International
കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍
ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്ന നിര്‍ദ്ദേശം താലിബാന്‍ നല്‍കിയത്
ന്യൂഡല്‍ഹി| കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍. ഇന്ത്യയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന നിര്‍ദ്ദേശവും താലിബാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ ഐഎസില്‍ ചേര്‍ന്ന 25 ഇന്ത്യക്കാരില്‍ ജീവിച്ചിരിക്കുന്നവര്‍ മടങ്ങാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇവര്‍ മടങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കാന്‍ 43 വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീര്‍ണ്ണമായപ്പോള്‍ ഇന്ത്യ നാല് കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇന്ത്യ അറിയിച്ചിട്ടില്ല.
ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്ന നിര്‍ദ്ദേശം താലിബാന്‍ നല്‍കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റും സല്‍മ ഡാമും നിര്‍മ്മിച്ച ഇന്ത്യ, റോഡ് നിര്‍മ്മാണത്തിലും പങ്കാളിയാണ്. ഈ സഹകരണം തുടരണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താലിബാന്‍ നിര്‍ദ്ദേശത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.