Connect with us

International

ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 7 റൺസിന്

Published

|

Last Updated

ബാര്‍ബഡോസ് |അതെ, രോഹിത് ശർമയും സംഘവും അത് നേടിയിരിക്കുന്നു. ഏറെ കാലമായി നാം കാത്തിരുന്ന ലോക കിരീടം. അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശമൊഴുകിയ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പിൽ ഒരിക്കൽ കൂടി രാജാക്കന്മാരായി. ഇന്ത്യയുടെ രണ്ടാം ടി20 ലോക കിരീടം. 2007ൽ ഉദ്ഘാടന പതിപ്പിൽ എം എസ് ധോണിയാണ് ഇന്ത്യക്ക് ആദ്യ കിരീടം സമ്മാനിച്ചത്. അന്നത്തെ ഇന്ത്യൻ ടീമിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുമുണ്ടായിരുന്നു. അതേസമയം, ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കിരീടം നേടാൻ ഇനിയും കാത്തിരിക്കണം.

ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 16.1 ഓവറിൽ 151 റൺസ് നേടി ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അതിവേഗം മുന്നേറവേ 27 പന്തിൽ 52 റൺസെടുത്ത ഹെൻറിച് ക്ലാസ്സനെ പുറത്താക്കി ഹാർദിക് പാണ്ഡ്യയാണ് കളിയിൽ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ (17 പന്തിൽ 21) പുറത്താക്കാൻ സൂര്യകുമാർ യാദവെടുത്ത അത്യുജ്ജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

അവസാന ഓവറിൽ 16 റൺസായിരുന്നു ദക്ഷിണാഫ്രിക്കൻ ലക്ഷ്യം. എന്നാൽ ഈ ഓവറിൽ ഹാർദിക് പാണ്ഡ്യ എട്ട് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ദക്ഷിണാഫ്രിക്കക്കു വേണ്ടി ക്വിന്റൺ ഡി കോക്ക് (31 പന്തിൽ 39), ട്രിസ്റ്റൻ സ്റ്റബ്‌സ് (21 പന്തിൽ 31) റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. അർഷ്്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു.

രക്ഷകരായത് കോലിയും അക്ഷറും

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. 59 പന്തിൽ നിന്ന് 76 റൺസെടുത്ത വിരാട് കോലിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് കരുത്തു പകർന്നത്. രണ്ട് സിക്‌സും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. 31 പന്തിൽ 47 റൺസെടുത്ത അക്ഷർ പട്ടേലിന്റെ ഇന്നിംഗ്‌സും നിർണായകമായി.

തകർപ്പൻ തുടക്കത്തിന് ശേഷം ഇന്ത്യ അടിപതറുന്ന കാഴ്ചയായിരുന്നു തുടക്കത്തിൽ. മാർകോ യാൻസെന്റെ ആദ്യ ഓവറിൽ കോലി നേടിയ മൂന്ന് ബൗണ്ടറിയുൾപ്പെടെ ഇന്ത്യ 15 റൺസെടുത്തു. കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തും രോഹിത് ശർമ ബൗണ്ടറി കടത്തി. എന്നാൽ, നാലാം പന്തിൽ രോഹിത് വീണു. സ്‌ക്വയർ ലെഗിൽ ക്ലാസ്സന് ക്യാച്ച് നൽകി മടങ്ങുമ്പോൾ അഞ്ച് പന്തിൽ ഒൻപത് റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. അവസാന പന്തിൽ ഋഷഭ് പന്ത് (പൂജ്യം) കിന്റൺ ഡി കോക്കിന് ക്യാച്ച് നൽകി മടങ്ങി.

ടി20 ലോകകപ്പ് ഫൈനലിൽ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനാണ് പന്ത്. സിക്‌സർ നേടാനുള്ള ശ്രമത്തിനിടെ സൂര്യകുമാർ യാദവും (മൂന്ന്) വീണതോടെ ഇന്ത്യ 4.3 ഓവറിൽ മൂന്ന് വിക്കറ്റിന് 34 റൺസെന്ന നിലയിൽ പതറി. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്ഷർ പട്ടേലും കോലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സ് പതിയെ കെട്ടിപ്പെടുത്തു. വമ്പനടികൾക്ക് മുതിരാതെ സിംഗിളുകളും ഡബിളുകളും നേടി തുടക്കത്തിൽ സ്‌കോർ ചലിപ്പിച്ച ഇരുവരും അവസാന ഘട്ടത്തിൽ ഗിയർ മാറ്റി. ഇരുവരും ചേർന്ന് 54 പന്തിൽ 72 റൺസ് കൂട്ടിച്ചേർത്തു. 13.1 ഓവറിൽ ഇന്ത്യ 100ലെത്തി.

ഇതിനിടെ, അക്ഷർ ഡി കോക്കിന്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി. അക്ഷറിന്റെ അശ്രദ്ധയാണ് ഔട്ടിലേക്ക് നയിച്ചത്. നാല് സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു അക്ഷറിന്റെ ഇന്നിംഗ്‌സ്. അഞ്ചാം വിക്കറ്റിൽ കോലിയും ദുബെയും ചേർന്ന് 33 പന്തിൽ 57 റൺസ് നേടി. ഇതിനിടെ കോലി 48 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. കോലിയുടെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ച്വറിയാണിത്. 2016 ഐ പി എല്ലിൽ റൈസിംഗ് പുണെ സൂപ്പർ ജയന്റ്‌സിനെതിരെ 47 പന്തിൽ 50 നേടിയതായിരുന്നു ഇതുവരെയുള്ള വേഗം കുറഞ്ഞ ഫിഫ്റ്റി.

163ൽ നിൽക്കെ കോലിയെ യാൻസന്റെ പന്തിൽ റബാഡ പിടിച്ചു പുറത്താക്കി. വൈകാത ദുബെയും മടങ്ങി. ഹാർദിക് പാണ്ഡ്യ അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ട് റൺസെടുത്ത രവീന്ദ്ര ജഡേജ അവസാന പന്തിൽ പുറത്തായി.

ദക്ഷിണാഫ്രിക്കക്കു വേണ്ടി ആർറിച് നോർക്കിയ, കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീതവും യാൻസൻ, റബാഡ ഓരോ വിക്കറ്റും വീഴ്ത്തി.

Latest