Afghanistan crisis
പഞ്ചശീര്‍ കൈയ്യടക്കിയെന്ന് താലിബാന്‍; നിയന്ത്രണത്തിലുണ്ടെന്ന് വടക്കന്‍ സഖ്യം
പ്രതിരോധ സൈന്യത്തിന്റെ നേതാക്കളായ അമറുല്ല സലേഹ്, അഹമ്മദ് മസൂദ് എന്നിവര്‍ താജിക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്നാണ് താലിബാന്റെ അവകാശവാദം
കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ താലിബാന് കീഴ്‌പ്പെടാതെ പൊരുതിക്കൊണ്ടിരുന്ന പഞ്ചശീറില്‍ ആധിപത്യം നേടിയതായി താലിബാന്‍ അവകാശപ്പെട്ടു. തങ്ങളില്‍ നിന്ന് രക്ഷപ്പെട്ട അവസാന ശത്രുക്കളുടെ ഒളിത്താവളമായി പഞ്ചശീറും പിടിച്ചടക്കിയതായി താലിബാന്‍ വക്താവ് അറിയിക്കുകയായിരുന്നു. പുതിയ വിജയത്തോടെ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും സമാധാനവും ഉണ്ടാവുമെന്ന് താലിബാന്‍ അവകാശപ്പെട്ടു. 1991 മുതല്‍ 2006 വരെയുള്ള താലിബാന്‍ ഭരണത്തിനെതിരെ പോരാടിയവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും പുതിയ താലിബാന് ഭരണത്തിന് കീഴല്‍ ഉണ്ടാവുകയില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു.
പ്രതിരോധ സൈന്യത്തിന്റെ നേതാക്കളായ അമറുല്ല സലേഹ്, അഹമ്മദ് മസൂദ് എന്നിവര്‍ താജിക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്നാണ് താലിബാന്റെ അവകാശവാദം. എന്നാല്‍, താലിബാന്റെ വാദങ്ങള്‍ തെറ്റാണെന്ന് പ്രതിരോധ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞു. പ്രവിശ്യയുടെ തന്ത്ര പ്രധാനമായ എല്ലായിടങ്ങളിലും പ്രതിരോധ സൈന്യമുണ്ടെന്ന് അഹമ്മദ് മസൂദ് അവകാശപ്പെട്ടു.
അഫ്ഗാന്‍ സേനയിലെ മുന്‍ സൈനികര്‍, പ്രത്യേക സേനാ അംഗങ്ങള്‍, പ്രദേശിക യുദ്ധ പോരാളികള്‍ എന്നിവര്‍ അടങ്ങിയതാണ് മസൂദിന്റെ നേതൃത്വത്തിലുള്ള വടക്കന്‍ സേന. ഇരുപത് വര്‍ഷത്തെ അധിനിവേശത്തിനൊടുവില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയപ്പോള്‍ രാജ്യം കൈക്കലാക്കിയ താലിബാനെതിരെ ശക്തമായ പോരാട്ടം തുടരുന്നത് പഞ്ചശീര്‍ മാത്രമാണ്.
അതിനിടെ, സര്‍ക്കാര്‍ രൂപീകരണത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാദത്തെ താലിബാന്‍ തള്ളിക്കളഞ്ഞു. ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനം ഉണ്ടാകുമെന്ന് താലിബാന്‍ വക്താക്കള്‍ അറിയിച്ചു. ഹൈബത്തുള്ള അഖുന്‍ഡ്‌സാദയെ രാജ്യത്തിന്റെ പരമോന്നത തലവന്‍ ആയി നിയമിക്കുന്നതില്‍ ഹഖ്വാനി വിഭാഗത്തിന് എതിര്‍പ്പുള്ളതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം വൈകുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.