sys
എസ് വൈ എസ് 'കൗണ്‍സലിയം-23' ശില്പശാലക്ക് സഅദിയ്യയില്‍ തുടക്കമായി
നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് സൈഫുല്ല തങ്ങള്‍ നേതൃത്വം നല്‍കി.
കാസര്‍കോട് | പുതിയ ലോകക്രമത്തില്‍ സാമൂഹിക മുന്നേറ്റത്തിനുള്ള മാര്‍ഗരേഖകള്‍ രൂപപ്പെടുത്താനും നേതൃപരിശീലം നല്‍കാനും ലക്ഷ്യമിട്ട് എസ് വൈ എസ് സംഘടിപ്പിക്കുന്ന ‘കൗണ്‍സലിയം-23’ ജില്ല കേമ്പിന് സഅദിയ്യയില്‍ തുടക്കമായി. വരുന്ന മൂന്ന് മാസക്കാലത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളുടെ വിശദമായ പഠനവും ആത്മീയ ആദര്‍ശ സാമൂഹിക മേഖലകളില്‍ കഴിഞ്ഞ രണ്ട് മാസക്കാലയളവില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ശില്പശാലയില്‍ നടക്കും.
ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്ക് പുറമേ ഒമ്പത് സോണിലെ പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രതിനിധികളാണ്. രാവിലെ 8.30ന് നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് സൈഫുല്ല തങ്ങള്‍ നേതൃത്വം നല്‍കി. ജില്ലാ പ്രസിഡൻ്റ് അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, അബ്ദുർറശീദ് നരിക്കോട് വിഷയാവതരണം നടത്തി. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, സിദ്ദീഖ് സഖാഫി ബായാര്‍, താജുദ്ദീന്‍, മുഹമ്മദ് സഖാഫി തൊക്കെ, അബ്ദുർറഹ്‌മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുർറസാഖ് സഖാഫി കോട്ടകുന്ന്, ശിഹാബ് പാണത്തൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.