syro malabar sabha
സിറോ മലബാര്‍ സഭക്ക് കീഴിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കി സിനഡ് ആഹ്വാനം
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡ് യോഗത്തിലാണ് ഏകീകൃതകുര്‍ബാന നിര്‍ബന്ധമാക്കിയത്
കൊച്ചി | എറണാകുളം -അങ്കമാലി അതിരൂപതയിലടക്കം സിറോ മലബാര്‍ സഭക്ക് കീഴിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കി സിനഡ് ആഹ്വാനം.
സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡ് യോഗത്തിലാണ് സഭയ്ക്ക് കീഴിലെ പള്ളികളില്‍ ഏകീകൃതകുര്‍ബാന നിര്‍ബന്ധമാക്കിയത്. സിനഡ് തീരുമാനം എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും ബാധകമാണ്.
മെത്രാന്‍മാരുടെ നിര്‍ദേശമടങ്ങിയ സര്‍ക്കുലര്‍ പള്ളികളില്‍ വിതരണം ചെയ്തു. മാര്‍പ്പാപ്പയുടെ നിര്‍ദേശം പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, സിനഡ് ആഹ്വാനത്തെ സംബന്ധിച്ച് ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു. സിനഡ് തീരുമാനം വന്നതോടെ എറണാകുളം-അങ്കമാലി അതിരൂപതക്കു കീഴില്‍ കുര്‍ബാന തര്‍ക്കം വീണ്ടും സംഘര്‍ഷത്തിലേക്ക് പോകാനാണ് സാധ്യത.
മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും മെത്രാന്മാര്‍ ഒപ്പിട്ട സര്‍ക്കുലറില്‍ പറയുന്നു. സിനഡ് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം- അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കണമെന്ന കത്തും കൈമാറി.
സിനഡ് തീരുമാനം സംബന്ധിച്ച് സര്‍ക്കുലര്‍ ഞായറാഴ്ച അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ വായിക്കണമെന്ന് ബോസകോ പുത്തൂര്‍ നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ ഏകീകൃത കുര്‍ബാന അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് അല്‍മായ മുന്നേറ്റവും ഒരു വിഭാഗം വൈദികരും.