Afghanistan crisis
വഴിനീളെ തടസ്സങ്ങൾ സൃഷ്ടിച്ച് താലിബാൻ; ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തില്‍
വിവിധ ഘട്ടങ്ങളിലായാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.
കാബൂള്‍ / ന്യൂഡല്‍ഹി | താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന നടപടികള്‍ തടസ്സപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. താലിബാന്‍ വഴിമധ്യേ സൃഷ്ടിച്ചിരിക്കുന്ന തടസ്സങ്ങള്‍ കാരണം ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുകയാണ്. സുരക്ഷാ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
വിവിധ ഘട്ടങ്ങളിലായാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെട്ട 70 അംഗ സംഘത്തെയാണ് ആദ്യം മടക്കിക്കൊണ്ടുവരിക. ഇവരെ ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാനുള്ള സി 17 വിമാനം കാബൂളില്‍ എത്തിയെങ്കിലും യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്ന് ആദ്യ സംഘത്തെ വിമാനത്താവളത്തില്‍ എത്തിക്കാന സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരാണ് യാത്രാസംഘത്തിലുള്ളത്.