From the print
എസ് വൈ എസ് സമ്മേളനം: ഫ്യൂച്ചർ കേരള സമ്മിറ്റ് മുതൽ ഹിസ്റ്ററി കോൺഫറൻസ് വരെ; ഒരുക്കങ്ങളായി
സംവാദങ്ങൾക്ക് പ്രമുഖർ നേതൃത്വം നൽകും.
തൃശൂർ | പതാക ഉയരുന്നതോടെ എസ് വൈ എസ് സംസ്ഥാന സമ്മേളന പരിപാടികൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. പ്രതിദിന ബഹുജന സമ്മേളനങ്ങൾക്ക് പുറമെ കേരളത്തിന്റെ ഭാവി വികസനം ചർച്ച ചെയ്യുന്ന ഫ്യൂച്ചർ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെൻ കോൺക്ലേവ്, ഹിസ്റ്ററി ഇൻസൈറ്റ്, യംഗ് ഇന്ത്യ കോൺഫറൻസ്, ടെക് ഫെസ്റ്റ്, പാനൽ ഡിസ്‌കഷൻ, ഡിബേറ്റ്, കൾച്ചറൽ കഫേ, ഹിസ്റ്ററി കോൺഫറൻസ് തുടങ്ങിയവയും സമ്മേളന ഭാഗമായി നടക്കും. പരിസ്ഥിതി, മനുഷ്യാവകാശം, യൗവനം, വികസനം, വിദ്യാഭ്യാസം, ജനാധിപത്യം, ബഹുസ്വരത, സംരംഭകത്വം, തസവ്വൂഫ്, ഭരണഘടന, കൃഷി, കല, സാമ്പത്തികം, സെക്യുലറിസം, ആരോഗ്യം, സംവരണം, നീതി, സാഹോദര്യം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. സംവാദങ്ങൾക്ക് പ്രമുഖർ നേതൃത്വം നൽകും.
സുന്നി സംഘ കുടുംബത്തിന്റെയും, പ്രത്യേകിച്ച് എസ് വൈ എസിന്റെയും സംഘടനാ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി യുവജന സമ്മേളനത്തെ മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
സമ്മേളന ഭാഗമായി നടക്കുന്ന വിവിധ എക്സ്പോകൾ, പുസ്തകപ്രദർശനം, എജ്യു സൈൻ തുടങ്ങിയ അനുബന്ധ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 26ന് തുടങ്ങുന്ന എക്സ്പോ 29ന് സമാപിക്കും.
ഫുഡ് കോർട്ടും വിവിധ ഉത്പന്നങ്ങളുടെ വിൽപ്പന കേന്ദ്രമായ സൂഖും സമ്മേളന നഗരിയിൽ സജ്ജീകരിക്കും.
കേരളത്തിൽ 70 വർഷമായുള്ള എസ് വൈ എസിന്റെ പ്രവർത്തനങ്ങൾക്ക് പൊലിമ പകരുന്നതാണ് 2024 പ്ലാറ്റിനം ഇയർ. ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ജാതി- മത ഭേദമന്യേ എല്ലാവരെയും അഭിസംബോധന ചെയ്തുള്ള പരിപാടികളാണ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നത്. സാമുദായിക ഐക്യം, പ്രാദേശിക ചരിത്ര പഠനം, പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ ബോധവത്കരണം, ഡിജിറ്റൽ സാക്ഷരത, തൊഴിൽ, സംരഭകത്വം, സാമ്പത്തിക സാക്ഷരത, പ്രാദേശിക ചരിത്ര പഠനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്ലാറ്റിനം ഇയർ കാലത്തെ പ്രവർത്തനങ്ങൾ.