Connect with us

From the print

എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ പ്രഖ്യാപനം 13ന് കൊല്ലത്ത്

ആശ്രാമം മൈതാനത്തിന് സമീപം യൂനുസ് കുഞ്ഞ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,700 പ്രതിനിധികള്‍ പങ്കെടുക്കും.

Published

|

Last Updated

കോഴിക്കോട് | ആദര്‍ശവഴിയില്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന യുവജന പ്രസ്ഥാനമായ എസ് വൈ എസിന്റെ പ്ലാറ്റിനം ഇയര്‍ പ്രഖ്യാപനം ഈ മാസം 13ന് കൊല്ലത്ത് നടക്കും.
ആശ്രാമം മൈതാനത്തിന് സമീപം യൂനുസ് കുഞ്ഞ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,700 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നീളുന്ന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്ലാറ്റിനം ഇയര്‍ പ്രഖ്യാപനം നടത്തും.

മതസാമൂഹിക സംഘടന എന്ന നിലയില്‍ എസ് വൈ എസ് നാട്ടിലെ പൊതുകാര്യങ്ങളില്‍ ഇടപെടുകയും യുവസമൂഹത്തിന്റെ നാനോന്മുഖമായ വളര്‍ച്ചക്കാവശ്യമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന സംഘടനയായ സമസ്ത കേരള സുന്നി യുവജന സംഘം 1954 ഏപ്രില്‍ 24ന് കോഴിക്കോട്ടാണ് രൂപവത്കരിച്ചത്. 1961 ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തിരൂരങ്ങാടി കക്കാട്ട് നടന്ന സമ്മേളനത്തില്‍ സമസ്തയുടെ ഔദ്യോഗിക കീഴ്ഘടകമായി എസ് വൈ എസിന് അംഗീകാരം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചും യുവാക്കളില്‍ രാഷ്ട്രീയബോധ്യങ്ങള്‍ രൂപപ്പെടുത്തിയും കേരളത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യമറിയിക്കാന്‍ ഇതിനകം എസ് വൈ എസിന് സാധിച്ചു. ദേശീയതലത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികളിലേക്ക് സംഘടന പ്രവേശിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യവ്യാപകമായി സമസ്ത നടത്താനുദ്ദേശിക്കുന്ന സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണം ഏറ്റെടുത്ത് എസ് വൈ എസിന്റെ ദേശീയ മുന്നേറ്റം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മുസ്ലിം പ്രശ്നങ്ങളെ സവിശേഷമായി സംബോധന ചെയ്യുമ്പോള്‍ തന്നെ, പൊതുപ്രശ്നങ്ങളില്‍ വ്യക്തതയോടെ പ്രതികരിക്കാന്‍ എസ് വൈ എസിന് സാധിച്ചിട്ടുണ്ട്. പ്ലാറ്റിനം ഇയര്‍ പ്രഖ്യാപനത്തോടെ സംഘടന കേരളത്തിന് പുറത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സ്വാദിഖ് സഖാഫിയും പങ്കെടുത്തു.