Connect with us

Ongoing News

പ്രതിഭ മാത്രമല്ല ലോക നെറുകയിലെത്തിച്ചത്; ഗുകേഷിനുമുണ്ടൊരു കഥ പറയാന്‍

ചെന്നൈയില്‍ ജനിച്ച് ലോക ചാമ്പ്യന്‍ പദവിയിലേക്കുള്ള ഗുകേഷിന്റെ യാത്ര ഓരോ പടവുകളിലും ഒപ്പം നിന്ന കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയുടെയും കൂടി കഥയാണ്.

Published

|

Last Updated

പ്രതിഭാധനരായ ഓരോ വ്യക്തിക്കും പിന്നില്‍ മഹനീയമായ ഒരു ജീവചരിത്രമുണ്ടാകുമെന്ന് പറയാറുണ്ട്. പതിനെട്ടുകാരനായ ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷിനെ സംബന്ധിച്ച് ഇത് ഒരു സംശയത്തിനും ഇടയില്ലാത്ത യാഥാര്‍ഥ്യമാണ്. ചെന്നൈയില്‍ ജനിച്ച് ലോക ചാമ്പ്യന്‍ പദവിയിലേക്കുള്ള ഗുകേഷിന്റെ യാത്ര ചെസ്സിനോടുള്ള അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയ്ക്കു പുറമെ താരത്തിന്റെ മുന്നോട്ടുള്ള ഓരോ പടവുകളിലും ഒപ്പം നിന്ന കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയുടെയും കൂടി കഥയാണ്.

ഇന്ന് ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായതോടെ ഗുകേഷ് ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, കടന്നുവന്ന വഴികള്‍ക്കുള്ള ആദരം നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. ഗുകേഷിന്റെ ജീവിത വേരുകളിലേക്ക് ഒന്നു പോയി നോക്കാം.

ഗതികോര്‍ജം നല്‍കി കരുക്കള്‍ നീക്കിയ മാതാപിതാക്കള്‍
2006 മെയ് 29ന് ഡോക്ടര്‍ ദമ്പതിമാരായ രജനികാന്തിന്റെയും പത്മയുടെയും മകനായാണ് ഗുകേഷ് ജനിച്ചത്. രജനികാന്ത് ഇ എന്‍ ടി സര്‍ജനും പത്മ മൈക്രോബയോളജിസ്റ്റുമാണ്. മകന് ചെസ്സില്‍ അഭിവൃദ്ധി ഉറപ്പു വരുത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി തങ്ങളുടെ കരിയറില്‍ നിന്ന് പിന്നാക്കം പോകാന്‍ വരെ ആ മാതാപിതാക്കള്‍ തയ്യാറായി. ടൂര്‍ണമെന്റുകളില്‍ അനുഗമിക്കുന്നതും കടുത്ത പരിശീലന കാലയളവില്‍ അതിനുള്ള അനുകൂല സാഹചര്യമൊരുക്കുന്നതിനായി തങ്ങളുടെ ജീവിതചര്യ ക്രമീകരിക്കുന്നതുമെല്ലാം അതില്‍ ഉള്‍പ്പെട്ടു. അവര്‍ സദാ മകനൊപ്പമുണ്ടായിരുന്നു എന്ന് ചുരുക്കം.

തന്റെ വൈകാരിക ഇച്ഛാശക്തിയുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും സുദൃഢമായ ഉറവിടം മാതാപിതാക്കളാണെന്ന് ഗുകേഷ് പറയുന്നതില്‍ തെല്ലും വിസ്മയിക്കാനില്ല. ഉപദേശവും പിന്തുണയും വൈകാരിക പരിശീലനവും നല്‍കുന്നതിലെല്ലാം മാതാവ് പത്മ പ്രത്യേകിച്ച് വലിയ പങ്കാണ് വഹിച്ചത്. വന്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന സമയത്തും ദൂരത്തിരുന്നു പോലും വലിയ പ്രോത്സാഹനം നല്‍കുന്നതിനും ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചു.

ഏഴാം വയസ്സില്‍ തുടങ്ങിയ ചെസ്സ് പ്രയാണം
ഏഴാം വയസ്സില്‍ തന്നെ ലോക ചെസ്സിലേക്കുള്ള പ്രയാണം ഗുകേഷ് ആരംഭിച്ചിരുന്നു. സ്‌കൂളിലെ ചെസ്സ് പരിശീലകനായിരുന്ന വി ഭാസ്‌കര്‍ ഗുകേഷിനെ വേളമ്മല്‍ സ്‌കൂളിലെ ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുപ്പിച്ചു. ഗുകേഷിന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററായി ഗുകേഷ് മാറുമ്പോള്‍ വെറും 12 വയസ്സും ഏഴ് മാസവുമായിരുന്നു പ്രായം. റെക്കോര്‍ഡ് സൃഷ്ടിച്ച് ഗുകേഷ് ഇന്ത്യന്‍ ചെസ്സ് സമൂഹത്തില്‍ തിരമാലകളുയര്‍ത്തി. അതൊരു തുടക്കം മാത്രമായിരുന്നു. തന്റെ കഴിവുകള്‍ കൂടുതല്‍ കൂടുതല്‍ മികവിലേക്കെത്തിക്കുന്നതിനായി മികച്ച പരിശീലകരെയും ആവശ്യമായ വിഭവങ്ങളും കുടുംബം ഉറപ്പുവരുത്തി.

ഉദിച്ചുയര്‍ന്ന താരം: ഡി ഗുകേഷിന്റെ റെക്കോര്‍ഡ് നേട്ടങ്ങള്‍
കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ്-2024ല്‍ ജേതാവാകുന്ന പ്രായം കുറഞ്ഞ താരമായി. ഇതോടെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള യോഗ്യത നേടി. 2022ല്‍ അന്നത്തെ ലോക ചാമ്പ്യനായിരുന്ന ചെസ്സ് ഇതിഹാസം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഗുകേഷ് ചെസ്സ് ലോകത്തെ ഞെട്ടിച്ചു.

സ്വന്തം പ്രതിഭയുടെ തിളക്കം മാത്രമല്ല, അവന്‍ മഹത്തായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കെല്‍പ്പുള്ളവനാണെന്ന് ബോധ്യമുണ്ടായിരുന്ന ഒരു കുടുംബത്തിന്റെ പിന്തുണയും സ്‌നേഹവും പ്രോത്സാഹനവും കൂടിയാണ് ഗുകേഷ് ലോകത്തിന്റെ നെറുകയിലെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയാനാകും.

Latest