Connect with us

National

തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഓര്‍മയായി

നാലുതവണ ഗ്രാമി അവാര്‍ഡ് നേടിയ സംഗീത പ്രതിഭ  അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയി യിലാണ് അന്തരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) ഓര്‍മയായി.  നാലുതവണ ഗ്രാമി അവാര്‍ഡ് നേടിയ സംഗീത പ്രതിഭ  അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയി യിലാണ് അന്തരിച്ചത്. ഇന്നലെ രാത്രി മരണ വാര്‍ത്ത പുറത്തു വന്നെങ്കിലും പുലര്‍ച്ചയോടെയാണ് കുടുംബം മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

തബലയിലെ മാന്ത്രിക വിരലുകള്‍ കൊണ്ട് ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ സംഗീത പാരമ്പര്യത്തെ അദ്ദേഹം ഉയര്‍ത്തി. സംഗീത സംവിധായകന്‍, താളവാദ്യ വിദഗ്ധന്‍, സംഗീത നിര്‍മ്മാതാവ്, ചലച്ചിത്ര നടന്‍ തുടങ്ങി അനേകം മേഖലകളില്‍ അദ്ദേഹം ജ്വലിച്ചു നിന്നു. അതുല്യ തബല വാദകനായ അല്ലാ രാഖയുടെ മൂത്ത മകനാണ്. എക്കാലത്തെയും മികച്ച തബല വാദകരില്‍ ഒരാളായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു.

1988ല്‍ പത്മശ്രീ , 2002-ല്‍ പത്മഭൂഷണ്‍ , 2023-ല്‍ പത്മവിഭൂഷണ്‍ എന്നിവ അദ്ദേഹത്തിന് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കി ആദരിച്ചു . 2009 ഫെബ്രുവരി 8 ന് 51-ാമത് ഗ്രാമി അവാര്‍ഡുകള്‍ക്കായി , മിക്കി ഹാര്‍ട്ട്, ജിയോവാനി ഹിഡാല്‍ഗോ എന്നിവരുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ഡ്രം പ്രോജക്റ്റിന് സമകാലിക ലോക സംഗീത ആല്‍ബം വിഭാഗത്തില്‍ ഹുസൈന്‍ ഗ്രാമി നേടി .

1990-ല്‍ ഗവണ്‍മെന്റിന്റെ സംഗീത നാടക അക്കാദമി അവാര്‍ഡ് , സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2018-ല്‍ രത്ന സദ്സ്യ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു . 1999-ല്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് ലഭിച്ചു. ഹുസൈന് ഏഴ് ഗ്രാമി അവാര്‍ഡ് നോമിനേഷനുകളും നാല് വിജയങ്ങളും ലഭിച്ചു. 2024 ഫെബ്രുവരിയില്‍ അദ്ദേഹത്തിന് മൂന്ന് ഗ്രാമി ലഭിച്ചു.

സാക്കിര്‍ ഹുസൈന്‍ അല്ലാരക ഖുറേഷി 1951 മാര്‍ച്ച് 9 ന് ഇന്ത്യയിലെ പഴയ ബോംബെയില്‍ ജനിച്ചു. മാഹിമിലെ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ പഠിച്ച അദ്ദേഹം മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് ബിരുദം നേടി.

ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് അമേരിക്കയിലെ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ച ആദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നുവെന്ന് സുഹൃത്തും പുല്ലാങ്കുഴല്‍ വാദകനുമായ രാകേഷ് ചൗരസ്യനേരത്തെ അറിയിച്ചിരുന്നു.

രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അലട്ടിയ അദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് കുടുംബം അറിയിച്ചിരുന്നു.

 

Latest