Connect with us

Ongoing News

ടി20 ലോകകപ്പിന് ജൂണ്‍ ഒന്നിന് തുടക്കം; വെസ്റ്റിന്‍ഡീസും അമേരിക്കയും വേദികള്‍

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ രാഷ്ട്രമായ അമേരിക്ക കാനഡയെ നേരിടും.

Published

|

Last Updated

ന്യൂഡല്‍ഹി | ഐ സി സി ടി20 ലോകകപ്പ് ടൂര്‍ണമെന്റ്-2024ന് ജൂണ്‍ ഒന്നിന് തുടക്കമാകും. ടി20 ലോകകപ്പിന്റെ ഒമ്പതാം എഡിഷനില്‍ 55 മത്സരങ്ങളാണ് ഒമ്പത് മൈതാനങ്ങളിലായി നടക്കുക. വെസ്റ്റിന്‍ഡീസും അമേരിക്കയുമാണ് ഇത്തവണത്തെ ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ രാഷ്ട്രമായ അമേരിക്ക കാനഡയെ നേരിടും.

41 മത്സരങ്ങളാണ് വെസ്റ്റിന്‍ഡീസിലെ ആറ് ദ്വീപുകളിലായി അരങ്ങേറുക. സെമി ഫൈനല്‍ മത്സരങ്ങള്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും ഗയാനയിലുമായി നടക്കും. ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് കലാശപ്പോരാട്ടം. ന്യൂയോര്‍ക്ക്, ഡള്ളാസ്, മിയാമി എന്നിവിടങ്ങളിലാണ് അമേരിക്കയിലെ മത്സരങ്ങള്‍. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുക അമേരിക്കന്‍ മണ്ണിലാണെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ആകെയുള്ള നാല് ഗ്രൂപ്പുകളില്‍ പാക്കിസ്ഥാനൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ. യു എസ് എ, കാനഡ, അയര്‍ലന്‍ഡ് എന്നിവയാണ് ഗ്രൂപ്പിലെ ഇതര ടീമുകള്‍. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ്, ആതിഥേയരായ വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട. പാപ്പുവ ന്യൂഗിനിയ എന്നിവയും ഡിയില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍ എന്നിവയുമാണ് ഉള്‍പ്പെടുന്നത്.

ഓരോ ഗ്രൂപ്പിലും പോയിന്റ് നിലയില്‍ ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ സിക്‌സിലേക്കു പ്രവേശിക്കും.

ഇന്ത്യ-പാക് അങ്കം ജൂണ്‍ ഒമ്പതിന്
ബദ്ധവൈരികളായ പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ജൂണ്‍ ഒമ്പതിനാണ് പാക്കിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. 12ന് യു എസുമായും 15ന് കാനഡയുമായുമാണ് ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.