Afghanistan crisis
പഞ്ചശീര്‍ പിടിച്ചെടുത്തതായി താലിബാന്‍; നിയന്ത്രണത്തിലുണ്ടെന്ന് വടക്കന്‍ സഖ്യം
തങ്ങളുടെ പിടിയിലായ താലിബാന്‍ ഭീകരരില്‍ കൂടുതല്‍ പേരും മറ്റ് രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണെന്നും അതില്‍ കൂടുതലും പാകിസ്ഥാനില്‍ നിന്നും ഉള്ളവരാണെന്നും വടക്കന്‍ സഖ്യം അറിയിച്ചു

കാബൂള്‍ | പഞ്ചശീരില്‍ താലിബാനും വടക്കന്‍ സഖ്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍ പ്രവിശ്യയുടെ തലസ്ഥാനത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്‍ അറിയിച്ചു.
അതേസമയം താലിബാന്റെ അവകാശവാദം വടക്കന്‍ സഖ്യം തള്ളി. താലിബാന്‍ പിടിച്ചെടുത്ത പര്യാന്‍ ജില്ലയുടെ നിയന്ത്രണം തിരിച്ചു പിടിച്ചതായി അവര്‍ അറിയിച്ചു. പഞ്ചശീരില്‍ മേധാവിത്വമുണ്ടെന്ന് ഇരുപക്ഷവും അവകാശപ്പെട്ടു.
പഞ്ചശീറില്‍ ബസ്രാക്കില്‍ മാത്രമാണ് തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധത്തെ നേരിടേണ്ടിവന്നതെന്ന് താലിബാന്‍ വക്താക്കള്‍ അറിയിച്ചു. വടക്കന്‍ സഖ്യത്തിന്റെ കയ്യിലുണ്ടായിരുന്ന പോര്‍ ഉപകരണങ്ങള്‍ തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു.
എന്നാല്‍ തങ്ങള്‍ താലിബാന് കീഴ്‌പ്പെട്ടിട്ടില്ലെന്നും അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു ജില്ല തിരിച്ചു പിടിച്ചെന്നും വടക്കന്‍ സഖ്യം അവകാശപ്പെട്ടു. 1000 ത്തിലേറെ താലിബാന്‍ ഭീകരര്‍ പര്യാനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വടക്കന്‍ സഖ്യത്തിന്റെ വക്താക്കള്‍ അറിയിച്ചു. താലിബാന് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. തങ്ങളുടെ പിടിയിലായ താലിബാന്‍ ഭീകരരില്‍ കൂടുതല്‍ പേരും മറ്റ് രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണെന്നും അതില്‍ കൂടുതലും പാകിസ്ഥാനില്‍ നിന്നും ഉള്ളവരാണെന്നും വടക്കന്‍ സഖ്യം അറിയിച്ചു.