Connect with us

From the print

സിറിയ, ഇറാഖ്; ആക്രമണം കടുപ്പിക്കാൻ യു എസ്

ലക്ഷ്യം ഇറാൻ കേന്ദ്രങ്ങൾ • നേരിട്ടുള്ള ഏറ്റുമുട്ടൽ ദോഷം ചെയ്യുമെന്ന് വിലയിരുത്തൽ

Published

|

Last Updated

വാഷിംഗ്ടൺ | ദിവസങ്ങൾക്കു മുമ്പ് മൂന്ന് സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാഖിലെയും സിറിയയിലെയും ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് യു എസ് അംഗീകാരം നൽകിയതായി റിപോർട്ട്. ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
സിറിയ-ജോർദാൻ അതിർത്തിക്കടുത്തുള്ള ടവർ 22 ബേസിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാനിയൻ ഉദ്യോഗസ്ഥരെയും ഇരുരാജ്യങ്ങളിലെയും കേന്ദ്രങ്ങളും ലക്ഷ്യമിടാൻ വൈറ്റ് ഹൗസ് അനുമതി നൽകിയതായാണ് വിവരം. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ നിർമിച്ചത് ഇറാനിലാണെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അമേരിക്കൻ ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
ഇറാൻ മണ്ണിൽ പ്രത്യാക്രമണം നടത്തണമെന്ന് പ്രസിഡന്റ് ജോ ബൈഡന് സമ്മർദമുണ്ട്. എന്നാൽ, ഇറാഖിലും സിറിയയിലും നടത്തുന്ന ആക്രമണങ്ങൾ ശക്തിപ്പെടുത്തിയാൽ മതിയെന്നാണ് തീരുമാനം. ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഈ സാഹചര്യത്തിൽ ദോഷം ചെയ്യുമെന്നും വിലയിരുത്തുന്നു. അമേരിക്കൻ സൈനികർക്കു നേരേയുള്ള ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും തിരിച്ചടി നൽകുമെന്നും യു എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗസ്സാ മുനമ്പിൽ ഹമാസിനെതിരെ ഇസ്റാഈൽ നടത്തുന്ന ആക്രമണവും ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെ യമനിലെ ഹൂത്തി വിമതർ നടത്തുന്ന ആക്രമണങ്ങളും മേഖലയെ സംഘർഷത്തിലാക്കിയിട്ടുണ്ട്. വ്യാപക സംഘർഷം ഒഴിവാക്കാൻ ഞങ്ങൾ ഇനിയും പരിശ്രമിക്കും. എന്നാൽ ഞങ്ങളുടെ താത്പര്യങ്ങളെയും ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഇറാഖിലെയും സിറിയയിലെയും യു എസ് താവളങ്ങളിൽ സമീപ വർഷങ്ങളിൽ നൂറ് കണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഞങ്ങൾ ഒരു യുദ്ധവും ആരംഭിക്കില്ല, പക്ഷേ ആരെങ്കിലും ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്‌റാഹീം റെയ്സി പറഞ്ഞു.

---- facebook comment plugin here -----

Latest