Connect with us

International

സിറിയയുടെ പുനര്‍നിര്‍മാണം: ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍

സിറിയയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് നയതന്ത്രജ്ഞരുടെ പ്രത്യേക യോഗം സഊദി തലസ്ഥാനമായ റിയാദില്‍ ചേര്‍ന്നു.

Published

|

Last Updated

റിയാദ് | പതിനാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിത്തിന് ശേഷം സിറിയയുടെ പുനര്‍നിര്‍മാണത്തിന് സഹായ ഹസ്തവുമായി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ്-യൂറോപ്യന്‍ രാജ്യങ്ങള്‍. സിറിയയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് നയതന്ത്രജ്ഞരുടെ പ്രത്യേക യോഗം സഊദി തലസ്ഥാനമായ റിയാദില്‍ ചേര്‍ന്നു. യോഗത്തില്‍ സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നും രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും പുനര്‍നിര്‍മാണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.

ബഹ്റൈന്‍, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഇറാഖ്, ഇറ്റലി, ജോര്‍ദാന്‍, കുവൈത്ത്, ലെബനാന്‍, ഒമാന്‍, ഖത്വര്‍, സ്പെയിന്‍, സിറിയ, തുര്‍ക്കി, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ബ്രിട്ടന്‍, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും അറബ് ലീഗിന്റെ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ യൂണിയന്‍ ഫോര്‍ ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍, സിറിയയിലെ യു എന്‍ പ്രത്യേക ദൂതന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സിറിയയുടെ ബഫര്‍ സോണിലും മൗണ്ട് ഹെര്‍മോണ്‍, ഖുനൈത്ര ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലും ഇസ്‌റാഈലിന്റെ കടന്നുകയറ്റത്തെക്കുറിച്ചുള്ള ആശങ്കകളും സിറിയയുടെ ഐക്യം, പരമാധികാരം തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. സിറിയന്‍ പ്രദേശങ്ങളിലേക്കുള്ള ഇസ്‌റാഈലിന്റെ കടന്നുകയറ്റത്തെ സഊദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു.

സിറിയയ്ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ ആവശ്യപ്പെട്ടു. ‘വികസനവും പുനര്‍നിര്‍മാണവും കൈവരിക്കാനുള്ള സഹോദര സിറിയന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്ക് ഉപരോധം തടസ്സമാകുമെന്ന് പറഞ്ഞ അദ്ദേഹം സിറിയയില്‍ ഇടക്കാല സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെ പ്രശംസിക്കുകയും ചെയ്തു.

അന്താരാഷ്ട്ര സമൂഹവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സിറിയയെ സഹായിക്കാന്‍ ശ്രമിക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ വ്യക്തമാക്കി. ഭക്ഷണം, അടിയന്തര ഷെല്‍ട്ടറുകള്‍, വൈദ്യ പരിചരണം എന്നിവയ്ക്കായി 50 മില്യണ്‍ യൂറോയുടെ സഹായം ജര്‍മനി പ്രഖ്യാപിച്ചു. സിറിയക്കു മേലുള്ള ചില നിയന്ത്രണങ്ങളില്‍ അമേരിക്ക ഇളവ് വരുത്തി. ആറ് മാസത്തെ കാലാവധിയുള്ള ഒരു പൊതു ലൈസന്‍സ് യു എസ് ട്രഷറി പുറപ്പെടുവിക്കുകയും സര്‍ക്കാരുമായുള്ള ചില ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കുകായും ചെയ്തു.

2011-ല്‍ അസദിന്റെ ഭരണത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതോടെയാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അറബ് രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയതോടെ ഉപരോധം കൂടുതല്‍ ശക്തമാക്കി. നിരവധി സാമ്പത്തിക, ബേങ്കിംഗ്, എണ്ണ ഇടപാടുകള്‍ക്ക് നിരോധനം വന്നതോടെ സമ്പദ്വ്യവസ്ഥ പാടെ തളര്‍ന്നിരുന്നു. ഏകദേശം അഞ്ച് ലക്ഷത്തിലധികം പേര്‍ മരണപ്പെടുകയും 23 ദശലക്ഷം പേരെ നാടുകടത്തുകയും ചെയ്തു. 2024 ഡിസംബര്‍ എട്ടിന് അസദിനെ പുറത്താക്കിയതോടെയാണ് പതിനാല് വര്‍ഷം നീണ്ട ഭരണത്തിന് അവസാനം കുറിച്ചത്.

 

Latest