Connect with us

Kerala

എസ് വൈ എസ് സാന്ത്വനം എമർജൻസി ടീം അരിച്ചുപെറുക്കി; ഉടമസ്ഥരുടെ കൈകകളിൽ ഭദ്രമാക്കി 50 പവൻ സ്വർണാഭരണം

സന്തോഷ കണ്ണീർ പൊഴിച്ച സിനി സാന്ത്വനം പ്രവർത്തകരോടുള്ള നന്ദിയും രേഖപ്പെടുത്തി

Published

|

Last Updated

കൽപ്പറ്റ| സകലതും തകർത്ത ദുരന്തഭൂമിയിൽ മനുഷ്യപ്പറ്റിന്റെ മറ്റൊരു മുഖമായി മാറുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. ജീവനും ജീവിതമാർഗങ്ങളും ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടവരുടെ ഭൂമിയിൽ അവശേഷിപ്പുകൾ തേടി മോഷ്ടാക്കളെത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

ഈയൊരുദയനീയ അവസ്ഥയിലാണ് ദുരന്തഭൂമിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ അവകാശികളുടെ കൈകളിൽ ഭദ്രമായി എത്തിച്ച് സാന്ത്വനം എമർജൻസി ടീം മാതൃക കാട്ടിയത്. ചൂരൽമല അങ്ങാടിയിൽ താമസിച്ചിരുന്ന സിനിയുടെ 50 പവൻ സ്വർണാഭരണങ്ങളും വാച്ചും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിൽ സാന്ത്വനം പ്രവർത്തകർ കണ്ടെത്തി നൽകി. ആഭരണങ്ങൾ ഇട്ടുവെച്ചിരുന്ന പെട്ടി തുറന്ന് ചളിയോടെ തന്നെ തന്റെ പ്രിയപ്പെട്ട വാച്ച് സിനി കൈയിൽ കെട്ടി. സന്തോഷ കണ്ണീർ പൊഴിച്ച സിനി സാന്ത്വനം പ്രവർത്തകരോടുള്ള നന്ദിയും രേഖപ്പെടുത്തി.

ഇന്നലെ രാവിലെ എട്ട് മുതൽ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ സിനിയോടൊപ്പം തിരച്ചിലിൽ ചേർന്നു. വീടിന്റെ താഴത്തെ നിലയിൽ അടിഞ്ഞ ചെളി മൺവെട്ടി ഉപയോഗിച്ച് നീക്കി സൂക്ഷ്മമായി പരിശോധിച്ച് വൈകിട്ട് മൂന്നോടെ ആഭരണങ്ങൾ കണ്ടെത്തി നൽകുകയായിരുന്നു. ചൂരൽമല അങ്ങാടിയിലാണ് ജോസും ഭാര്യ സിനിയും താമസിച്ചിരുന്നത്. വീട്ടിൽ വെള്ളം ഇരച്ചെത്തിയപ്പോഴാണ് മഹാദുരന്തത്തിന്റെ വിവരം ഇവർ അറിയുന്നത്. ഉടനെ രക്ഷപ്പെട്ട് ഓടുകയായിരുന്നു. താഴത്തെ മുറിയിൽ കിടക്കാൻ പോകുന്നതിന് മുമ്പ് അഴിച്ചുവെച്ചതാണ് ആഭരണങ്ങളും വാച്ചും. കുത്തിയൊലിച്ചെത്തിയ മണ്ണും ചെളിയും വീടിന്റെ താഴത്തെ നിലയിൽ അടിഞ്ഞുകൂടി. ഇതാണ് സാന്ത്വനം പ്രവർത്തകർ നീണ്ട നേരത്തെ ശ്രമത്തിനൊടുവിൽ മാറ്റിയത്. മനുഷ്യശരീരങ്ങൾക്കായി നടത്തുന്ന തിരച്ചിലിനിടെ കണ്ടെത്തുന്ന സ്വർണവും പണവും മറ്റ് അവശേഷിപ്പുകളും രക്ഷാപ്രവർത്തകർ കൃത്യമായി അധികൃതർക്ക് നൽകുന്നുണ്ട്. രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കുന്നുമുണ്ട്.

Latest