ ഉന്നത പദവി നല്‍കുമാറാകട്ടെ എന്നു പ്രാർഥിക്കുന്നു.