Connect with us

Malappuram

എസ് വൈ എസ് മാനവസഞ്ചാരം; പ്ലാറ്റിനം സഫര്‍ മലപ്പുറത്ത്

തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന എസ് വൈ എസ് മാനവസഞ്ചാരം ഈ മാസം 21ന് മലപ്പുറത്തെത്തും

Published

|

Last Updated

മലപ്പുറം |  ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ ഡിസംബറില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന എസ് വൈ എസ് മാനവസഞ്ചാരം ഈ മാസം 21ന് മലപ്പുറത്തെത്തും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് മലപ്പുറത്ത് സ്വീകരണം നല്‍കും.

മാനവ സഞ്ചാരത്തിന്റെ മുന്നോടിയായി എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റിനം സഫര്‍ ഇന്ന് രാവിലെ 9ന് കൂട്ടിലങ്ങാടിയില്‍ നിന്ന് തുടക്കം കുറിക്കും. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ കൊടി കൈമാറ്റം നടത്തും. തുടര്‍ന്ന് മക്കരപ്പറമ്പ്, കുറുവ, കോഡൂര്‍ ഈസ്റ്റ്, കോഡൂര്‍ വെസ്റ്റ്, മലപ്പുറം, മേല്‍മുറി എന്നീ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. വൈകുന്നേരം 6.30ന് പൂക്കോട്ടൂര്‍ അറവങ്കരയില്‍ നടക്കുന്ന സമാപന സംഗമം സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സിദ്ദീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ് അധ്യക്ഷത വഹിക്കും. സയ്യിദ് അബൂബക്കര്‍ ഹൈദ്രൂസി പ്രാര്‍ഥന നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രൂസി കല്ലറക്കല്‍, ജില്ലാ സെക്രട്ടറി നജീബ് കല്ലരട്ടിക്കല്‍, ഹസൈനാര്‍ ബാഖവി വണ്ടൂര്‍, അബ്ദുന്നാസര്‍ പാണ്ടിക്കാട്, ശാക്കിര്‍ ബാഖവി മമ്പാട് എന്നിവര്‍ പ്രസംഗിക്കും.
എസ് വൈ എസ് മാനവ സഞ്ചാരം വിജയിപ്പിക്കുന്നതിന് പി ഇബ്റാഹീം ബാഖവി മേല്‍മുറി ചെയര്‍മാനും എം ദുല്‍ഫുഖാര്‍ അലി സഖാഫി കണ്‍വീനറും പി പി മുജീബ്റഹ്മാന്‍ കോര്‍ഡിനേറ്ററുമായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു.