Connect with us

Health

കരുതണം രക്തസമ്മർദം

സമീകൃതാഹാരവും കൃത്യമായ വ്യായാമവും ശീലമാക്കുകയും മാനസിക സമ്മർദങ്ങൾ നിയന്ത്രിക്കുകയും ചെയ്യാൻ സാധിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ സമൂഹത്തെ ആരോഗ്യ രംഗത്ത് മികവുറ്റതാക്കാം.

Published

|

Last Updated

ആരോഗ്യരംഗത്ത് നമ്മുടെ കൊച്ചു കേരളം മുൻപന്തിയിലാണ് നിൽക്കുന്നത്. നിർഭാഗ്യവശാൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ശരിയായ വ്യായാമമില്ലായ്മയും നമ്മുടെ സമൂഹത്തെ രോഗാതുരമാക്കിക്കൊണ്ടിരിക്കുകയാണ്. നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മർദം അതിൽ പ്രധാനപ്പെട്ട ഒന്നാണ്.
ഹൃദയത്തിൽ നിന്നും ധമനികൾ വഴിയാണ് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നത്. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോൾ അതിന്റെ ഭിത്തിയിൽ ഏൽപ്പിക്കുന്ന സമ്മർദമാണ് രക്തസമ്മർദം. ഹൃദയം സങ്കോചിച്ച് രക്തത്തെ ധമനികളിലേക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദത്തെ സിസ്റ്റോലിക് രക്തസമ്മർദമെന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനി മർദത്തെ ഡയസ്റ്റോലിക് മർദമെന്നും വിളിക്കുന്നു.
രക്തസമ്മർദം കൂടാനുള്ള കാരണങ്ങൾ
1) പാരമ്പര്യ ഘടകങ്ങൾ
2) വൈകാരിക അസ്വസ്ഥതകൾ
3) മാനസിക സമ്മർദം
4) പൊണ്ണത്തടി
5) പുകവലി
6) കിഡ്നി സംബന്ധമായ അസുഖങ്ങൾ
7) അഡ്രെനാൽ മുഴകൾ
8) രക്തത്തിന്റെ ഉയർന്ന വിസ്കോസിറ്റി
രക്തസമ്മർദത്തെ മൂന്നായി തരംതിരിക്കാം
1) മിതമായ രക്തസമ്മർദം (120 -139/ 80 – 89 mmHg) ശരീര ഭാരം നിയന്ത്രിക്കുകയും സോഡിയത്തിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുക.
2) ബോഡർലൈൻ രക്തസമ്മർദം(140/ 90 mmHg)
ന്യൂട്രീഷ്യൻ തെറാപ്പിയെ ബീറ്റാ ബ്ലോക്കറുകൾ എന്ന നിലയിൽ മരുന്നുകൾ പിന്തുണക്കുന്നു.

3)രക്തസമ്മർദം (above 140/ 90 mmHg)
ഭക്ഷണ ചികിത്സ, ബീറ്റാ ബ്ലോക്കറുകൾ എന്നിവക്കൊപ്പം പെരിഫറൽ വാസോഡിലേറ്ററുകളും നൽകുന്നു.
ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദം 120/ 80 മില്ലി മീറ്റർ മെർക്കുറി എന്നു സൂചിപ്പിക്കുന്നു. പ്രായപൂർത്തിയായവരിൽ 130/85 മില്ലി മീറ്റർ മെർക്കുറി. പ്രായം കൂടുന്നതിനനുസരിച്ചു സിസ്റ്റോളിക്കും ഡയസ്റ്റോളിക്കും ഉയർന്ന് 140 / 90 നു മുകളിൽ ആയാൽ രക്താതിസമ്മർദം എന്നു പറയുന്നു.
നമ്മുടെ ആരോഗ്യം നിലനിർത്തുന്ന സുപ്രധാന ഘടകമാണ് ഭക്ഷണം. പക്ഷേ, മിക്ക രോഗങ്ങളുടെയും മൂലകാരണവും ഭക്ഷണമാണ്. നമ്മുടെ ദൈനംദിന പ്രവൃത്തികൾക്കാവശ്യമായ ഊർജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്.

