Kerala
എസ് വൈ എസ് യുവജന സമ്മേളനത്തിന് തൃശൂരിൽ ഉജ്ജ്വല തുടക്കം
ഉദ്ഘാടന സമ്മേളനം അമേരിക്കന്‍ പണ്ഡിതന്‍ ഡോ. യഹിയ റോഡസ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനം അമേരിക്കന്‍ പണ്ഡിതന്‍ ഡോ. യഹിയ റോഡസ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍ | എസ് വൈ എസ് എഴുപതാം വാർഷിക സമ്മേളനത്തിന് സാംസ്‌കാരിക നഗരിയില്‍ ഉജ്ജ്വല തുടക്കം. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സമ്മേളനത്തിനാണ് സുന്നി യുവത തൃശൂര്‍ ആമ്പല്ലൂരില്‍ ഒത്തുചേരുന്നത്. തൃശൂര്‍-എറണാകുളം ദേശീയ പാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഇന്ന് വൈകുന്നേരം മുതല്‍ ആരംഭിച്ച സമ്മേളനം പ്രൗഢമായി.
കൃത്യം 9900 പേരാണ് സമ്മേളനത്തിന്റെ മുഴു സമയ പ്രതിനിധികള്‍. കുടാതെ, അഞ്ച് ജില്ലകളില്‍ നിന്ന് വീതം 25000 ബഹുജനങ്ങള്‍ ഓരോ ദിവസവും സമ്മേളനം ശ്രവിക്കാനെത്തും.
ഉദ്ഘാടന സമ്മേളനം അമേരിക്കന്‍ പണ്ഡിതന്‍ ഡോ. യഹിയ റോഡസ് ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യാതിഥിയായി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു.
ശനിയാഴ്ച രാവിലെ ആറു മുതല്‍ സമ്മേളന നഗരിയുണരും. നൂറു സ്വബാഹ് എന്ന പേരില്‍ ആത്മീയ സെഷനാണ് ആദ്യം. തുടര്‍ന്ന് ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലൂന്നിയുള്ള നവ കാല ക്രമത്തിനനുസരിച്ച വ്യതിരക്തമായ സെഷനുകളെക്കൊണ്ട് ഈ അനുഗ്രഹീത നഗരി വിരുന്നൊരുക്കും.
ഐഡിയല്‍ കോണ്‍ഫറന്‍സ്, സോഷ്യല്‍ എന്‍ജിനീയറിംഗ്, ധനാത്മക യുവത്വം, അഹ്ലുസ്സുന്ന, യുവ കേരളത്തിന്റെ ഉത്തരവാദിത്വം, പ്രതിലോമ രാഷ്ട്രീയത്തിന്റെ വിശകലനം, മതത്തിന്റെ മധുരാനുഭവങ്ങള്‍ ഇങ്ങനെയുള്ള സെഷനുകള്‍ക്ക് പുറമെ വൈകുന്നേരം 4.30ന് നടക്കുന്ന പൗരവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
ശശി തരൂര്‍ എം പി, അഡ്വ. ഹാരിസ് ബീരാന്‍ എം പി, കെ കെ രാമചന്ദ്രന്‍ എം എല്‍ എ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, വി കെ സനോജ്, അബിന്‍ വര്‍ക്കി, പി കെ ഫിറോസ്, ശേഷം നടക്കുന്ന ഹെറിറ്റേജ് കോണ്‍ഫറന്‍സില്‍ പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന വിവരവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹകീം നഹ തുടങ്ങിയവര്‍ പങ്കെടുക്കും.