Kerala
എസ് വൈ എസ് യുവജന സമ്മേളനം: നഗരി ഉണര്‍ന്നു; സമ്മേളനം ഇന്ന് ഡോ. യഹ്യ റോഡസ് ഉദ്ഘാടനം ചെയ്യും
സമ്മേളനത്തിന്റെ ഭാഗമായുള്ള പൗരാവകാശ സമ്മേളനം ശനിയാഴ്ച (ഡിസം: 28) വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തൃശൂര്‍ | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന് നഗരി ഉണര്‍ന്നു. പ്രൗഢമായ അഞ്ച് വേദികളിലായി 120 സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്റോറിക്കല്‍ ഇന്‍സൈറ്റ്, യംഗ് ഇന്ത്യ നാഷനല്‍ സെമിനോസിയം, സാംസ്‌കാരിക സംവാദങ്ങള്‍ എന്നിവ യുവജന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
വിദ്യാഭ്യാസത്തിന്റെ വികസന കരിക്കുലം, ഭൂമിയുടെ അവസ്ഥയും അവകാശികളും, ഗതാഗത മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രവാസ ലോകത്തെ വിഷയങ്ങള്‍ തുടങ്ങിയവ ഫ്യൂച്ചര്‍ കേരള സമ്മിറ്റില്‍ ചര്‍ച്ച ചെയ്യും. കേരള മുസ്‌ലിം ചരിത്രമാണ് ഹിസ്റ്റോറിക്കല്‍ ഇന്‍സൈറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം.
നാളെ (ഡിസം: 27, വെള്ളി) വൈകീട്ട് നാലിന് പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ ഡോ. യഹ്യ റോഡസ് യുവജന സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിക്കും. റവന്യൂ-ഭവന നിര്‍മാണ മന്ത്രി കെ രാജന്‍, ബെന്നി ബെഹനാന്‍ എം പി, ഉത്തര്‍ പ്രദേശ് മുന്‍മന്ത്രി നവീന്‍കുമാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എം മുഹമ്മദ് സ്വാദിഖ് പ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പൗരാവകാശ സമ്മേളനം ശനിയാഴ്ച (ഡിസം: 28) വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണവും അഡ്വ. ഹാരിസ് ബീരാന്‍ എം പി പ്രഭാഷണവും നടത്തും. കെ കെ രാമചന്ദ്രന്‍ എം എല്‍ എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി സംബന്ധിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന ഹെറിറ്റേജ് കോണ്‍ഫറന്‍സ് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. ഡോ. റജബ് സെന്‍തുര്‍ക്ക് തുര്‍ക്കിയ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹകീം നഹ, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ ഏഴിന് ‘ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ നടക്കുന്ന സെഷനോടെയാണ് രണ്ടാം ദിനത്തില്‍ നഗരി ഉണരുക. തുടര്‍ന്ന് സോഷ്യല്‍ എന്‍ജിനീയറിംഗ്, ജനാധിപത്യത്തിലെ പൗര പ്രതിനിധാനങ്ങള്‍ സെഷനുകള്‍ നടക്കും. രാവിലെ 10ന് ധനാത്മക യുവത്വം വിഷയത്തില്‍ ഡോ. ശശി തരൂര്‍ എം പി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ‘യുവ കേരളത്തിന്റെ ഉത്തരവാദിത്തം’ ചര്‍ച്ചയില്‍ യുവജന സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. പ്രതിലോമ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം, മതത്തിന്റെ മധുരാനുഭവങ്ങള്‍ സെഷനുകള്‍ കൂടി നടക്കും.
ദേശീയ-അന്തര്‍ദേശീയ വ്യക്തികള്‍, വിദഗ്ധര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പണ്ഡിതന്മാര്‍ എന്നിവര്‍ 29 വരെ നടക്കുന്ന സമ്മേളനത്തില്‍ അതിഥികളായെത്തും. കേരളത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്ന ഫ്യൂച്ചര്‍ കേരള സമ്മിറ്റ് ശനിയും (ഡിസം: 28) ഞായറും (ഡിസം: 29) നടക്കും. 28ന് രാവിലെ 10.30ന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ് ശാഫി പറമ്പില്‍ എം പിയും ഉദ്ഘാടനം ചെയ്യും.