Connect with us

Kerala

എസ് വൈ എസ് മാനവസഞ്ചാരം: സംസ്ഥാന സാരഥികള്‍ക്ക് മര്‍കസില്‍ സ്വീകരണം നല്‍കി

സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് |  പ്ലാറ്റിനം ഇയറിന്റെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ മാനവ സഞ്ചാരത്തിന് നേതൃത്വം നല്‍കിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികള്‍ക്ക് മര്‍കസില്‍ വരവേല്‍പ്പ് നല്‍കി. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം നാലിന് മര്‍കസ് മസ്ജിദുല്‍ ഹാമിലി പരിസരത്ത് നിന്ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ എസ് വൈ എസ് നേതൃത്വത്തെ സമസ്ത മുശാവറ അംഗങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ശേഷം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ യാത്രാംഗങ്ങളെ ആശീര്‍വദിച്ചു സംസാരിച്ചു. സുന്നി സമൂഹത്തിന്റെ സാമൂഹിക ഇടപെടലുകളില്‍ മാനവസഞ്ചാരം വലിയ പങ്കുവഹിച്ചെന്നും ഭാഗമായ എല്ലാവരും അഭിനന്ദനവും പ്രാര്‍ഥനയും അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി മുഹമ്മദ് യൂസുഫ് സ്വാഗതം ചെയ്തു സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. എസ് വൈ എസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം യാത്ര ഉയര്‍ത്തിപ്പിടിച്ച സന്ദേശം പങ്കുവെച്ചു.

യാത്രാനായകരായ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരെയും സംസ്ഥാന നേതാക്കളെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആദരിച്ചു. പി ടി എ റഹീം എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം ദനീഷ് ലാല്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ് വൈ എസ് നേതൃത്വം യാത്രാനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കിട്ടു.

സ്വീകരണ സംഗമത്തില്‍ വി പി എം ഫൈസി വില്യാപ്പള്ളി, എന്‍ അലി അബ്ദുല്ല, അബ്ദുല്‍ മജീദ് കക്കാട്, ഡോ. അബ്ദുസ്സലാം മുഹമ്മദ്, ജി അബൂബക്കര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബ്ദുസ്സലാം സഖാഫി ദേവര്‍ശോല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ അബ്ദുല്‍ കലാം മാവൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, അബ്ദുറശീദ് നരിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സംബന്ധിച്ചു.

മാനവസഞ്ചാരം ഉയര്‍ത്തിയത് മനുഷ്യനെ ഒന്നിപ്പിക്കാനുള്ള ആശയം : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടും ആശയങ്ങളുമാണ് എസ് വൈ എസ് മാനവസഞ്ചാരത്തെ വ്യത്യസ്തമാക്കിയതെന്ന് സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനവസഞ്ചാരം നായകര്‍ക്ക് മര്‍കസില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരും പ്രമേയവും പോലെ തന്നെ യാത്രയുടെ ഘടനയും ഏറെ മാതൃകാപരമായി. സമൂഹം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് ഈ യാത്രയുണ്ടായത്. മതങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ ചിലകോണുകളില്‍ നടക്കുന്ന വേളയില്‍ അതിനെ തിരുത്താനും സമുദായങ്ങള്‍ക്കിടയിലുള്ള ഐക്യം ശക്തിപ്പെടുത്താനും മാനവസഞ്ചാരത്തില്‍ ഉണ്ടായ ശ്രമങ്ങള്‍ കേരളത്തിന്റെ മത നിരപേക്ഷ മുഖത്തിന് കൂടുതല്‍ തിളക്കമേറ്റും.

മതത്തിലെ മാനവിക മൂല്യങ്ങള്‍ സമൂഹത്തിന് പകരുന്നതില്‍ കേരളത്തിലെ സുന്നി സമൂഹം എക്കാലവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ യുവജനങ്ങള്‍ക്ക് ഒരുപാട് പുതിയ ആശയങ്ങള്‍ സമ്മാനിക്കാനും ലഹരി, വര്‍ഗീയത പോലുള്ള സാമൂഹ്യവിപത്തുകളെ ചെറുക്കാനും ഈ യാത്രയില്‍ ശ്രമങ്ങളുണ്ടായി എന്നറിഞ്ഞു. ഇത് അഭിനന്ദിക്കപ്പെടേണ്ടതുണ്ട് എന്നതിനാലാണ് ഈ സംഗമത്തിന് ഞാന്‍ എത്തിയത്. ഇനിയും ഇത്തരം ശ്രമങ്ങള്‍ തുടരണം -മന്ത്രി പറഞ്ഞു. യുവജന സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തില്‍ മംഗലാപുരത്തെയും ഹരിയാനയിലെയും വര്‍ഗീയ സംഘര്‍ഷ ബാധിത സ്ഥലങ്ങളില്‍ പോയപ്പോള്‍ സമാധാന ശ്രമങ്ങള്‍ക്കായി അവിടെയെത്തിയ കാന്തപുരം ഉസ്താദ് അടക്കമുള്ളവരുടെ ഇടപെടലുകളെ മന്ത്രി പ്രസംഗത്തിനിടെ ഓര്‍ത്തു.

 

Latest