From the print
എസ് വൈ എസ് യുവജന സമ്മേളനം: വൈവിധ്യമാർന്ന ചർച്ചകളുടെ രണ്ടാം നാൾ; സമാപനം ഇന്ന്
ധാർമിക യൗവനം ഇന്നലെ അതിരാവിലെ മുതൽ ചിന്തകളുടെ വിഹായസ്സിലായിരുന്നു.

തൃശൂർ | അതിവേഗം മാറുന്ന കാലത്ത് മൂല്യച്യുതിയില്ലാത്ത സാമൂഹിക നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് കേരള യുവജന സമ്മേളനത്തിന്റെ രണ്ടാം നാൾ പ്രകടമായത്. സാങ്കേതികതയുടെ പളപളപ്പിൽ മൂല്യം നശിക്കരുതെന്ന സന്ദേശം. കാലത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം മനുഷ്യപ്പറ്റും ധാർമികതയും നെഞ്ചോടു ചേർത്തേ പറ്റൂവെന്ന പഠനം.
ധാർമിക യൗവനം ഇന്നലെ അതിരാവിലെ മുതൽ ചിന്തകളുടെ വിഹായസ്സിലായിരുന്നു. നൂറുസ്സ്വ ബാഹ് എന്ന പേരിലുള്ള സെഷനോടെ അനങ്ങിത്തുടങ്ങിയ നഗരി രാവ് വൈകുവോളം സർവതല വിഷയങ്ങൾ ചർച്ച ചെയ്തു. വ്യക്തിജീവിതം മുതൽ യോജിപ്പിന്റെ രാഷ്ട്രീയം വരെ നഗരിയിൽ പ്രതിധ്വനിച്ചു. കാലത്തിന്റെ കുത്തൊഴുക്കിലൂടെ മതപാരമ്പ്യങ്ങൾക്കൊപ്പം നവീന ആശയങ്ങൾ തിരുകിക്കയറ്റാനുള്ള നീക്കങ്ങൾക്കെതിരെ സമ്മേളനം മുന്നറിയിപ്പ് നൽകി.
വൈകിട്ട് നടന്ന പൗരാവകാശ സമ്മേളനത്തിന് പ്രതിനിധികളെ കൂടാതെ ബഹുജനങ്ങൾ ഒഴുകിയെത്തി. അഞ്ചായപ്പോഴേക്കും തൃശൂർ ആമ്പല്ലൂരിലെ സമ്മേളനനഗരി നിറഞ്ഞു. പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിന് അടിസ്ഥാനമായ ഭരണഘടന തകർക്കാൻ ഏത് കൊലകൊമ്പൻ വന്നാലും അനുവദിക്കില്ലെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രിയുടെ മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം അവസാനിച്ചത്. ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
അഡ്വ. ഹാരിസ് ബീരാൻ എം പി, കെ കെ രാമചന്ദ്രൻ എം എൽ എ, ഡോ. ഗൾഫാർ മുഹമ്മദലി, ടി എൻ പ്രതാപൻ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഹുസൈൻ സഖാഫി ചുള്ളിക്കോട് സംബന്ധിച്ചു.
കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് വാർത്തെടുത്ത പ്ലാറ്റ്യൂൺ അംഗങ്ങളെ നാടിന് സമർപ്പിക്കുന്നതോടെയാണ് ഇന്നത്തെ സമ്മേളന പരിപാടികൾക്ക് സമാരംഭമാകുന്നത്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പരിശീലനം സ്വായത്തമാക്കിയ ആയിരത്തോളം യുവാക്കൾ ഗ്രാൻഡ് മുഫ്തിയുടെ ആശീർവാദത്തോടെയാണ് ഇന്ന് പ്ലാറ്റിനം അസംബ്ലിയിൽ അണിനിരക്കുക. പ്രബുദ്ധ യൗവനം, ഉലമാ ജീവിതം ധൈഷണിക ആവിഷ്‌കാരങ്ങൾ,
ജനാധിപത്യ ഇന്ത്യയുടെ വർത്തമാനം, സമസ്ത 100 പ്രകാശ വർഷങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും. “സാമൂഹിക പ്രവർത്തനത്തിന്റെ രചനാത്മകത’ സെഷൻ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
സ്വതന്ത്ര ചിന്തയുടെ രാഷ്ട്രീയം, എത്തിക്കൽ കോൺഫറൻസ് എന്നിവയും നടക്കും. സംഘടനയുടെ ദിശ വ്യക്തമാക്കുന്ന പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നടത്തും.
“കേരളത്തിന് സഞ്ചാര സ്വാതന്ത്ര്യമുണ്ട്’, “പലായന സമൂഹം’, “പരിവർത്തന കാലം’, “മിനിമലിസം’, “ആശയം പ്രയോഗം’, “കേരള മുസ്‌ലിം ചരിത്രം: വിഭവങ്ങളും പരിമിതികളും’ എന്നിവ ഇന്ന് നടക്കുന്ന സെഷനുകളിൽ ചിലതാണ്.
ഉത്തരവാദിത്വം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലൂന്നി ഒരു വർഷമായി നടത്തുന്ന ക്യാമ്പയിനിന് സമാപനം കുറിച്ച് വെള്ളിയാഴ്ച ആരംഭിച്ച കേരള യുവജന സമ്മേളനം തൃശൂരിൽ ഇന്ന് രാത്രി പത്തോടെ അവസാനിക്കും.