Connect with us

Organisation

എസ് വൈ എസ് മാനവ സഞ്ചാരം നവംബര്‍ 28ന് പത്തനംതിട്ടയിലെത്തും

പത്തനംതിട്ടയിലെത്തുന്ന മാനവ സഞ്ചാരത്തിന്റെ പ്രോഗ്രാമുകള്‍ രാവിലെ നടക്കുന്ന പ്രഭാത സവാരിയോടെയാണ് ആരംഭിക്കുക.

Published

|

Last Updated

പത്തനംതിട്ട| സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണര്‍ത്തലും ലക്ഷ്യമിട്ട് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നവംബര്‍ 28 വ്യാഴാഴ്ച പത്തനംതിട്ടയില്‍ എത്തും. നവംബര്‍16 ന് കാസര്‍കോട്ട് നിന്ന് ആരംഭിച്ച മാനവ സഞ്ചാരം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയാണ് നയിക്കുന്നത്.

യാത്ര ഡിസംബര്‍ 1 ന് തിരുവനന്തപുരത്ത് സമാപിക്കും. സ്‌നേഹവും സാഹോദര്യവും കുറയുന്ന സമൂഹം ദുര്‍ബലമാകുകയും അത് അപകടകരമായ ചലനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമൂഹത്തില്‍ ഊഷ്മളമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയ വിഭജന ആശയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം നടത്തുന്നത്.

പത്തനംതിട്ടയിലെത്തുന്ന മാനവ സഞ്ചാരത്തിന്റെ പ്രോഗ്രാമുകള്‍ രാവിലെ നടക്കുന്ന പ്രഭാത സവാരിയോടെയാണ് ആരംഭിക്കുക. എസ് വൈ എസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് ഏര്‍ളി ബേര്‍ഡ്‌സ് എന്ന പേരിലുള്ള പ്രഭാത നടത്തം സംഘടിപ്പിക്കുന്നത്. രാവിലെ 10ന് യുവജന സംഘടന പ്രതിനിധികള്‍, സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച ടേബിള്‍ ടോക്ക് പത്തനംതിട്ട വൈ എം സിയില്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് പ്രാസ്ഥാനിക സംഗമവും നടക്കും. വൈകീട്ട് 3.30ന് മാനവികതയുടെ സന്ദേശങ്ങളുയര്‍ത്തി സൗഹൃദ നടത്തം ഉണ്ടാകും.

ജനറല്‍ ആശുപത്രി സമീപത്ത് നിന്ന് ആരംഭിച്ച് ഗാന്ധിസ്‌ക്വയര്‍ ചുറ്റി ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിക്കും. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ളവര്‍ സൗഹൃദ നടത്തത്തില്‍ പങ്കുചേരും. വൈകീട്ട് 4 മണിക്ക് നടക്കുന്ന മാനവ സംഗമം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. യാത്രാ നായകന്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി ആമുഖ ഭാഷണം നിര്‍വ്വഹിക്കും.

മലങ്കര കത്തോലിക്കാ സഭ ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്, ശബരിമല നിലയ്ക്കല്‍ മുന്‍ മേല്‍ശാന്തി താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, പ്രമോദ് നാരായണന്‍ എം എല്‍ എ, സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഡിസിസി ജില്ലാ പ്രസിഡന്റ് ഫ്രെ. സതീഷ് കൊച്ചു പറമ്പില്‍, സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശീധരന്‍, കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവും പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാനുമായ ഡോ.പുനല്ലൂര്‍ സോമരാജന്‍, ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍എപ്പിസ് കോപ്പ, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ജെ ജാസിംകുട്ടി എന്നിവര്‍ പ്രസംഗിക്കും.

 

 

 

---- facebook comment plugin here -----

Latest