Connect with us

Kerala

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പദ്ധതികള്‍ വേണമെന്ന് എസ് വൈ എസ് സമ്മേളനം

ന്യുനപക്ഷ പിന്നാക്ക ജനതയെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും അകറ്റാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്

Published

|

Last Updated

തൃശൂര്‍|  ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ നാനോന്മുഖമായ വികസനത്തിനും പുരോഗതിക്കും വേണ്ട വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കണമെന്ന് എസ് വൈ എസ് കേരള യുവജന സമ്മേളനം സര്‍ക്കാരുകളോട് ആവശ്യപെട്ടു. ന്യൂനപക്ഷ – ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സൗഹൃദാന്തരീക്ഷമല്ല നിലനില്‍ക്കുന്നത്. ന്യുനപക്ഷ പിന്നാക്ക ജനതയെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും അകറ്റാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ന്യൂനപക്ഷ പദവികളുള്ള കേന്ദ്ര സര്‍വകലാശാലകള്‍ക്ക് ഫണ്ട് കുറച്ചും, സ്വയം ഭരണം നിയന്ത്രിച്ചും, വിയോജിപ്പിന്റെ സ്വരങ്ങളെ ഭീകരവത്കരിച്ചുമുള്ള ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ ഉപേക്ഷിക്കപ്പെടണമെന്നും സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മ പരിഹരിക്കണം
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സുസ്ഥിര പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കാനും തൊഴില്‍ രംഗത്തെ സാമുദായിക സന്തുലനം ഉറപ്പുവരുത്താനും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണ ആശയങ്ങളുടെ വ്യാജ വ്യവഹാരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നിലമൊരുക്കുകയും തൊഴില്‍ രഹിതരായ യുവജനങ്ങള്‍ വ്യാജ വാര്‍ത്തകളുടെ വാഹകരാവുകയും ചെയ്യുന്ന പ്രതിഭാസം രാജ്യത്തിന് ഭൂഷണമല്ലെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കണം
ആരാധനാലയ സംരക്ഷണ നിയമം കൂടുതല്‍ ജാഗ്രതയോടെ പ്രാവര്‍ത്തികമാക്കാന്‍ രാജ്യത്തെ മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഭരണഘടനാ മൂല്യങ്ങള്‍ സംബന്ധിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ ഭരണകൂടവും സന്നദ്ധമാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്ലിം പള്ളികള്‍ക്ക് മേലുള്ള വര്‍ഗീയ ശക്തികളുടെ തെറ്റായ അവകാശവാദങ്ങളെ നാഗരിക നീതി തേടിയുള്ള അന്വേഷണമായി അവതരിപ്പിക്കുന്നത് ചരിത്ര ഹിംസയാണ്. നീതി ബോധമോ ചരിത്ര ബോധമോ ബാധകമല്ലാത്തവര്‍ക്ക് മാത്രമേ ആധുനിക കാലത്ത് ഇതേപോലുള്ള ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുകയുള്ളൂവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

അരാജകവാദങ്ങളെ ഒളിച്ചുകടത്തരുത്
സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും അരാജകവാദങ്ങളെ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങളെ സമ്മേളനം അപലപി്ച്ചു. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു