t20worldcup
ടി20 ലോകകപ്പ്; ബഡാ അഫ്ഗാൻ
സ്‌കോട്‌ലാന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് 130 റൺസ് ജയം

ഷാർജ | ടി20 ലോകകപ്പിൽ സ്‌കോട്‌ലാന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് 130 റൺസ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലാന്‍ഡ് 10.2 ഓവറിൽ 60 റൺസെടുത്ത് ആൾ ഔട്ടാകുകയായിരുന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ- 190/4, സ്കോട്്ലാൻഡ്- 60/ആൾഔട്ട്(10.3 ഓവർ).
മിന്നലായി അഫ്ഗാൻ
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാന് വേണ്ടി ഹസ്‌റത്തുല്ല സസായിയും മുഹമ്മദ് ഷഹ്‌സാദുമാണ് ഓപൺ ചെയ്തത്. തകർപ്പൻ തുടക്കമാണ് ഓപണർമാർ ടീമിന് നൽകിയത്. സസായിയും ഷഹ്‌സാദും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ 5.1 ഓവറിൽ അഫ്ഗാൻ 50 കടന്നു.
എന്നാൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ പിന്നാലെ ഷഹ്‌സാദ് പുറത്തായി. ഷഹ്‌സാദിന് പകരം റഹ്മാനുല്ല ഗുർബാസ് ക്രീസിലെത്തി. റഹ്മാനുല്ലയെ കൂട്ടുപിടിച്ച് സസായി വെടിക്കെട്ട് പ്രകടനം തുടർന്നു. എന്നാൽ പത്താം ഓവറിലെ അഞ്ചാം പന്തിൽ സസായി (44)യെ ക്ലീൻ ബൗൾഡാക്കി മാർക്ക് വാട്ട് നിർണായക വിക്കറ്റ് സ്വന്തമാക്കി.
സസായിക്ക് പകരം നജീബുല്ല സദ്രാൻ ക്രീസിലെത്തി. സദ്രാനും റഹ്മാനുല്ലയും ചേർന്ന് 12.1 ഓവറിൽ ടീം സ്‌കോർ നൂറ് കടത്തി. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇരുവരും തകർപ്പൻ ഫോമിലേക്കുയർന്നു. എന്നാൽ 46 റൺസെടുത്ത റഹ്മാനുല്ലയെ ജോഷ് ഡാവി കൈൽ കോട്‌സറുടെ കൈയിലെത്തിച്ചു. റഹ്മാനുല്ലക്ക് പകരം നായകൻ മുഹമ്മദ് നബിയാണ് ക്രീസിലെത്തിയത്. നാല് പന്തുകളിൽ നിന്ന് 11 റൺസെടുത്ത് നബി പുറത്താകാതെ നിന്നു. സദ്രാൻ (59) അവസാന പന്തിൽ പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലാന്‍ഡിനായി ജോർജ് മുൻസേ (25) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
അഫ്ഗാനിസ്ഥാനായി മുജീബുർറഹ്്മാൻ അഞ്ചും റാശിദ് ഖാൻ നാലും വിക്കറ്റുകൾ സ്വന്തമാക്കി.