articles
താജുശ്ശരീഅഃ അലിക്കുഞ്ഞി മുസ്്ലിയാർ: അറിവും വിനയവും മേളിച്ച പണ്ഡിതൻ
വലിയ വിനയാന്വിതനായിരുന്നു അദ്ദേഹം. കുട്ടികളോട് പോലും വിനയത്തോടെ മാത്രം സംസാരിക്കുന്ന, ഇടപഴകുന്നയാളായിരുന്നു.

സദ്സ്വഭാവം, വിനയം, തഖ്്വ, തദ്്രീസ്.. ഇതെല്ലാം ഒരുമിച്ചുകൂടിയ മാതൃകായോഗ്യനായ പണ്ഡിതനായിരുന്നു താജുശ്ശരീഅഃ അലിക്കുഞ്ഞി മുസ്്ലിയാർ. വലിയ വിനയാന്വിതനായിരുന്നു അദ്ദേഹം. കുട്ടികളോട് പോലും വിനയത്തോടെ മാത്രം സംസാരിക്കുന്ന, ഇടപഴകുന്നയാളായിരുന്നു. ധാരാളം ശിഷ്യന്മാരെ ദർസിലൂടെ വാർത്തെടുത്തിട്ടുണ്ട്. ശിഷ്യന്മാരോട് വളരെ പ്രിയവും സ്‌നേഹവും കാത്തുസൂക്ഷിച്ചു. സ്റ്റേജിൽ പ്രസംഗിക്കാൻ പറഞ്ഞാൽ അൽപ്പനേരം മാത്രം സംസാരിക്കുകയും സദസ്സ് നോക്കി അവർക്ക് അനുയോജ്യമായ വിഷയം അവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. സദസ്സ് പെട്ടെന്ന് പിരിയേണ്ടതാണെങ്കിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞവസാനിപ്പിക്കും. നീട്ടിപ്പറഞ്ഞ് ആളുകൾക്ക് മുഷിപ്പുണ്ടാക്കില്ല. കിതാബ് മുത്വാലഅ ചെയ്യുന്നതിലും വലിയ തത്പരനായിരുന്നു.
ഏകദേശം 1964 മുതലാണ് അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നത്. പിന്നീട് എഴുപതുകളുടെ തുടക്കത്തിൽ ഞാൻ മുശാവറ അംഗമാവുകയും ചെയ്തു. അന്ന് മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചുവരുന്നവരായിരുന്നു. സമസ്തയിലെ പുനഃസംഘടനക്ക് ശേഷവും ഈ ബന്ധം ശക്തമായി തുടർന്നു. വഫാത്താകുമ്പോൾ അദ്ദേഹം സമസ്തയുടെ ഉപാധ്യക്ഷനായിരുന്നു. ഞങ്ങൾ പരസ്പരം വലിയ സ്‌നേഹവും ബഹുമാനവുമാണ് പുലർത്തിയിരുന്നത്.
ഇൽമ് എവിടെ നിന്നും ശേഖരിക്കാൻ മടിയില്ലായിരുന്നു അദ്ദേഹത്തിന്. മക്കത്ത് ഹജ്ജിന്റെ വേളയിൽ എന്റെ ക്ലാസ്സിൽ അദ്ദേഹം വന്നിരിക്കുമായിരുന്നു. ഹറമിൽ ബാബുൽ ഉംറയുടെ നേരെയുള്ള തൂണിന് സമീപം മഗ്്രിബ് മുതൽ ഇശാഅ് വരെ ഈളാഹ് ക്ലാസ്സെടുക്കാറുണ്ടായിരുന്നു ഞാൻ. നേരത്തേ മക്കയിൽ താമസമാക്കി ഹറമിൽ ദർസ് നടത്താനുള്ള അനുമതി ലഭിച്ച ഒരാളായിരുന്നു കേരളക്കാരനായ മുഹമ്മദ് മുസ്്ലിയാർ. എന്നാൽ ഹാജിമാർ വർധിച്ച് കൂടുതൽ ശബ്ദമിടേണ്ട സാഹചര്യം വന്നപ്പോൾ പ്രായമായ അദ്ദേഹം ആ ചുമതല എന്നെ ഏൽപ്പിക്കുകയായിരുന്നു. അന്ന് കപ്പലിലാണ് ഹജ്ജിന് പോയിരുന്നത്. അതുകൊണ്ട് ഒരു മാസത്തിലധികം കാലം അവിടെ താമസിക്കാൻ അനുവാദം ലഭിക്കുമായിരുന്നു. ആ സമയമത്രയും അവിടെ ദർസ് നടത്താൻ ഭാഗ്യമുണ്ടായി.
എസ് വൈ എസിന്റെ ഹജ്ജ് അമീറായി ഒരിക്കൽ ഷിറിയ ഉസ്താദിനെ തിരഞ്ഞെടുത്തിരുന്നു. ആ യാത്രയിൽ അദ്ദേഹത്തോടൊപ്പം അറഫയിലും മിനയിലുമെല്ലാം അടുത്തടുത്ത കിടക്കകളിൽ തന്നെ വിശ്രമിക്കുകയും കൂടുതൽ കാര്യങ്ങൾ ചർച്ച നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. സമസ്ത പുനഃസംഘടനക്കു മുമ്പ് കാസർകോട് തളങ്കരയിൽ സുലൈമാൻ ഹാജിയുടെ വീട്ടിൽ ഒരാഴ്ചയിലധികം നീണ്ട വലിയ പണ്ഡിത ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മർഹൂം ഇ കെ ഹസൻ മുസ്്ലിയാർ, വാണിയമ്പലം അബ്ദുർറഹ്്മാൻ മുസ്്ലിയാർ തുടങ്ങിയ പണ്ഡിത മഹത്തുക്കളായിരുന്നു അന്നവിടെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് അതിന്റെ സംഘാടനത്തിൽ മുന്നിൽ നിന്ന ആളായിരുന്നു അലിക്കുഞ്ഞി ഉസ്താദ്.
തമ്മിൽ കാണുമ്പോൾ എപ്പോഴും വളരെ സ്‌നേഹം കാണിക്കും. ഒരുമിച്ചു നടക്കേണ്ടിവരുമ്പോൾ എന്റെ പിന്നിലേ നടക്കൂ. ഞാൻ എത്ര നിർബന്ധിച്ചാലും പിന്നിലേ നടക്കൂ. ഉസ്താദിന്റെ വലിയ വിനയമാണ് ഇത് കാണിക്കുന്നത്. മുതഅല്ലിമീങ്ങളോടും സാധാരണക്കാരോടും പാവപ്പെട്ടവരോടുമുള്ള നിറഞ്ഞ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിൽ ഞാൻ കണ്ട പ്രത്യേകതകളിൽ പ്രധാനം. വിനയവും അറിവും തഖ്്വയുമുള്ള ഒരുപാട് പണ്ഡിതരെ ഷിറിയ ഉസ്താദ് സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു തർബിയത്ത്. ആ മാതൃക ഏവർക്കും പിൻപറ്റാൻ തക്ക യോഗ്യമാണുതാനും.