Saudi Arabia
സിറിയയും ലബനാനും സമാധാനത്തിലേക്ക്; സഊദിയുടെ മധ്യസ്ഥതയില്‍ കരാറില്‍ ഒപ്പ്‌വെച്ചു
സഊദി അറേബ്യയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമാധാന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ്‌വെച്ചു.

ജിദ്ദ | മധ്യപൂര്‍വദേശത്തെ മധ്യധരണാഴിയിലെ സംഘര്‍ഷത്തിന് താത്കാലിക വിരാമം. സഊദി അറേബ്യയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ സിറിയയും ലബനാനും ഇടയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമാധാന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ്‌വെച്ചു.
സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുത്ത യോഗത്തില്‍ സിറിയന്‍ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ എന്‍ജിനീയര്‍ മുര്‍ഹാഫ് അബു ഖസ്രയും ലബനാന്‍ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മൈക്കല്‍ മാന്‍സിയുമാണ് പങ്കെടുത്തത്. ഇതോടെ മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അയവ് വരും. അതിര്‍ത്തി നിര്‍ണയത്തിലും സുരക്ഷാ ഏകോപനത്തിലുമുള്ള കരാറിലാണ് ഒപ്പ്‌വെച്ചത്.
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശപ്രകാരമായിരുന്നു ജിദ്ദയില്‍ യോഗം ചേര്‍ന്നത്.
വിവിധ മേഖലകളില്‍ നിയമ-സാങ്കേതിക കമ്മിറ്റികള്‍ രൂപവത്കരിക്കാനും ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ, സൈനിക വെല്ലുവിളികളെ നേരിടുന്നതിന് ഏകോപന സംവിധാനങ്ങള്‍ സജീവമാക്കാനും സമീപഭാവിയില്‍ സഊദി അറേബ്യയില്‍ തുടര്‍ യോഗം നടത്താനും ഇരു രാജ്യങ്ങളും സമ്മതിച്ചു. സിറിയയുടെയും ലബനാന്റെയും സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള വിശാലമായ സംരംഭങ്ങള്‍ക്ക് സഊദി അറേബ്യ പൂര്‍ണ പിന്തുണ അറിയിച്ചു.