Connect with us

Ongoing News

ടി 20 ലോകകപ്പ് ഫൈനൽ ഇന്ന്; കുട്ടിക്രിക്കറ്റിൽ ഇന്ത്യ കപ്പുയർത്തുമോ?

ഇന്ന് രാത്രി എട്ടിനാണ് അതിവേഗ ക്രിക്കറ്റിന്റെ കലാശപ്പോര്.

Published

|

Last Updated

ബ്രിഡ്ജ്ടൗൺ | വെസ്റ്റിൻഡീസിലെ ബാർബഡോസ് കെൻസിങ്ടൺ ഓവലിൽ കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ് ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ആരുയർത്തും ടി20 ലോകകപ്പ് കിരീടം എന്ന് മാത്രം അറിഞ്ഞാൽ മതി. നാളെ രാവിലെ ആരാകും ലോകകപ്പിൽ ഉമ്മ വച്ചു ഉണരുന്നത്? രോഹിത് ശർമയോ എയ്ദൻ മാർക്രമോ? ലോകം ഉറ്റു നോക്കുകയാണ്. ഇന്ന് രാത്രി എട്ടിനാണ് അതിവേഗ ക്രിക്കറ്റിന്റെ കലാശപ്പോര്.

കപിൽ ദേവിനും മഹേന്ദ്ര സിംഗ് ധോണിക്കും മാത്രം സാധ്യമായ രാജപദവിയിലേക്കാണ് രോഹിത് കണ്ണുനട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് കൈവിട്ട് വിതുമ്പിയ ക്യാപ്റ്റന് ഇത്തവണ ഇല്ലെങ്കിൽ പിന്നെ ഒരിക്കലും ഇല്ലെന്നറിയാം. ടി20യിൽ 2007 ലെ ആദ്യ പതിപ്പിൽ മാത്രമാണ് ഇന്ത്യ കിരീടം ചൂടിയത്. 2011ൽ പിന്നീട് വൺഡേ ക്രിക്കറ്റ് ലോകകിരീടം ചൂടിയെങ്കിലും പിന്നീട് അതൊരു കിട്ടാക്കനിയായി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനൽ ആണിത്.

ഇരു ടീമിനും കരുത്തുറ്റ നിര തന്നെയുണ്ട്. ഇന്ത്യ വിരാട് കോലി, ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറാ, കുൽദീപ് യാദവ് എന്നിവരിൽ പ്രതീക്ഷ അർപ്പിക്കുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹർദിക്ക് പാണ്ഡ്യ എന്നിവരും ഏതു നിമിഷവും തിളങ്ങാൻ കഴിവുള്ളവരാണ്.

അതേസമയം ദക്ഷിണാഫ്രിക്കൻ ടീമിൽ കൂറ്റനടിക്കാരായ ഡി കോക്ക്, ഹെൻഡ്രിച്ച് ക്ലാസ്സൻ, ഡേവിഡ് മില്ലർ, എയ്ദാൻ മാർക്രം എന്നിവരാണ് പ്രതീക്ഷ. തബ്രിസ് ഷംസി, തകിസൊ റബാദ എന്നിവർ ബൗളിങ്ങിലെ മിന്നും താരങ്ങളാണ്.

കോടികളാണ് വിജയികളെ കാത്തിരിക്കുന്നത്. ലോക കിരീടം ഉയർത്തുന്നവർക്ക് 2.5 മില്യൺ യുഎസ് ഡോളറാണ് ലഭിക്കാൻ പോകുന്നത്. ഏകദേശം 21 കോടി രൂപ. രണ്ടാം സ്ഥാനക്കാർക്ക് 1.4 മില്യൺ ലഭിക്കും. ഏകദേശം 11 കോടിയോളം ഇന്ത്യൻ രൂപ.

അഫ്ഗാനിസ്ഥാൻ- ഇംഗ്ലണ്ട് മത്സരത്തിൽ വിജയിക്കുന്ന മൂന്നാം സ്ഥാനക്കാർക്ക് ഏഴ് കോടിയോളം രൂപയും സമ്മാനത്തുകയായി ലഭിക്കും. രണ്ടാം റൗണ്ടിൽ പുറത്തായ ടീമുകൾക്ക് 3.18 കോടി രൂപയാണ് സമ്മാനം. 9 മുതൽ 12 വരെയുള്ള സ്ഥാനക്കാർക്ക് രണ്ടുകോടി രൂപ വീതവും മറ്റുള്ള ടീമുകൾക്ക് 1.8 കോടി രൂപ വീതവും സമ്മാനമായി ലഭിക്കും. ഇതിനുപുറമേ ലോകകപ്പിലെ ഓരോ മത്സരവും വിജയിച്ച ടീമുകൾക്ക് അഡീഷണൽ ആയി ഓരോ മാച്ചിനും 26 ലക്ഷം രൂപ വീതവും ലഭിക്കും.

Latest