ഒരു വ്യക്തിയുടെ പ്രായത്തിനും ജീവിത ശൈലിക്കും അനുസൃതമായി ആനുപാതിക പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് സമീകൃതാഹാരം. അതുകൊണ്ട് തന്നെ സമീകൃതാഹാരവും ശരിയായ ഉറക്കവും വ്യായാമവും മാനസിക സമ്മർദങ്ങളും നിയന്ത്രിക്കാൻ നാം ശീലിക്കുക.
ധാന്യങ്ങളും പയറുവർഗങ്ങളും ഒന്നിച്ചു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പോഷകമൂല്യം കൂട്ടുന്നു.

പലതരം ധാന്യങ്ങൾ ചേർന്ന പലഹാരങ്ങൾ ശീലമാക്കുക. ദിവസവും ഒരു ഗ്ലാസ്സ് പാൽ കുടിക്കുക. ആഴ്ചയിൽ മൂന്ന് – നാല് മുട്ട ഉൾപ്പെടുത്തുകയും തൊലി നീക്കിയ ചിക്കൻ, ബീഫ്, മട്ടൻ എന്നിവ പരിമിതപ്പെടുത്തുകയും ചെയ്യുക.
കടൽമത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പയറുവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് പോഷകമൂല്യം കൂട്ടുന്നു.
ഇലക്കറികളും വിവിധ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പാചകത്തിനുപയോഗിക്കുന്ന എണ്ണ പരിമിതപ്പെടുത്തുക. വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങൾ ശീലമാക്കുക. ദിവസവും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. കൂടാതെ ജങ്ക് ഫുഡ്ഡുകളുടെയും ശീതളപാനീയങ്ങളുടെയും ഉപയോഗം പരമാവധി കുറക്കുക.

ഒരു പ്ലേറ്റ് നാലായി തിരിച്ചാൽ അതിൽ 40 ശതമാനം പച്ചക്കറികളും 10 ശതമാനം പഴവർഗങ്ങളും 25 ശതമാനം തവിടോടുകൂടിയ ധാന്യങ്ങളും 25 ശതമാനം പ്രോട്ടീൻ അടങ്ങിയ മത്സ്യം, ഇറച്ചി, മുട്ട, പയറുവർഗങ്ങൾ എന്ന ക്രമത്തിൽ ശീലമാക്കുക.
രക്തസമ്മർദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്തുക.
2. പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ധാരാളം ഉൾപ്പെടുത്തുക.
3. ഓമെഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറുമത്സ്യങ്ങൾ (അയല, മത്തി ) കറി വെച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. കൊഴുപ്പുനീക്കിയ പാൽ, തൈര് എന്നിവ ഉൾപ്പെടുത്തുക.
5. അമിതവണ്ണം നിയന്ത്രിക്കുക.
6. കൃത്യമായ വ്യായാമം ശീലമാക്കുക.
7. വീട്ടിലുണ്ടാക്കുന്ന അച്ചാറുകൾ, പപ്പടം, ഉണക്ക മത്സ്യം, കൊണ്ടാട്ടം മുതലായവ നിയന്ത്രിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

അജിനോമോട്ടോ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ, ബേക്കിംഗ് പൗഡർ, സോഡിയം ബൈ കാർബണേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ അടങ്ങിയ ബിസ്ക്കറ്റ്, ബ്രെഡ്, കേക്ക്, റെസ്ക്, അച്ചാറുകൾ, ടിന്നിലടച്ച ഭക്ഷണ പദാർഥങ്ങൾ, ചിപ്പ്സ്, കേച്ചപ്പ്, സോസ്, ചീസ്, പീനട്ട്, ബട്ടർ, നെയ്യ്, വനസ്പതി, ഉണക്ക മത്സ്യം എന്നിവ ഒഴിവാക്കുക. കൂടാതെ ശീതള പാനീയങ്ങൾ ഉദാ. കാർബാണേറ്റഡ്, എയറേറ്റഡ് ഡ്രിങ്ക്സ് എന്നിവയും ഒഴിവാക്കുക.
സമീകൃതാഹാരവും കൃത്യമായ വ്യായാമവും ശീലമാക്കുകയും മാനസിക സമ്മർദങ്ങൾ നിയന്ത്രിക്കുകയും ചെയ്യാൻ സാധിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ സമൂഹത്തെ ആരോഗ്യ രംഗത്ത് മികവുറ്റതാക്കാം. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം.

കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം കാസർകോട് കേരള

---- facebook comment plugin here -----

Latest