Ongoing News
ടി 20 ലോകകപ്പ്: മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍, ഉള്‍പ്പെടുത്തിയത് ബുംറക്ക് പകരം
അടുത്ത സന്നാഹ മത്സരത്തിനു മുമ്പായി ഷമി ടീമിനൊപ്പം ചേരും.

ന്യൂഡല്‍ഹി | ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. പരുക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരമാണ് മുഹമ്മദ് ഷമിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്ന് ബി സി സി ഐ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലോകകപ്പ് റിസര്‍വ് ടീമില്‍ ഷമിയെ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. അടുത്ത സന്നാഹ മത്സരത്തിനു മുമ്പായി ഷമി ടീമിനൊപ്പം ചേരും.
ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ട് കുറച്ചു കാലമായി. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമില്‍ ഷമി ഉണ്ടായിരുന്നില്ല. ഇതിനുശേഷം നടന്ന ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളിലും കളിച്ചിരുന്നില്ല. ഇതിനിടെ കൊവിഡ് ബാധിതനാവുകയും ചെയ്തു.
പുറംവേദന ഭേദപ്പെട്ട ശേഷമാണ് ബുംറ ആസ്ത്രേലിയക്കെതിരെ ടി 20 പരമ്പരയില്‍ കളിച്ചത്. എന്നാല്‍, ഇതോടെ പുറംവേദന വീണ്ടും രൂക്ഷമായി അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാര്‍ ആറു മാസം വിശ്രമവും പ്രത്യേക പരിചരണവും നിര്‍ദേശിച്ചു. ഉതോടെയാണ് താരം ലോകകപ്പ് സംഘത്തില്‍ നിന്നും പുറത്തായത്.