Connect with us

Kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളിലെ അസന്തുലിതാവസ്ഥക്കെതിരെ എസ് വൈ എസ് രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കും: ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി

ഉദ്യോഗ-തൊഴില്‍ മേഖലകളില്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികള്‍ക്കും അവസര നീതിക്കായുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും എസ് വൈ എസ് നേതൃത്വം നല്‍കും

Published

|

Last Updated

തൃശൂര്‍ | കേരളത്തിലെ സര്‍ക്കാര്‍ സര്‍ക്കാരേതര മണ്ഡലങ്ങളില്‍ യുവാക്കളുടെ അവസര സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി. തൃശൂരില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്ലാറ്റിനം ചേംബറിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉദ്യോഗ-തൊഴില്‍ മേഖലകളില്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികള്‍ക്കും അവസര നീതിക്കായുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും എസ് വൈ എസ് നേതൃത്വം നല്‍കും. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ ഗുരുതരമായ സാമൂഹിക അസമത്വം നിലനില്‍ക്കുന്നുവെന്ന വിവരങ്ങള്‍ നമ്മുടെ രാഷ്ട്രീയ പരാജയത്തെ സൂചിപ്പിക്കുന്നു. മുസ്ലിം സമുദായം ഈ രംഗത്ത് വലിയ വിവേചനം നേരിടുന്നുണ്ട്. യുവ തലമുറയും ഈ വിവേചനത്തിന്റെ ഇരകളാകാതിരിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. അതേ സമയം, അനര്‍ഹമായത് നേടിയെടുക്കുന്നുവെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉണ്ടാകുന്നു. തീര്‍ത്തും വസ്തുതാ വിരുദ്ധമായ ഇത്തരം പ്രചരണങ്ങള്‍ നമ്മുടെ നാടിന്റെ സാമൂഹിക സൗഹൃദാന്തരീക്ഷത്തെ പരുക്കേല്‍പ്പിക്കുന്നതാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ കേരളത്തിലെ എല്ലാ വിഭാഗം യുവജന സംഘടനകളുമായും സമൂഹവുമായി ചേര്‍ന്ന് രചനാത്മക പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെര്‍മാന്‍മാന്‍ ഡോ. മുഹമ്മദ് ഖാസിമിന്റെ അധ്യക്ഷതയില്‍ കേരളമുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ താഴപ്ര മുഹ് യിദ്ദീന്‍ കുട്ടി മുസ് ലിയാര്‍, പി എസ് കെ മൊയ്തു ബാഖവി മാടവന, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി സ്വാഗതവും എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട് നന്ദിയും പറഞ്ഞു.
‘ ഉത്തരവാദിത്തം ; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം ‘എന്ന പ്രമേയത്തില്‍ എസ് വൈ എസിന്റെ എഴുപതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായാണ് കേരളയുവജന സമ്മേളനം സംഘടിപ്പിക്കുന്നത്. എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളും പദ്ധതികളുമാണ് നടന്നുവരുന്നത്. കേരള യുവജന സമ്മേളനത്തോടെയാണ് പ്ലാറ്റിനം ഇയറിന് സമാപനമാകുക.