Connect with us

Kerala

എസ് വൈ എസ് ഉണര്‍ത്തു സമ്മേളനം; നാളെ തൃശൂര്‍ റീജിയനല്‍ തിയേറ്ററില്‍ നടക്കും

സാമൂഹിക- സാംസ്‌കാരിക- വിദ്യഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയാണ് എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ആഘോഷിക്കുന്നത്.

Published

|

Last Updated

തൃശൂര്‍ | ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരളയുവജന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനം നാളെ രാവിലെ 10ന് തൃശൂര്‍ റീജിയനല്‍ തിയേറ്ററില്‍ നടക്കും. എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘമായ പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ സംഗമമാണ് ഉണര്‍ത്തു സമ്മേളനം. സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ക്കുള്ള പരിശീലനം കൂടി ലക്ഷ്യമിട്ടാണ് ഉണര്‍ത്തു സമ്മേളനം സംഘടിപ്പിക്കുന്നത്.

സാമൂഹിക- സാംസ്‌കാരിക- വിദ്യഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയാണ് എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ആഘോഷിക്കുന്നത്. യൗവ്വനത്തിന്റെ കരുത്ത് രാജ്യത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യങ്ങളെ ഉജ്ജ്വലമാക്കാനും സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കായി ഉപയോഗിക്കാനും ലക്ഷ്യം വെച്ചുള്ള കര്‍മ പരിപാടികളാണ് കേരളം യുവജന സമ്മേളന ത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

ഉണര്‍ത്തു സമ്മേളനം നാളെ രാവിലെ പത്തിന് ആരംഭിക്കും. തൃശൂര്‍ സോണ്‍ സംഘാടക സമിതി ചെയര്‍മാന്‍ പാലപ്പിള്ളി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ മാഹിന്‍ സുഹ്രി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന പഠനങ്ങള്‍ക്ക് ഇബ്റാഹിം ബാഖവി മേല്‍മുറി, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എ എ ജഅഫര്‍, ഹാഫിള് സ്വാദിഖലി ഫാളിലി നേതൃത്വം നല്‍കും. എം എം ഇബ്റാഹീം ഹാജി, ഷെമീര്‍ എറിയാട്, ബശീര്‍ അശ്റഫി, കെ ബി ബഷീര്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് നാലിന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 1112 പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ റാലി നടക്കും.